ഇന്ത്യ അടക്കം ലക്ഷ്യമിട്ട് ചൈനയുടെ ബാലിസ്റ്റിക് മിസൈൽ അഭ്യാസം

ഡിഎഫ്–16 (ചിത്രം കടപ്പാട്: എപി)

ബെയ്ജിങ് ∙ ഇന്ത്യ അടക്കം അയൽരാജ്യങ്ങളെ ലക്ഷ്യമിടുന്ന മധ്യദൂര ബാലിസ്റ്റിക് മിസൈലുകളുടെ അഭ്യാസവുമായി ചൈന. പുതുതായി രൂപീകരിച്ച റോക്കറ്റ് ഫോഴ്സ് നടത്തിയ 1000 കിലോമീറ്റർ ദൂരപരിധിയുള്ള ഡിഎഫ്–16 മിസൈലുകളുടെ അഭ്യാസദൃശ്യങ്ങൾ പീപ്പിൾസ് ലിബറേഷൻ ആർമി പുറത്തുവിട്ടു. 2015ലെ സൈനിക പരേഡിലാണു ഡിഎഫ്–16 മിസൈലുകൾ ആദ്യമായി പ്രദർശിപ്പിച്ചത്. ജപ്പാൻ, തയ്‌വാൻ, ഫിലിപ്പീൻസ് എന്നീ രാജ്യങ്ങളും പരിധിയിൽ വരും.

മിസൈലുകൾ മാത്രം കൈകാര്യം ചെയ്യാൻ രൂപീകരിച്ച റോക്കറ്റ് ഫോഴ്സിലെ സൈനികരുടെ പരിശീലനത്തിന്റെ ഭാഗമായാണു മിസൈൽ അഭ്യാസം. ബാലിസ്റ്റിക് മിസൈലുകൾ വഹിക്കുന്ന 10 ചക്രങ്ങളുള്ള മിസൈൽ വിക്ഷേപണ വാഹനങ്ങളും സൈന്യം പുറത്തുവിട്ട വിഡിയോയിൽ കാണാം. ജപ്പാനിലെ ഒകിനാവോയിലെ യുഎസ് സൈനിക സജ്ജീകരണങ്ങളാണു മിസൈലുകളുടെ മുഖ്യലക്ഷ്യമെന്നു പറയുന്നു.

അതേസമയം, ചൈനീസ് തീരസേന തങ്ങളുടെ സമുദ്രാതിർത്തി ലംഘിച്ചതായി ജപ്പാൻ ആക്ഷേപമുന്നയിച്ചു. കിഴക്കൻ ചൈന കടലിലെ തർക്കപ്രദേശമായ ദ്വീപുകളുടെ മേഖലയിലാണു ചൈനയുടെ മൂന്നു കപ്പലുകൾ പ്രവേശിച്ചത്. ദ്വീപുകളുടെ നിയന്ത്രണം ജപ്പാനാണെങ്കിലും ചൈനയും അവകാശമുന്നയിക്കുന്നു.