മലബാറിലെ കക്കറൊട്ടിയും കുഞ്ഞിപ്പത്തലും

ചെറുതാണ് സുന്ദരം എന്നൊരു വിശ്വാസമുണ്ടല്ലോ. വലുപ്പം തീരെക്കുറഞ്ഞ അനേകം വിഭവങ്ങളുണ്ട് മലബാറുകാരുടെ പട്ടികയിൽ. ഓരോ വിഭവത്തെയും ലാളിച്ച‌ു കൊഞ്ചിച്ച് ചില വിളിപ്പേരുകളുമിടും. അത്തരത്തിൽ ഒരു വിഭവമാണ് കുഞ്ഞിപ്പത്തൽ.

‘അല്ല കുഞ്ഞിമ്മോനേ..’ എന്നാണ് പ്രിയപ്പെട്ട, തന്നിൽ പ്രായംകുറഞ്ഞവരെ വിളിക്കുക. ഈ കുഞ്ഞി ചേർത്താണ് കുഞ്ഞിപ്പത്തൽ എന്ന പേരിട്ടത്. എത്ര ഓമനത്തമുള്ള വിളി. പക്ഷേ കുഞ്ഞിപ്പത്തലന്നു പറഞ്ഞാൽ മലബാറുകാരിൽ പലരും ഈ ചെങ്ങായിയെ തിരിച്ചറിയില്ല. പലയിടത്തും കക്ഷിയുടെ പേര് കക്കറൊട്ടി എന്നാണ്. കക്കയിറച്ചിയുടെ മാത്രം വലുപ്പമുള്ള വിഭവമായതിനാലാവാം ഈ പേര്.

മാവ്, അരപ്പ്, മസാല എന്നിങ്ങനെ മൂന്നു ഘട്ടമായാണ് കക്കറൊട്ടിയുടെ പാചകം.

  • പടിപടിയായി പാചകം

അത്യാവശ്യത്തിനു മാത്രം വെള്ളമെടുത്ത് ഒന്നര കപ്പ് അരി, അരക്കപ്പ് തേങ്ങ, 6 ചെറിയ ഉള്ളി,അര സ്പൂൺ ജീരകം എന്നിവ മിക്സിയിൽ അരച്ചെടുക്കുക. ചെറിയ തരിയോടു കൂടി വേണം അരച്ചെടുക്കാൻ. ഇതിലേക്ക് അരക്കപ്പ് പത്തിരിപ്പൊടി ചേർത്ത് പത്തിരിക്ക് മാവുകുഴയ്ക്കുന്നതുപോലെ കുഴച്ചെടുക്കുക. മാവ് ചെറിയ ഉരുളകളാക്കിയ ശേഷം ചെറുതായി കൈകൊണ്ട് അമർത്തി രൂപഭംഗി വരുത്തുക. അപ്പച്ചെമ്പിൽ വെള്ളം വച്ച് ആവിയിൽ 20 മിനിറ്റെങ്കിലും വേവിക്കുക.

രണ്ടാമത്തെ ഘട്ടമായി അരപ്പ് തയ്യാറാക്കാം. ഒരു പാൻ വച്ച് അരമുറി തേങ്ങ ചിരവിയത്, അരസ്പൂൺ ജീരകം, ഒരു സ്പൂൺ മഞ്ഞൾപ്പൊടി എന്നിവ വറുക്കുക. ഇതു തണുത്തശേഷം നല്ലതുപോലെ അരച്ചെടുക്കുക.

  • മൂന്നാംഘട്ടത്തിൽ മസാല തയാറാക്കാം.

ഒരു പാൻ വെച്ച് അതിൽ എണ്ണയൊഴിക്കുക. എണ്ണ ചൂടായ ശേഷം അരിഞ്ഞെടുത്ത രണ്ടു സവാള ചേർത്ത് നല്ലതുപോലെ വഴറ്റുക. അതിലേക്ക് ചെറുതായരിഞ്ഞ ഒരു സ്പൂൺ ഇഞ്ചി, ഒന്നര സ്പൂൺ വെളുത്തുള്ളി, രണ്ടുപച്ചമുളക്, കറിവേപ്പില എന്നിവയിട്ട് നല്ലപോലെ വഴറ്റുക. ഒരു സ്പൂൺ മഞ്ഞൾപ്പൊടിയിട്ട് നല്ലപോലെ ഇളക്കുക. ഒരു സ്പൂൺ മല്ലിപ്പൊടി, അര സ്പൂൺ മുളകുപൊടി എന്നിവയും ചേർക്കുക. പച്ചമണം മാറി എണ്ണ തെളിഞ്ഞു വന്നാൽ തക്കാളി ചേർക്കുക. ഇതിലേക്ക് ഒരു സ്പൂൺ ഗരം മസാല, അര സ്പൂൺ കുരുമുളകുപൊടി, കറുവപ്പട്ടയുടെ ഒരു ഇല, ഉപ്പ് എന്നിവ ചേർക്കുക. നല്ലപോലെ മിക്സ് ചെയ്യുക. ഇതിലേക്ക് അര കിലോ ചിക്കനും ചേർത്തിളക്കുക. ഇത്് ആവശ്യത്തിനു വെള്ളമൊഴിച്ച് മൂടിവെച്ചു 10 മിനിറ്റ് വേവിക്കണം.

തയ്യാറാക്കിവെച്ചിരിക്കുന്ന അരപ്പ് പത്തു മിനിറ്റിനുശേഷം ഇതിലേക്ക് ചേർക്കുക.വീണ്ടും അടച്ചു വച്ച് 5 മിനിറ്റ് വേവിക്കുക. അരപ്പു കുറുകി വരുമ്പോൾ നേരത്തെ വേവിച്ചുവച്ചിരിക്കുന്ന അരിപ്പൊടി ഉരുളകൾ ചേർക്കുക. ഇതു നല്ലപോലെ ഇളക്കണം. അരപ്പു കുറുകി വന്നാൽ ആവശ്യത്തിനു മല്ലിയില ചേർക്കാം.