ശരീരഭാരം കുറയ്ക്കാൻ ഒരു നേരം ഹെൽത്തി സ്മൂത്തി ആയാലോ?

കൂടുതൽ രുചിയോടെ ഹെൽത്തി സ്മൂത്തി തയാറാക്കാൻ ചില പൊടിക്കൈകൾ പരിചയപ്പെട്ടാലോ? പച്ചക്കറി കഴിക്കാൻ മടിയാണോ? എങ്കിൽ പച്ചക്കറിക്കൊപ്പം ഇഷ്ടമുള്ള ഫ്രൂട്ട് കൂടി ചേർത്ത് സ്മൂത്തിയാക്കാം. വേനൽക്കാലത്തെ ശരീര നിർജലീകരണം ഒഴിവാക്കാനും ഇതു നല്ലതാണ്. പോഷകങ്ങളാലും നാരുകളാലും നിറഞ്ഞ സ്മൂത്തി എളുപ്പത്തിലും കൂടുതൽ രുചികരമായും തയാറാക്കാം. 

∙ശരീരഭാരം കുറയ്ക്കാൻ ഡയറ്റ് ചെയ്യുന്നവർ ഒരു നേരത്തെ ആഹാരത്തിനു പകരം സ്മൂത്തി കുടിക്കാം. കാലറി അധികം ശരീരത്തിലെത്തുകയുമില്ല. വയർ നിറഞ്ഞതായി തോന്നുകയും ചെയ്യും. 

∙സീസണ്‍ അനുസരിച്ച് പച്ചക്കറികള്‍ തിരഞ്ഞെടുത്താൽ പോക്കറ്റ് കാലിയാകില്ല. മാത്രമല്ല, പച്ചക്കറികളിൽ വിഷാംശവും കുറവായിരിക്കും. 

∙പല നിറത്തിലുള്ള പച്ചക്കറികൾ തിരഞ്ഞെടുക്കണം. ഓരോ നിറത്തിലുള്ള പച്ചക്കറികളിലും ഓരോ തരം വൈറ്റമിനുകളാണ് അടങ്ങിയിട്ടുള്ളത്. ഇവയെല്ലാം ശരീരത്തിന് ആവശ്യമാണ്. 

∙മിക്സിയിൽ അടിച്ചെടുത്തശേഷം അരിച്ചെടുക്കരുത്. പോഷകമൂല്യം നഷ്ടമാകും. തയാറാക്കിയ ഉടൻ തന്നെ സ്മൂത്തി കുടിക്കുന്നതാണ് ആരോഗ്യപ്രദം.

∙സ്മൂത്തി ശീലമില്ലാത്തവർ പഴങ്ങൾ കൂടുതലും പച്ചക്കറികൾ കുറവും ചേർത്ത് ഇവ തയാറാക്കിയാൽ കൂടുതൽ ഇഷ്ടത്തോടെ കുടിക്കാം. 60 ശതമാനം പഴവും 40 ശതമാനം പച്ചക്കറിയും ചേർക്കാം. 

∙വ്യായാമത്തിനു ശേഷം ശരീരം പോഷകം നന്നായി ആഗിരണം ചെയ്യും. അതുകൊണ്ട് വർക്കൗട്ട് കഴിഞ്ഞ് അരമണിക്കൂറിനു ശേഷം സ്മൂത്തി കുടിച്ചോളൂ.

∙പാലക്, സെലറി, കുക്കുംബർ ഇങ്ങനെയുള്ള പച്ചക്കറികൾ സ്മൂത്തി തയാറാക്കാൻ ഏറെ നല്ലതാണ്. മിക്സിയിലാക്കി അടിക്കുമ്പോൾ ലിക്വിഡ് ബേസായി ഉപയോഗിക്കാൻ വെള്ളം, യോഗർട്ട്, സോയാ മിൽക്, ബദാം മിൽക്, കരിക്കിൻ വെള്ളം എന്നിവയിലേതും ഉപയോഗിക്കാം. പഴം, ആപ്പിൾ, മാങ്ങ, മുന്തിരി ഇങ്ങനെ ഏതു പഴവും ഇഷ്ടമനുസരിച്ച് തിരഞ്ഞെടുക്കാം. 

∙ഒരു തക്കാളി, ഒരു വലിയ മാതളനാരങ്ങ അടർത്തിയത്, തൊലി ചുരണ്ടിയ ഒരു കാരറ്റ്, പകുതി ബീറ്റ് റൂട്ട് എന്നിവ ചേര്‍ത്തടിച്ച സ്മൂത്തി ആന്റി ഓക്സിഡന്റുകളാൽ സമ്പുഷ്ടമാണെന്നു മാത്രമല്ല, വരണ്ട ചർമം നീക്കാനും ചുളിവുകളില്ലാതാക്കാനും സഹായിക്കും. 

∙അഞ്ച് സെലറിയുടെ തണ്ട്, അഞ്ച് പാലക് ചീരയില, ഒന്നു വീതം കുക്കുംബറും ഓറഞ്ചും ചേർത്തടിച്ചെടുത്താൽ പ്രതിരോധ ശക്തി കൂട്ടാനുതകുന്ന സ്മൂത്തിയായി.