കോകിലാക്ഷിയ്ക്കിഷ്ടം ചോറും മത്തിക്കറിയും...

വീണ

ഏറെക്കുറെ തട്ടീം മുട്ടീം സീരിയലിലെ കോകിലാക്ഷിയെപ്പോലെ തന്നെയാണ് വീണ നായർ. അസൂയയുടെയും കുശുമ്പിന്റെയും കാര്യമല്ല കേട്ടോ...വിശപ്പിന്റെ അസുഖം പണ്ടേയുള്ള കുട്ടിയാണെന്നാണ് കവി ഉദേശിച്ചത്. എന്നാൽ കഴിഞ്ഞ ഒരു മാസമായിട്ട് ചില ദൃഢപ്രതിജ്ഞകൾ ഒക്കെ എടുത്തിരിക്കുകയാണ് വീണ. പൊതുവെ ഭക്ഷണം കണ്ടാൽ പിന്നെ മറ്റൊന്നും കാണാനാകാത്ത വീണ ഇപ്പോൾ കട്ട ഡയറ്റിങ്ങിലാണ്. ജിമ്മിൽ പോകുന്നു, ട്രെയിനറുടെ കീഴിൽ വ്യായാമം ചെയ്യുന്നു...അങ്ങനെയങ്ങനെ... മഴവിൽ മനോരമയിൽ ഉടൻ വരുന്ന തകർപ്പൻ കോമഡി എന്ന ഷോയുടെ അവതാരകവേഷം കൈകാര്യം ചെയ്യാനുള്ള തയാറെടുപ്പിന്റെ ഭാഗമാണ് ഈ ഡയറ്റിങ്. 

സാധാരണ സ്ലിം ബ്യൂട്ടികളാണ് ഇത്തരം ഷോ അവതരിപ്പിക്കാനെത്തുന്നത്. ഇതിനായി എന്നെ തിരഞ്ഞെടുത്തത് ഒരു അപൂർവ സംഭവം തന്നെയാണ്. വീണ പറയുന്നു.

തട്ടീം മുട്ടീം സീരിയലിൽ കുശുമ്പിനൊപ്പം വിശപ്പിന്റെയും അസുഖമുള്ള വേഷമാണ് ചെയ്യുന്നത്. അതുകൊണ്ട് കഥാപാത്രമായി നല്ലോണം ഭക്ഷണം തട്ടി വിടാനൊക്കും എന്ന ഗുണവുമുണ്ട്. ഭക്ഷണ കാര്യത്തിൽ എനിക്ക് ഒരു വേർതിരിവും ഇല്ല. തിരിച്ചു കടിക്കാത്തതെന്തും കഴിക്കും. അതുകൊണ്ട് ചെറുപ്പം മുതലേ അല്പം തടിയൊക്കെയുണ്ട്. പ്രസവം കഴിഞ്ഞതോടെ അത് പിന്നെയും കൂടി. ചോറും മത്തിക്കറിയുമാണ് പ്രിയ ഭക്ഷണം. 

ആദ്യമൊന്നും പാചകമൊന്നും അറിയില്ലായിരുന്നു. കല്യാണം കഴിച്ച ശേഷമാണ് വലിയ കുഴപ്പമില്ലാതെ പാചക പരീക്ഷങ്ങൾ നടത്തിത്തുടങ്ങിയത്. ആദ്യമൊക്കെ പൊടികൾ എല്ലാം കൂടി മിക്സ് ചെയ്തുള്ള അവിയൽ പരീക്ഷണമായിരുന്നു. ഇപ്പോൾ കാര്യങ്ങൾ കൂടുതൽ കയ്യടക്കമായി വരുന്നു.ഭർത്താവ് സ്വാതി സുരേഷ് ദുബായിൽ ആർജെ ആണ്. ഞങ്ങൾക്ക് ഒരു മകനുണ്ട്. പേര് ധൻവ്വിൻ. 

ഭർത്താവും അത്യാവശ്യം ഭക്ഷണപ്രിയനാണ്. പാചകത്തിലും കൈവയ്ക്കാറുണ്ട്. ഭക്ഷണത്തിന്റെ കലവറയാണ് ദുബായ്. ഞാൻ ദുബായിൽ പോകുമ്പോൾ ഭർത്താവുമൊപ്പം നല്ല ഭക്ഷണം കിട്ടുന്ന ഹോട്ടലുകൾ തേടി അലയാറുണ്ട്. തകർപ്പൻ കോമഡിയുടെ ഷൂട്ട് ഒന്ന് കഴിഞ്ഞിട്ട് വേണം ഇനി വീണ്ടും ഫുഡ് അടി തുടങ്ങാൻ.