ഉറുമ്പിൻ മുട്ട കൊണ്ട് സാലഡ് , ഓംലറ്റ് : ഇതിലും ആരോഗ്യപ്രദമായ ഭക്ഷണം വേറെ ഇല്ല !

കോഴിക്കോട്ടെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാലിയേറ്റീവ് മെഡിസിൻ സ്ഥാപക ഡയറക്ടറായ ഡോ. കെ. സുരേഷ് കുമാർ ജീവിതയാത്രയിൽ പരിചയപ്പെട്ട അസാധാരണ വിഭവങ്ങൾ പങ്കുവയ്ക്കുന്ന കോളം ഇന്നു മുതൽ എല്ലാ തിങ്കളാഴ്ചകളിലും വായിക്കാം. പാലിയേറ്റീവ് പ്രവർത്തനവുമായി ബന്ധപ്പെട്ട് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ യാത്രചെയ്യുകയും പ്രാദേശിക സമൂഹങ്ങൾക്കൊപ്പം ദിവസങ്ങളോളം താമസിക്കുകയും ചെയ്യുന്ന ഡോ. സുരേഷ് കുമാർ വായനക്കാർക്കായിവേറിട്ടൊരു രുചിലോകം പരിചയപ്പെടുത്തുന്നു...      

ഉറുമ്പ് ഉപദ്രവമാണ് എന്നാണ് വിശ്വസിച്ചിരുന്നത്. ഉറുമ്പിൻ മുട്ട മനുഷ്യന്മാരുടെ ഭക്ഷണമാണ് എന്ന് കാണിച്ചു തന്നത് തായ്‌ലൻഡിലെ വിദ്യാർഥികളാണ്. നീറ് എന്ന് വിളിക്കുന്ന നമ്മുടെ ചോണനുറുമ്പ്. മാവിന്റെ മുകളിൽനിന്ന് ഉറുമ്പിൻ കൂട് പൊട്ടിച്ചെടുക്കുന്നു. ബക്കറ്റിലെ വെള്ളത്തിൽ മുക്കിപ്പിടിച്ച് തുറക്കുന്നു. ഒരു കമ്പുകൊണ്ട് ഇളക്കുന്നു. മുതിർന്ന ഉറുമ്പുകളെ ഓടിപ്പോവാൻ അനുവദിക്കുന്നു. ബക്കറ്റിലെ വെള്ളത്തിൽ അടിഞ്ഞു കിടക്കുന്ന ഉറുമ്പിൻ മുട്ടയും ലാർവയും ശേഖരിക്കുന്നു. പത്തുമുപ്പത് കൂട് പൊട്ടിച്ചാൽ അരക്കിലോ മുട്ട കിട്ടും. വേനൽക്കാലത്ത് ഗ്രാമപ്രദേശത്തെ കടകളിൽ ഉറുമ്പിൻ മുട്ട വാങ്ങാൻ കിട്ടും. ഒരു കിലോയ്ക്ക് ഏതാണ്ട് നമ്മുടെ 1500 രൂപ വരും. 

ഉറുമ്പിൻ മുട്ട സാലഡ്

ലോകത്തിന്റെ പലഭാഗത്തും ഉറുമ്പും ഉറുമ്പിൻ മുട്ടയും ഭക്ഷണമായി ഉപയോഗിക്കുന്നുണ്ട്. തായ്‌ലൻഡ്, ലാവോസ് തുടങ്ങിയ ദക്ഷിണേഷ്യൻ രാജ്യങ്ങൾക്കു പുറമേ മെക്സിക്കോക്കാരും മറ്റും സജീവ ഉറുമ്പുതീറ്റക്കാരാണ്. മഴപ്പാറ്റ ഇന്ത്യയിലെ വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ ഒരു ഇഷ്ടഭോജ്യമാണ്. നമ്മുടെ വയനാട്ടിലെ ചില ആദിവാസി കുടുംബങ്ങളിൽ പുളിയുറുമ്പ് ചമ്മന്തി ഉണ്ടാക്കാറുണ്ട് എന്ന് കേട്ടിട്ടുണ്ട്. ഇതുവരെ കഴിക്കാൻ പറ്റിയിട്ടില്ല. 

ഉറുമ്പിൻ മുട്ട ഓംലറ്റ്

ഉറുമ്പിൻ മുട്ട കൊണ്ട് പല വിഭവങ്ങളും ഉണ്ടാക്കാം വടക്കുകിഴക്കൻ തായ്‌ലൻഡിലെ ഒരു ചായക്കടയിൽ കൊണ്ടുപോയി രണ്ട് മെഡിക്കൽ വിദ്യാർഥിനികൾ സൽക്കരിച്ച ഉറുമ്പിൻ മുട്ട സൂപ്പായിരുന്നു എന്റെ ആദ്യത്തെ ഉറുമ്പിൻ മുട്ട ഭക്ഷണം. പിന്നീട് പല യാത്രകളിലായി ഉറുമ്പിൻ മുട്ട ഓംലറ്റ്, ഉറുമ്പിൻ മുട്ട സാലഡ് അങ്ങനെ രണ്ട് ഇനം കൂടി പരിചയമായി. ഉറുമ്പിൻ മുട്ട ഓംലറ്റ് പാചകം ലളിതമാണ്. കോഴിമുട്ട ഓംലറ്റ് വേവ് മുഴുവനാവുന്നതിനു മുമ്പ് മുകളിൽ ഉറുമ്പിൻ മുട്ട- ലാർവ മിശ്രിതം വിതറുക. അസാധ്യ രുചിയാണ്.

ഇക്കൂട്ടത്തിൽ ഏറ്റവും ആരോഗ്യകരമായ ഭക്ഷണം ഉറുമ്പിൻ മുട്ട സാലഡാണ്. അഞ്ചെട്ട് ചെറിയ ഉളളി അരിഞ്ഞത്, ഒരല്പം പുളി വെള്ളം, ഒരുപിടി അവിൽ, രണ്ട് പച്ച മുളക് അരിഞ്ഞത്, ഒരു സ്പൂൺ മീൻ സോസ്, ഒരു നുള്ള് ഉപ്പ് രണ്ടു പിടി ഉറുമ്പിന്റെ മുട്ട ചേർത്ത് ഇളക്കിയാൽ സാലഡ് തയ്യാറായി. നമ്മൾ ഇവിടെ ഉണ്ടാക്കുമ്പോൾ വേണമെങ്കിൽ മീൻ സോസ് ഒഴിവാക്കി ഒരോ മലയാളി വകഭേദം ആലോചിക്കാവുന്നതാണ്. (ചെറിയ മീൻ ഉപ്പിട്ട് ആറു മാസം മൺപാത്രത്തിൽ അടച്ചു വെച്ച് അരിച്ചെടുക്കുന്ന മീൻ സോസിന്റെ മണം എല്ലാവർക്കും ഇഷ്ടപ്പെട്ടു കൊള്ളണം എന്നില്ല.

ഉറുമ്പിനെ തിന്നാൽ കണ്ണിന് തെളിച്ചം കിട്ടും എന്ന് പഴമക്കാർ പറയുന്നതിൽ കാര്യമൊന്നുമില്ല. ഉറുമ്പിൻ മുട്ട സാലഡിനോളം ആരോഗ്യപ്രദമായ ഒരു ഭക്ഷണം വേറെ ഇല്ല തന്നെ.

കീടനാശിനികൾ, ഹോർമോണുകൾ തുടങ്ങിയ അപകടമൊന്നും ഇല്ലാത്ത ഭക്ഷണം. ഉയർന്ന പോഷകമൂല്യം, കൊളസ്റ്ററോൾ ഇല്ല. വ്യാപകമായ ലഭ്യത. നല്ല രുചി. എന്തുകൊണ്ടും ഉറുമ്പിൻ മുട്ടയ്ക്ക് മലയാളിയുടെ തീൻമേശയിൽ മെച്ചപ്പെട്ട ഒരു സ്ഥാനത്തിന് അർഹതയുണ്ട്.