Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കൊടുത്തത് കോടികൾ, തിരിച്ചുകിട്ടിയത് ചതിയും നുണയും; പാക്കിസ്ഥാൻ ചതിച്ചെന്ന് ട്രംപ്

USA-TRUMP/

വാഷിങ്ടൻ/ ഇസ്‌ലാ‌മാബാദ്∙ എക്കാലവും പാക്കിസ്ഥാനു താങ്ങും തണലുമായി നിന്നിരുന്ന യുഎസ് കടുത്ത പാക്ക് വിരുദ്ധ നിലപാടിലേക്ക്. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പാക്കിസ്ഥാനെതിരെ അതിശക്തമായ ഭാഷയിൽ പ്രതികരിച്ചതോടെ, അവരെ സമാധാനിപ്പിക്കുന്നതിനുള്ള നടപടികളിലേക്കു ഗത്യന്തരമില്ലാതെ നീങ്ങുകയാണു പാക്കിസ്ഥാൻ. മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരനും ഭീകരസംഘടനയായ ലഷ്കറെ തയിബയുടെ സ്ഥാപകനുമായ ഹാഫിസ് സയീദ് നേതൃത്വം നൽകുന്ന രണ്ടു ജീവകാരുണ്യ സംഘടനകളുടെ നിയന്ത്രണം പാക്ക് സർക്കാർ ഉടൻ ഏറ്റെടുത്തേക്കുമെന്നാണ് റിപ്പോർട്ടുകൾ.

ജമാഅത്തുദ്ദഅവ (ജെയുഡി), ഫലാ ഇ ഇൻസാനിയത് ഫൗണ്ടേഷൻ (എഫ്ഐഎഫ്) എന്നിവയാണിവ. കഴിഞ്ഞ 15 വർഷത്തിനിടെ 3300 കോടി ഡോളറിന്റെ (2,14,500 കോടി രൂപ) സഹായം നൽകിയിട്ടും പാക്കിസ്ഥാനിൽ നിന്നു യുഎസിനു തിരികെ ലഭിച്ചതു നുണയും വഞ്ചനയുമല്ലാതെ മറ്റൊന്നുമല്ലെന്നായിരുന്നു ട്രംപിന്റെ ആരോപണം. ഇത് ഇനി നടപ്പില്ലെന്നും ട്രംപ് തുറന്നടിച്ചു. ആരോപണം വന്നതിനു പിന്നാലെ പാക്ക് പ്രധാനമന്ത്രി ഷഹീദ് ഖകാൻ അബ്ബാസിയെ വിദേശകാര്യമന്ത്രി ഖ്വാജ ആസിഫ് സന്ദർശിച്ചു. ട്രംപിന്റെ ആരോപണത്തിനു മറുപടി നൽകുമെന്നും യാഥാർഥ്യം ലോകത്തെ അറിയിക്കുമെന്നും ആസിഫ് പറഞ്ഞു.

പാക്കിസ്ഥാനുള്ള 22.5 കോടി ഡോളറിന്റെ സഹായം യുഎസ് തടഞ്ഞുവച്ചേക്കുമെന്നു ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തതിനു തൊട്ടുപിന്നാലെയാണു പാക്കിസ്ഥാനെതിരെ ഇതുവരെയുണ്ടായിട്ടുള്ളതിൽ വച്ച് ഏറ്റവും ശക്തമായ ഭാഷയിൽ ട്രംപിന്റെ ആക്രമണം. പ്രസിഡന്റിന്റെ ട്വിറ്റർ സന്ദേശത്തെ അഫ്ഗാനിസ്ഥാൻ സ്വാഗതം ചെയ്തു. ഹാഫിസ് സയീദിനെ പാക്കിസ്ഥാൻ സ്വതന്ത്രനാക്കി വിട്ടിരിക്കുന്നതിനെതിരെ കഴിഞ്ഞ നവംബറിൽ യുഎസ് ആരോപിച്ചിരുന്നു.

ഒരു കോടി ഡോളർ തലയ്ക്കു വിലയിട്ടിട്ടുള്ള സയീദിനെ ഉടൻ പിടികൂടി വിചാരണ ചെയ്യണമെന്നും ആവശ്യപ്പെട്ടു. ഭീകരതയ്ക്കെതിരായ പോരാട്ടത്തിൽ സഹകരിച്ചില്ലെങ്കിൽ പാക്കിസ്ഥാനെതിരെ കർശനമായ നടപടിയുണ്ടാകുമെന്ന് ഓഗസ്റ്റിൽ പുതിയ ദക്ഷിണേഷ്യാ നയം പ്രഖ്യാപിച്ചപ്പോഴും ട്രംപ് മുന്നറിയിപ്പു നൽകി. ക്രിസ്മസിനു തൊട്ടുമുൻപ് അഫ്ഗാനിസ്ഥാൻ സന്ദർശിച്ച യുഎസ് വൈസ് പ്രസിഡന്റ് മൈക്ക് പെൻസും ഇന്ത്യയ്ക്കെതിരെ ഭീകരരെ ഒരുക്കിവിടുന്നതിൽ പാക്കിസ്ഥാനെ വിമർശിച്ചിരുന്നു.

സയീദിനെതിരെ പാക്ക് ഭരണകൂടം നടപടിയെടുക്കണമെന്ന് ഇന്ത്യയും വർഷങ്ങളായി ആവശ്യപ്പെട്ടുവരികയാണ്. 166 പേരുടെ മരണത്തിനിടയാക്കിയ 2008ലെ മുംബൈ ആക്രമണത്തിന്റെ സൂത്രധാരനായ സയീദിന്റെ വിവിധ സന്നദ്ധ സംഘടനകൾ സ്കൂളുകൾ, ആശുപത്രികൾ, സെമിനാരികൾ, പ്രസിദ്ധീകരണ സ്ഥാപനങ്ങൾ, ആംബുലൻസ് സർവീസുകൾ എന്നിവ നടത്തുണ്ട്. ജെയുഡി, എഫ്ഐഎഫ് എന്നിവയിൽ മാത്രം 50,000 സന്നദ്ധ പ്രവർത്തകരും നൂറുകണക്കിനു ജീവനക്കാരുമുണ്ട്. ഇവയുടെ നിയന്ത്രണം ഏറ്റെടുത്താൽ സയീദിന്റെ ജനസ്വാധീനത്തിനു തടയിടാൻ കഴിയുമെന്നാണു പാക്ക് സർക്കാർ കരുതുന്നത്.

ഇതിനിടെ, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നയതന്ത്രവിജയമാണ് ട്രംപിന്റെ പ്രതികരണത്തിലൂടെ കാണുന്നതെന്ന് ഡൽഹിയിൽ ബിജെപി വക്താവ് ജി.വി. എൽ നരസിംഹറാവു ചൂണ്ടിക്കാട്ടി.