സ്പെഷ്യൽ ചിക്കൻ ഫ്രൈ

വളരെ രുചികരവും കാണാൻ ഭംഗിയുമുള്ള സ്പെഷൽ ചിക്കൻ ഫ്രൈ എങ്ങനെ തയാറാക്കാമെന്നു നോക്കാം.

ചേരുവകൾ:

1. ബ്രോയിലർ ചിക്കൻ എല്ലില്ലാതെ കുറച്ചു ചെറിയ കഷണങ്ങളായി മുറിച്ചത് – അര കി.ഗ്രാം
2. മുളകുപൊടി – 2 ടേബിൾ സ്പൂൺ (പകുതി കാശ്മീരി മുളകുപൊടി ആയാൽ നന്നായിരിക്കും).
3. മഞ്ഞൾപൊടി – അര ടീസ്പൂൺ
4. ഇഞ്ചി – വെളുത്തുള്ളി ചതച്ചത് – 1 ടേബിൾ സ്പൂൺ
5. കുരുമുളകുപൊടി – 1 ടീസ്പൂൺ
6. ഗരം മസാലപ്പൊടി – 1 ടീസ്പൂൺ
7. ഉപ്പ്: പാകത്തിന്
8. മുട്ടവെള്ള – ഒരു മുട്ടയുടേത്.
9. വെളിച്ചെണ്ണ – ആവശ്യാനുസരണം.
10. ചുവന്നുള്ളി നീളത്തിലരിഞ്ഞത് – 1 കപ്പ്
11. ബീറ്റ്റൂട്ട് പൊടിയായരിഞ്ഞത് – 1 ടേബിൾ സ്പൂൺ
12. ഇഞ്ചി – വെളുത്തുള്ളി പൊടിയായി അരിഞ്ഞത് – 1 ടേബിൾ സ്പൂൺ
13. ചെറുനാരങ്ങാ നീര് – 1 ടീസ്പൂൺ
14. കറിവേപ്പില, മല്ലിയില, പൊതിന അരിഞ്ഞത് – 1 കപ്പ്

പാകപ്പെടുത്തുന്ന വിധം:

ചിക്കൻ കഷണങ്ങൾ 2 മുതൽ 8 വരെയുള്ള ചേരുവകൾ യോജിപ്പിച്ചു നന്നായി പുരട്ടി മസാല പിടിക്കാൻ വയ്ക്കണം. വെളിച്ചെണ്ണ ചൂടാകുമ്പോൾ ചിക്കൻ കഷണങ്ങളും അരിഞ്ഞുവച്ച കുറച്ച് ഇലക്കൂട്ടും ഇട്ട് ഇടത്തരം ഫ്ലേമിൽ എല്ലാവശവും ഒരേപോലെ മൊരിച്ചെടുത്തു കോരി വയ്ക്കണം.

ബാക്കി എണ്ണയിൽ കുറച്ചെടുത്ത് ഇഞ്ചി വെളുത്തുള്ളി അരിഞ്ഞതു ചേർത്തു വഴന്നാൽ ചുവന്നുള്ളി ഇട്ടുകൊടുത്തു മൂത്തുതുടങ്ങുമ്പോൾ ബീറ്റ്റൂട്ടും കുറച്ച് ഇലക്കൂട്ടും ചെറുനാരങ്ങാനീരും ചേർത്തു തീ കുറച്ച് കുറച്ചൊന്നു വഴറ്റി ചിക്കൻ കഷണങ്ങളിട്ട് ഒന്നുലർത്തിയെടുക്കണം. വിളമ്പാനുള്ള ഡിഷിലേക്കു പകർന്നു മുകളിൽ ബാക്കി ഇലക്കൂട്ടും അൽപം കുരുമുളകുപൊടിയും വിതറിക്കൊടുത്തു റെഡിയാക്കാം.