അഞ്ച് ഇന്ത്യൻ രുചികൾ സൂപ്പർഫുഡ് വിഭാഗത്തിൽ

ഇന്ത്യയിൽ പരമ്പരാഗതമായി നമ്മൾ ഉപയോഗിച്ചിരുന്ന പലതിനേയും ഇന്ന് വിദേശ രാജ്യങ്ങൾ സൂപ്പർ ഫുഡ് ആയാണ് കണക്കാക്കുന്നത്. പശുവിന്റെ നെയ്യാണ് ഇതിലൊന്ന്. പശുവിൻ പാലിലെ പ്രോട്ടീൻ പ്രകാരം എ വൺ, എ ടു എന്നിങ്ങനെ രണ്ടുതരം പാലാണുള്ളത്. എ വൺ പശുവിന്റെ പാൽ ശരീരത്തിലെ കൊളസ്ട്രോൾ അനുപാതം കൂട്ടുന്നു. എ ടു വിഭാഗം പാലിന് ഈ പ്രശ്നമില്ല. ഇന്ത്യയിലെ പരമ്പരാഗത ഇനം പശുക്കളുടെ പാൽ എ ടു വിഭാഗത്തിലുള്ളതാണ്. ഹോൾസ്റ്റീൻ പോലെ ജനിതകമാറ്റം വരുത്തിയ പശുക്കളുടെ പാൽ എ വൺ വിഭാഗത്തിലാണ് വരുന്നത്. എ ടു വിഭാഗത്തിൽ വരുന്ന പശുക്കളുടെ പാലിൽ നിന്നുണ്ടാക്കുന്ന നെയ്യ് ശരീരത്തിന് തണുപ്പ് നൽകുകയും കൊളസ്ട്രോൾ അനുപാതം കുറയ്ക്കുന്നതിനും രോഗ പ്രതിരോധ ശേഷി, ഓർമ ശക്തി, ലൈംഗിക ശേഷി എന്നിവ കൂട്ടുമെന്നുമാണ് പുതിയ കണ്ടെത്തൽ. 

മറ്റൊന്ന് മഞ്ഞൾപ്പൊടിയാണ്. നൂറ്റാണ്ടുകളായി ഇന്ത്യയിൽ മഞ്ഞൾപ്പൊടി ഉപയോഗിക്കുന്നുണ്ട്. സുഗന്ധ വ്യഞ്ജനങ്ങൾ തേടി പാശ്ചാത്യർ നൂറ്റാണ്ടുകൾക്ക് മുൻപ് ഇന്ത്യയിലേക്ക് വന്നപ്പോൾ അവർക്കു പ്രിയം പട്ട, ഏലയ്ക്ക, ഗ്രാമ്പൂ, കുരുമുളക് തുടങ്ങിയവയോടായിരുന്നു. മഞ്ഞളിനെ അവർ കാര്യമായി പരിഗണിച്ചിരുന്നില്ല.

 ഇപ്പോൾ വിദേശ രാജ്യങ്ങളിൽ പശുവിൻ പാലിൽ ഒരു നുള്ള് മഞ്ഞൾപ്പൊടിയും അൽപം നെയ്യും ഇട്ട് കുടിക്കുന്നു. മഞ്ഞളിന്റെ ആന്റി സെപ്റ്റിക്, ആന്റി ഓക്സിഡന്റ്, ആന്റി ബയോട്ടിക്, ആന്റി വൈറൽ, ആന്റി ഹിസ്റ്റമൈൻ എന്നീ കഴിവുകൾ മനസിലാക്കിയതോടെയാണ് മഞ്ഞൾ വിദേശികൾക്ക് പ്രിയങ്കരമായി മാറിയത്. മാത്രമല്ല, അൽഷിമേഴ്സിനെ തടയുന്നു, കാൻസർ സെല്ലുകളുടെ വളർച്ചയെ തടയുന്നു എന്നീ പ്രത്യേകതകൾ കൂടിയുണ്ട് മഞ്ഞളിന്. 

മത്തങ്ങയാണ് മറ്റൊന്ന്. കാരറ്റിനേക്കാൾ കൂടുതൽ ബീറ്റ കരോട്ടിൻ മത്തങ്ങയിലുണ്ട്. കണ്ണുകൾക്ക് ഏറ്റവും ഉത്തമമാണിത്. ആന്റി ഓക്സിഡന്റ് ആയതിനാൽ മുടിക്കും ത്വക്കിനും ഉത്തമമായ ഇത് ഇപ്പോൾ കുട്ടികൾക്ക് വേവിച്ചുകൊടുക്കുന്നുമുണ്ട്. മത്തൻ കുരുവിൽ സിങ്ക്, പ്രോട്ടീൻ, പൊട്ടാസ്യം, മഗ്നീഷ്യം, ഇരുമ്പ്, ചെമ്പ്, എസൻഷ്യൽ ഫാറ്റി ആസിഡ് ഇവയെല്ലാം അടങ്ങിയിട്ടുണ്ട്. പഴങ്ങളിലും പച്ചക്കറികളിലുമായി ഏറ്റവും കൂടുതൽ ബീറ്റ കരോട്ടിൻ അടങ്ങിയിരിക്കുന്നതും മത്തനിലാണ്. 

ഇളനീരാണ് പ്രിയമുള്ള മറ്റൊന്ന്. വൈറ്റമിൻ, മിനറൽസ് എന്നിവയുള്ള നാച്വറൽ ഇലക്ട്രൊലൈറ്റാണിത്. കരിക്കിൽ ഫൈബർ, പ്രോട്ടീൻ, ഫാറ്റ്, കാർബോ ഹൈഡ്രേറ്റ് എന്നിവയുണ്ട്. ഇതുകൊണ്ടു തന്നെ കരിക്കിനെ ഒരു കംപ്ലീറ്റ് ഫുഡായാണ് കണക്കാക്കുന്നത്. 

തൈരാണ് മറ്റൊന്ന്. ദഹനത്തിന് ഉത്തമമാണിത്. ഇപ്പോൾ ഡയറ്റ് ചാർട്ടുകളിൽ തൈരിന് പ്രത്യേക സ്ഥാനമാണുള്ളത്. വയറിന്റെ ആരോഗ്യത്തിനും രോഗ പ്രതിരോധ ശേഷിക്കും ആവശ്യമായ ലാക്ടോ ബസില്ലി എന്ന ബാക്ടീരിയയാണ് ഇതിനു കാരണം. 

തുളസി ശരീരത്തിലെ ഇരുമ്പിന്റെ സാന്നിധ്യം കൂട്ടുന്നതിനും അലർജി, അസിഡിറ്റി, കൊളസ്ട്രോൾ എന്നിവ കുറയ്ക്കുന്നതിനും ശേഷിയുള്ളതാണ്. പടിഞ്ഞാറൻ രാജ്യങ്ങളിൽ ഇതു ഗുളികയാക്കി കഴിക്കുന്നുണ്ട്.