ചരക്കുവണ്ടി കൂകിപ്പാഞ്ഞു; ചൈനയിൽ നിന്ന് ലണ്ടനിലേക്ക്

ചൈനയിൽ നിന്നു ലണ്ടനിലേക്കു തിരിച്ച ട്രെയിൻ. പീപ്പിൾസ് ഡെയ്‍ലി ട്വിറ്ററിൽ പോസ്റ്റ് ചെയ്ത ചിത്രം.

ലണ്ടൻ ∙ ട്രെയിൻ യാത്രയുടെ ചരിത്രത്തിൽ പുതിയ ഒരധ്യായം. ചൈനയുടെ കിഴക്കൻ പ്രവിശ്യയായ സിജിയാങ്ങിൽനിന്നു ലണ്ടനിലേക്ക് ചരക്കുതീവണ്ടി പുതുവൽസര ദിനത്തിൽ കന്നിയാത്ര ആരംഭിച്ചു. പേരുകേട്ട മൊത്തവ്യാപാര ചന്തയായ യിവുവിൽനിന്നു ലണ്ടൻവരെ ട്രെയിൻ എത്താൻ 18 ദിവസം കൊണ്ട് 12,000 കിലോമീറ്റർ പിന്നിടണം.

കസഖ്സ്ഥാൻ, റഷ്യ, ബെലാറസ്, പോളണ്ട്, ജർമനി, ബെൽജിയം, ഫ്രാൻസ് എന്നീ രാജ്യങ്ങൾ കടന്നാണ് ട്രെയിൻ ലണ്ടനിൽ എത്തുക. യൂറോപ്പുമായുള്ള വ്യാപാരബന്ധം ശക്തിപ്പെടുത്തുകയാണ് ചൈനയുടെ ലക്ഷ്യം. 200 കണ്ടെയ്നറുകൾ വഹിക്കാനുള്ള ശേഷിയുള്ള ട്രെയിനിൽ തുണിത്തരങ്ങൾ, ബാഗുകൾ, സ്യൂട്ട്കേസുകൾ എന്നിവയാണ് ആദ്യയാത്രയിൽ അയ‌ച്ചിരിക്കുന്നത്.

ചൈനയുമായുള്ള ബന്ധം സ്വർണത്തിളക്കത്തോടെ നിലനിൽക്കുന്നുവെന്നു ബ്രിട്ടിഷ് പ്രധാനമന്ത്രി തെരേസ മേ പറഞ്ഞു. യൂറോപ്യൻ യൂണിയൻ വിടാൻ ബ്രിട്ടൻ നടപടികൾ സ്വീകരിച്ചുകൊണ്ടിരിക്കെ, ചൈനയിൽനിന്ന് വൻനിക്ഷേപം ആകർഷിക്കാനാണ് മേയുടെ ശ്രമം. 2014ൽ ചൈനയിൽനിന്നു സ്പെയിനിലെ മാഡ്രിഡിലേക്കു ചരക്കുതീവണ്ടി സർവീസ് ആരംഭിച്ചിരുന്നു.