മധുരപ്പെരുമ നിറഞ്ഞൊരു ഓം അലി

ചെറിയപെരുന്നാൾ ആഘോഷത്തിന് മധുരം പകരുന്നൊരു ഓം അലി തയാറാക്കിയാലോ? ക്രോയിസന്റ് ബ്രഡ് (ഫ്രഞ്ച് റോൾ), പാൽ, പഞ്ചസാര, ഡ്രൈ ഫ്രൂട്ട്സ് എന്നിവ നിറച്ച് ബേക്ക് ചെയ്തെടുക്കുന്നതാണീ വിഭവം.

ക്രോയിസന്റ് - 5 എണ്ണം
പാൽ - 1 ലിറ്റർ
പഞ്ചസാര - 100 ഗ്രാം
കണ്ടൻസ്ഡ് മിൽക്ക് - 100 മില്ലി
ഫ്രെഷ് ക്രീം - 100 മില്ലി
കശുവണ്ടി - ആവശ്യത്തിന്
ഉണക്ക മുന്തിരി - ആവശ്യത്തിന്
ബദാം - ആവശ്യത്തിന്
പിസ്ത - ആവശ്യത്തിന്

ഓം അലി തയാറാക്കാൻ

തിളപ്പിച്ച പാലിലേക്ക് പഞ്ചസാര, കണ്ടൻസ്ഡ് മിൽക്ക്, ഫ്രെഷ് ക്രീം എന്നിവ ചേർത്ത് ഇളക്കി പകുതിയായി വറ്റിക്കുക. ക്രോയിസന്റ് ബ്രെഡ് ചെറുതായി അരിഞ്ഞ് മറ്റൊരു പാത്രത്തിൽ വയ്ക്കുക. ഇതിലേക്ക് അണ്ടിപ്പരിപ്പ്, ഉണക്കമുന്തിരി, ബദാം, പിസ്ത എന്നിവ ചേർക്കുക. കുറുക്കിയ പാൽ ഒഴിച്ച് മുകളിൽ പഞ്ചസാര വിതറിയ ശേഷം ഓവനിൽ 200 ഡിഗ്രി സെൽഷ്യസിൽ 15 മിനിറ്റ് ബേക്ക് ചെയ്‌തെടുക്കുക.