തൊണ്ടയാട് ബൈപാസിലെ കണ്ടെയ്നർ രുചിലോകം

നിർമിതിയുടെ വിസ്മയമാണ് താജ്മഹൽ. കോഴിക്കോട്ട് നിർമിതിയിലെ പ്രത്യേകതകൊണ്ട് വിസ്മയ ചിത്രമെഴുതുകയാണ് തൊണ്ടയാട് ബൈപാസിലെ മസാ ഡൈൻ റസ്റ്ററന്റ്. താജ് പ്രണയത്തിന്റെ നിത്യഹരിത ഓർമയെങ്കിൽ മസാ മറക്കാത്ത രുചിയുടെ പുതുഓർമയാകും. ഇതൊരു കണ്ടെയ്നർ റസ്റ്ററന്റാണ് എന്നതാണ് പ്രത്യേകത. മൂന്നു നിലകളുള്ള റസ്റ്ററന്റിനെ ഏറ്റവും മുകളിൽ ഒരു കണ്ടെയ്നർ അതേപോലെ കയറ്റിവച്ചിട്ടുണ്ട്. ഏറ്റവും താഴെ റസ്റ്ററന്റിന് മുന്നിലായി ചായ് ബോക്സ് എന്നപേരിൽ പഴയ ചായത്തട്ട് മാതൃകയും കണ്ടെയ്നറിൽ ഒരുക്കിയിരിക്കുന്നു. സന്ധ്യയ്ക്ക് റസ്റ്ററന്റിനു മുന്നിൽ ലൈറ്റുകൾ കൂടി തെളിയുന്നതോടെ കാഴ്ചയുടെ വിസ്മയ ചിത്രമാകുന്ന മസാ കാണാൻ വേണ്ടി മാത്രം വാഹനങ്ങളിലെത്തുന്നവരുമുണ്ട്. 

കാഴ്ചയുടെ മസാ 

ഫറോക്ക് സ്വദേശികളും ബിസിനസുകാരുമായ അഞ്ചുപേർ ചേർന്ന് കണ്ടെയ്നർ കോഫി ഷോപ് തുറക്കാനാണ് ആദ്യം തീരുമാനിച്ചത്. സി. മിർഷാദ്, എ.കെ. ഷംസീർ, ഷമീർ ഷാ, റഷ്നാസ്, എ.കെ. കമാൽ എന്നിവർ വ്യത്യസ്ത ബിസിനസുകൾ ചെയ്യുന്നവർ. ഇവരെല്ലാം റസ്റ്ററന്റ് മേഖലയിൽ ആദ്യം. ഇതിൽ രണ്ടുപേർ പ്രവാസികളാണ്. എല്ലാവരും യാത്രാപ്രിയർ. ദുബായിലെ ബോക്സ് പാർക് വിദൂരമാതൃകയായി ഇവർക്കുമുന്നിലുണ്ടായിരുന്നു. ആദ്യം തൊണ്ടയാട് ബൈപാസിൽ സ്ഥലം ലീസിനെടുത്തു. എന്നാൽ കോഫി ഷോപ് ആശയം പതിയെ വികസിച്ചു വലിയൊരു റസ്റ്ററന്റായി വളർന്നു. ഇങ്ങനെയാണ് മസാ ഡൈൻ റസ്റ്ററന്റ് യാഥാർഥ്യമായത്. സാധാരണ അടിത്തറയിൽ ലോഹ തൂണിന്റെ ചട്ടക്കൂട്ടിൽ കണ്ടെയ്നർ നിർമാണത്തിനുപയോഗിക്കുന്ന ലോഹ പാളികളായ ഡക്കിങ് ഷീറ്റുകൊണ്ടാണ് മസായുടെ ഭിത്തികൾ നിർമിച്ചിരിക്കുന്നത്. മുൻഭാഗം നിറയെ ഗ്ലാസിന്റെ വലിയ പാളികളിട്ടിരിക്കുന്നു. ഓരോ നിലയുടെയും തറ ലോഹഷീറ്റ് വിരിച്ചാണ് ഫ്ലോറിങ് ചെയ്തിരിക്കുന്നത്. ലോഹത്തിലുള്ള ഗോവണിയുടെ ചവിട്ടുപടിയിൽ പ്ലൈവുഡ് വിരിച്ചു. ആവശ്യമുള്ളപ്പോൾ മാറ്റി സ്ഥാപിക്കാൻ ബുദ്ധിമുട്ടില്ലെന്നതും പ്രകൃതി സൗഹൃദ നിർമാണമെന്നതുമാണ് കണ്ടെയ്നർ തിരഞ്ഞെടുത്തതിനു പിന്നിലെ കാരണമെന്ന് റസ്റ്ററന്റ് പാർട്ണർമാരിലൊരാളായ സി. മിർഷാദ് പറയുന്നു. അടുത്ത ഘട്ടമെന്ന നിലയിൽ റസ്റ്ററിന്റെ ഏറ്റവും മുകളിൽ വച്ചിരിക്കുന്ന കണ്ടെയ്നറിൽ ഇറ്റാലിയൻ കഫേ വൈകാതെ പ്രവർത്തനം തുടങ്ങും.

 രുചിലോകം 

‘ഗുഡ് ഫുഡ്, ഗുഡ് മൂഡ്’ എന്നതാണ് മസായുടെ ടാഗ് ലൈൻ. സൗത്ത് ഇന്ത്യൻ, നോർത്ത് ഇന്ത്യൻ, ചൈനീസ്, അറബിക്, തന്തൂർ, കോണ്ടിനെന്‍റൽ രുചികളുടെയെല്ലാം കലവറയാണ് മസാ ഡൈൻ. സാലഡുകൾ, സ്റ്റാർട്ടേഴ്സ്, സൂപ്സ്, ബ്രഡ്സ് തുടങ്ങിയവയിലും വ്യത്യസ്തമായ വിഭവക്കൂട്ടുകൾ ഇവിടുണ്ട്. വെജ്, ബീഫ്, ചിക്കൻ, റൈസ് ആൻഡ് ന്യൂഡിൽസ് എന്നിവയിൽ തിരഞ്ഞെടുക്കാൻ ഏറെ. ഫിഷ് കാന്താരി, ഫിഷ് ചെറുള്ളി, ഫിഷ് തവ ഫ്രൈ എന്നിവ മൽസ്യ വിഭവങ്ങളിൽ ചിലതുമാത്രം. 

അറബിക്കിൽ അൽഫാം, മന്തി, ഗ്രിൽഡ് ഫിഷ് എന്നിവയുണ്ട്. 12 മണി മുതൽ രാത്രി 12 വരെയാണ് പ്രവർത്തന സമയം. റസ്റ്ററന്റിന്റെ താഴത്തെ നിലയിലാണ് ബജറ്റ് റസ്റ്ററന്റ്. 45 പേർക്കിരിക്കാവുന്ന ഇത് ഓപ്പണാണ്. ഒന്നാം നിലയിൽ എസി റസ്റ്ററന്റ്. 

70 പേർക്ക് ഇവിടെയിരിക്കാം. ഏറ്റവും മുകളിലെ നിലയിൽ വിശാലമായ പാർടി ഏരിയയും കഫേയും വൈകാതെ പ്രവർത്തനം തുടങ്ങും. 5600 ചതുരശ്ര അടിയുള്ള റസ്റ്ററന്റിൽ ഇപ്പോൾ 3500 ചതുരശ്ര അടി മാത്രമെ ഉപയോഗത്തിലുള്ളൂ. നിലവിൽ മുൻകൂട്ടി ബുക് ചെയ്താൽ 40 പേർക്കുവരെയുള്ള പാർടികൾ സംഘടിപ്പിക്കാനുള്ള സൗകര്യമുണ്ട്. അടുത്തു തന്നെ 25 മിനിറ്റിൽ തയാറാക്കി നൽകുന്ന ലൈവ് ഫിഷ് സംവിധാനവും പ്രവർത്തനം തുടങ്ങും. റസ്റ്ററന്റിന്റെ ഏഴുകിലോമീറ്റർ ദൂരപരിധിയിൽ ഹോംഡെലിവറിയുമുണ്ട്. ഫോൺ: 0495 2351113. 

ചായ് ബോക്സ് 

ഇതൊരു കണ്ടെയ്നർ ചായത്തട്ട് ആണ്. ചായയ്ക്കും സുലൈമാനിക്കും പുറമെ നാടൻ കടികളും സാൻഡ്വിച്ചും ജ്യൂസും ഷേക്സും ഇവിടെയുണ്ട്. രാവിലെ ഒൻപതു മണിക്ക് തുറക്കുന്ന ചായ് ബോക്സ് രാത്രി 12 മണിവരെയാണ് പ്രവർത്തിക്കുക.