ഫാസ്റ്റ് ഫുഡോ, ജങ്ക് ഫുഡോ ഏതാണ് കൂടുതൽ പ്രശ്നക്കാരൻ

ജങ്ക് ഫുഡും ഫാസ്റ്റ് ഫുഡും ആരോഗ്യത്തിന് അത്ര നല്ലതല്ലെന്നാണ് പൊതു വിശ്വാസം. റസ്റ്ററന്റ് ഫുഡിനെയാണ് നമ്മള്‍ പൊതുവെ ഫാസ്റ്റ് ഫുഡ് എന്ന് വിളിക്കുന്നത്. ഇത് ആരോഗ്യത്തിന് നല്ലതോ, ചീത്തയോ എന്ന് തീരുമാനിക്കുന്നത് അത് തയാറാക്കുന്ന വിധം കൂടി കണക്കിലെടുത്തുകൊണ്ടാവണം. ഇതിനര്‍ഥം എല്ലാ ഫാസ്റ്റ് ഫുഡും ആരോഗ്യത്തിന് ഭീഷണിയല്ല എന്നു തന്നെ. പ്രോസസ്ഡ് വസ്തുക്കള്‍ ഉപയോഗിക്കാത്ത പീസ്ത, ടാക്കൊ, സാൻഡ്‌വിച്ച് തുടങ്ങിയവയെല്ലാം ആരോഗ്യത്തിന് ഉത്തമം തന്നെ. ഫ്രൈ ചെയ്തതെല്ലാം ജങ്ക് ഫുഡിന്റെ ഗണത്തിൽ വരുന്നതാണ്. സാച്യുറേറ്റഡ് ഫാറ്റ് ഇതിലടങ്ങിയിരിക്കുന്ന പോഷകങ്ങളെക്കാൾ കുറവായിരിക്കും. ഇതിനാലാണ് ഇതിനെ എംപ്റ്റി കാലറി എന്ന് വിളിക്കുന്നത്. 

പായ്ക്ക് ചെയ്തുവരുന്ന പൊട്ടറ്റോ ചിപ്സ് ഉൾപ്പെടെയുള്ളവയെല്ലാം ജങ്ക് ഫുഡിന്റെ ഗണത്തിൽ വരുന്നതാണ്. ജങ്ക് ഫുഡിലെ കാലറി ഷുഗറിൽ നിന്നോ ഫാറ്റിൽ നിന്നോ ഉള്ളതാണ്. ഇതിൽ ഫൈബർ, പ്രോട്ടീൻ, മിനറൽസ്, വൈറ്റമിൻ എന്നിവയൊക്കെ കുറവായിരിക്കും. സാച്യുറേറ്റഡ് ഫാറ്റ് വച്ചുണ്ടാക്കുന്ന ഇറച്ചി ജങ്ക് ഫുഡ് ആണ്. 

പ്രോസസ്ഡ് ഫുഡിൽ ഷുഗർ, സോൾട്ട്, ഫാറ്റ് എന്നിവ കൂടുതലായിരിക്കും. ജങ്ക് ഫുഡ് സ്ഥിരമായി കഴിക്കുന്നത് ഇൻസുലിൻ അനുപാതം കൂടാനും ഇതിലൂടെ പൊണ്ണത്തടി, ടൈപ് 2 ഡയബറ്റിസ് എന്നിവ വരാനുമുള്ള സാധ്യത വർധിപ്പിക്കുന്നു. ഹൈ കാലറി, ഹൈ ഫാറ്റ് അടങ്ങിയ ഭക്ഷണം കഴിക്കുമ്പോൾ അളവിൽ കൂടുതൽ കഴിക്കുന്നു. ഇതിൽ ഉപ്പ് കൂടുതലായതിനാൽ നീരുണ്ടാവാനും ബിപി കൂടാനും സാധ്യതയുണ്ട്. കൊളസ്ട്രോൾ കൂടി കൂടുന്നതോടെ ഇത് ഹൃദയത്തെ ബാധിക്കുകയും ചെയ്യും. ജങ്ക് ഫുഡ് കൂടുതലായി കഴിക്കുന്നവർക്ക് ഫ്രൂട്സ്, വെജിറ്റബിൾസ് തുടങ്ങിയവ കഴിക്കാനുള്ള താൽപര്യവും കുറയും. ക്രമേണ ലഹരി മരുന്നു കഴിക്കുന്നതിനു സമാനമായ അഡിക്‌ഷനിലേക്ക് ജങ്ക് ഫുഡ് കഴിക്കുന്നവരെത്തുമെന്നാണ് പഠനങ്ങളിലൂടെ വ്യക്തമാകുന്നത്.