മത്തങ്ങ കഴിച്ചാൽ ഏറെ ഗുണങ്ങൾ

കാലറി ഏറ്റവും കുറവാണെന്നതാണ് ഇതിന്റെ പ്രധാന പ്രത്യേകത. ഫൈബർ, ആന്റി ഓക്സിഡന്റ്സ്, വൈറ്റമിൻ, മിനറൽസ് എന്നിവയുടെ ഉയര്‍ന്ന സാന്നിധ്യം ഇതിലുണ്ട്. ഇതിൽ വൈറ്റമിൻ എ യുടെ അളവ് കൂടുതലായതിനാൽ ത്വക്കിന് നല്ലതാണ്. വൈറ്റമിൻ എ കൂടുതൽ അടങ്ങിയ നാച്വറൽ ഫുഡ് കഴിച്ചാൽ വായിലുണ്ടാകുന്ന കാൻസറും ശ്വാസകോശ കാൻസറും തടയാമെന്ന് പഠനങ്ങളിൽ തെളിഞ്ഞിട്ടുണ്ട്. 

  മത്തൻകുരുവിൽ മോണോഅൺസാച്വറേറ്റഡ് ഫാറ്റി ആസിഡ് കൂടുതലുള്ളതിനാൽ ഹൃദയാരോഗ്യത്തിന് ഇതു നല്ലതാണ്. 

കണ്ണിലെ റെറ്റിനയിൽ യുവി രശ്മികൾ എത്താതെ തടയുന്ന സീ സ്കാൻതിൻ ഇതിലടങ്ങിയിട്ടുണ്ട്. 

  പ്രായാധിക്യം കാരണം കണ്ണിനുണ്ടാകുന്ന രോഗങ്ങൾ തടയാനും മത്തങ്ങ സഹായിക്കുന്നു.

നീണ്ട വള്ളികളായി മണ്ണിൽ പടർന്നു വളരുന്ന മത്തനെ  കണ്ടിട്ടില്ലേ? ‘കാള കിടക്കും കയറോടും’ എന്ന കടംകഥ മത്തനെക്കുറിച്ചു പറയാറുള്ളത് നീളത്തിൽ വളരുന്ന വള്ളികളും അവയിൽ ഇടയ്ക്കിടെ ഉണ്ടാകുന്ന മത്തങ്ങകളും കണ്ടിട്ടാവണം. കടകളിൽ വാങ്ങാൻ കിട്ടുന്ന കുഞ്ഞു മത്തങ്ങ മുതൽ ആറോ ഏഴോ അടി വരെ ചുറ്റളവുള്ള ഭീമൻ മത്തങ്ങകൾ വരെ നമുക്കു കാണാൻ കഴിയും. ഇതിന്റെ മിക്ക ഭാഗങ്ങളും ഉപയോഗയോഗ്യമാണ്. 

മത്തയുടെ തളിരിലയും പൂവും തോരൻ വയ്ക്കാനുപയോഗിക്കുന്നു. ഇതു ദഹനത്തിനും വായുകോപത്തിനും മറുമരുന്നായും, വിശപ്പില്ലായ്മ പരിഹരിക്കുന്നതിനും നല്ലതാണ്. മത്തങ്ങയിൽ ധാരാളം ജലാംശം അടങ്ങിയിട്ടുണ്ട്. കൂടാതെ പ്രോട്ടീൻ, കാർബോ ഹൈഡ്രേറ്റ്, കരോട്ടിൻ, വൈറ്റമിൻ എ, ബി, സി എന്നിവയും ഇതിലുണ്ട്. 

കേരളീയരുടെ ഇഷ്ടവിഭവമാണ് മത്തങ്ങാ എരിശേരി. കൂടാതെ മത്തങ്ങാ ഹൽവ, മത്തങ്ങ നേർത്ത ചുണ്ണാമ്പുവെള്ളത്തിലിട്ട് പതം വരുത്തിയശേഷം ഉരുകിയ ശർക്കരയിലിട്ടു വരട്ടിയുണ്ടാക്കുന്ന മത്തങ്ങാവരട്ടി എന്നിവയും ചിലയിടങ്ങളിൽ തയാറാക്കുന്നുണ്ട്. 

മത്തയില ഉപ്പേരി

മത്തയില ചെറുതായി നുറുക്കിയത്–ഒന്നര കപ്പ്. ഉരുളക്കിഴങ്ങ് ചെറുതായി നുറുക്കിയത്–അര കപ്പ്. വെളുത്തുള്ളി ചതച്ചത്– 1 ടീ സ്പൂൺ. ചെറിയ ഉള്ളി ചതച്ചത്–1 ടീ സ്പൂൺ. മുളകുപൊടി–ഒന്നര ടീ സ്പൂൺ. മഞ്ഞപ്പൊടി–അര ടീസ്പൂൺ. ഉപ്പ് പാകത്തിന്. വെളിച്ചെണ്ണ–2 ടീസ്പൂൺ.മത്തയില നാരുകളഞ്ഞു ചെറുതായി അരിഞ്ഞുവയ്ക്കണം. ഉരുളക്കിഴങ്ങ് തൊലികളഞ്ഞു ചെറുതായി ചതുരക്കഷണങ്ങളായി നുറുക്കണം. ഒരു പാനിൽ വെളിച്ചെണ്ണ ഒഴിച്ച് അതിൽ വെളുത്തുള്ളിയും ഉള്ളിയും ചതച്ചത് ചേർത്തു വഴറ്റണം. വഴന്നുവരുമ്പോൾ ഉരുളക്കിഴങ്ങ് ചേർത്തുകൊടുക്കണം. പകുതി വേവ് ആകുമ്പോൾ മുളകുപൊടിയും മഞ്ഞൾപ്പൊടിയും ചേർക്കണം. പിന്നീട് മത്തനില ചേർത്ത് ഇളക്കി മൂടിവച്ച് അഞ്ചു മിനിറ്റ് വേവിക്കണം. സ്വാദിഷ്ടമായ കറി റെഡി.