വിമാനവാഹിനിക്കപ്പലുമായി ദക്ഷിണ ചൈനാക്കടലിൽ ചൈനയുടെ സൈനികാഭ്യാസം

ബെയ്ജിങ് ∙ തർക്കമേഖലയായ ദക്ഷിണ ചൈനാക്കടലിൽ അധീശത്വമുറപ്പിക്കാൻ വിമാനവാഹിനിക്കപ്പലുമായി ചൈനയുടെ വിരട്ടൽ. ചൈനയുടെ ആദ്യത്തെ വിമാനവാഹിനിക്കപ്പൽക്കൂടിയായ ലിയാനിങ്ങാണ് ഒരുപറ്റം യുദ്ധക്കപ്പലുകളുടെ അകമ്പടിയോടെ സൈനികാഭ്യാസം നടത്തിയത്.

കപ്പലിൽനിന്നു ജെ–15 യുദ്ധവിമാനങ്ങളും ഹെലികോപ്റ്ററുകളും പറന്നുയരുന്നതും തിരിച്ചിറങ്ങുന്നതും ഉൾപ്പെടെ സേനയുടെ മികവു പരിശോധിച്ചുറപ്പാക്കാനായിരുന്നു ദക്ഷിണ ചൈനാക്കടലിൽ പരിശീലനത്തിനിറങ്ങിയതെന്നു ചൈനീസ് അധികൃതർ വ്യക്തമാക്കി.

ദക്ഷിണ ചൈനാക്കടലിൽ ചൈനയുടെ അവകാശവാദത്തെ ചോദ്യംചെയ്യുന്ന തയ്‌വാനുമായി നിയുക്ത യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അടുപ്പം വ്യക്തമാക്കിയത് ചൈനയെ ചൊടിപ്പിച്ചതിനെത്തുടർന്നുള്ള നീക്കങ്ങളിൽ ഏറ്റവും പുതിയതാണു യുദ്ധക്കപ്പൽ അഭ്യാസം. നേരത്തേ യുഎസ് മുങ്ങിക്കപ്പൽ പിടിച്ചെടുത്തതു ചൈന തിരികെ നൽകിയിരുന്നു.