ഓസ്പ്രേ വിമാനത്തിൽ പറന്ന് മെലനിയ ചരിത്രമെഴുതി

മെലനിയ ട്രംപ്

വാഷിങ്ടൻ ∙ യുഎസ് സേനാവിമാനമായ വി 22 ഓസ്പ്രേയിൽ പറന്ന ആദ്യ പ്രഥമവനിതയായി മെലനിയ ട്രംപ്. വാഷിങ്ടനിൽ നിന്ന് വിർജീനിയയിലേക്കായിരുന്നു മെലനിയയുടെ യാത്ര. മെലനിയയെ കൊണ്ട് വിമാനവാഹിനിക്കപ്പലായ യുഎസ്എസ് എച്ച്.ഡബ്ല്യു ബുഷിൽ കുത്തനെ പറന്നിറങ്ങിയ വിമാനം അങ്ങനെ തന്നെ ടേക്ക് ഓഫും ചെയ്തു. ഹെലികോപ്റ്റർ പോലെ പറന്നുയരാനും ഇറങ്ങാനും കഴിയുള്ള വിമാനമാണ് വി 22 ഓസ്പ്രേ. ഗംഭീര അനുഭവമെന്നായിരുന്നു ഇതേക്കുറിച്ച് മെലനിയയുടെ ട്വീറ്റ്. ഇരു സേനാതാവളങ്ങളിലെയും സൈനികരുമായും മെലനിയ ആശയവിനിമയം നടത്തി.

ബെൽ ബോയിങ് വി22 ഓസ്പ്രെ

ഹെലികോപ്റ്റർ പോലെ പറന്നുയരാനും ലാൻഡ് ചെയ്യാനും കഴിയുന്ന ടിൽറ്റ്റോട്ടർ (Tiltrotor) വിഭാഗത്തിൽ പെട്ട യുദ്ധവിമാനമാണ് വി–22 ഓസ്പ്രേ. ഒരേസമയം, ഹെലികോപ്റ്ററിന്റെയും വിമാനത്തിന്റെയും ഗുണങ്ങളുണ്ട്. 1980 ൽ ഇറാനിലെ യുഎസ് എംബസിയിൽ വിദ്യാർഥികൾ ബന്ദികളാക്കിയവരെ മോചിപ്പിക്കാൻ അമേരിക്കൻ സേന നടത്തിയ ശ്രമം പരാജയപ്പെട്ടതിനെ തുടർന്നാണ് വി 22 ന്റെ പിറവി. ദീർഘദൂരം പറക്കാനും ഹെലികോപ്റ്ററിനെപ്പോലെ ഇറങ്ങാനും സാധിക്കുന്ന വിമാനം വേണമെന്ന നിർദേശമനുസരിച്ച് യുഎസ് കമ്പനികളായ ബെൽ ഹെലികോപ്റ്ററും ബോയിങ്ങും സംയുക്തമായാണ് ഇതു വികസിപ്പിച്ചത്. 1989 മാർച്ച് 19ന് ആയിരുന്നു ആദ്യപറക്കൽ. 2007 ൽ യുഎസ് സേനയുടെ ഭാഗമായി.