വില്യം ബാർ യുഎസ് അറ്റോർണി ജനറൽ

വില്യം ബാർ

വാഷിങ്ടൻ ∙ കാൽ നൂറ്റാണ്ട് മുൻപ് അറ്റോർണി ജനറൽ ആയിരുന്ന വില്യം ബാറിനെ (68) വീണ്ടും നിയമിക്കാൻ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നിർദേശം. ജോർജ് എച്ച്. ഡബ്ല്യു. ബുഷ് പ്രസിഡന്റായിരുന്ന കാലത്ത് 1991 മുതൽ ’93 വരെയാണ് അദ്ദേഹം മുൻപ് ഈ പദവി വഹിച്ചത്. ട്രംപ് വിജയിച്ച 2016ലെ തിരഞ്ഞെടുപ്പിൽ റഷ്യൻ ഇടപെടലുണ്ടായെന്ന ആരോപണത്തിന്മേലുള്ള അന്വേഷണത്തിന്റെ മേൽനോട്ടം ഇതോടെ വില്യം ബാറിന്റെ ചുമതലയിലായി. ഈ അന്വേഷണത്തിൽനിന്നു പിന്മാറിയതിനെ തുടർന്നു നിലവിലുള്ള അറ്റോർണി ജനറൽ ജെഫ് സെഷൻസിനെ ട്രംപ് ഒരു മാസം മുൻപു പുറത്താക്കിയിരുന്നു.

ട്രംപിന് അനുകൂലമായി റഷ്യൻ ഇടപെടൽ ഉണ്ടായെന്ന ഇന്റലിജൻസ് റിപ്പോർട്ടിനെ തുടർന്ന് അന്വേഷണം നടത്തിയ എഫ്ബിഐ ഡയറക്ടർ ജെയിംസ് കോമിയെ കഴിഞ്ഞ വർഷം ട്രംപ് പുറത്താക്കിയിരുന്നു. ട്രംപിന്റെ നടപടിയെ വില്യം ബാർ പിന്തുണയ്ക്കുകയും ചെയ്തു. റഷ്യൻ ഇടപെടലുണ്ടായെന്ന ആരോപണം തുടക്കം മുതൽ നിഷേധിച്ചുവരുന്ന ട്രംപിനെ പൂർണമായി പിന്തുണയ്ക്കുന്നയാളാണു ബാർ. ബാറിന്റെ നിയമനം ഇനി അടുത്ത മാസം കൂടുന്ന സെനറ്റ് അംഗീകരിക്കണം. ട്രംപിന്റെ റിപ്പബ്ലിക്കൻ പാർട്ടിക്കാണു സെനറ്റിൽ ഭൂരിപക്ഷം.