ചൂണ്ടക്കമ്പിൽ ഇര കോർത്തിട്ട് പിടിച്ച വയൽമീൻ രുചിച്ചിട്ടുണ്ടോ?

കാലവർഷം എത്തുന്നു. വയലുകളിൽ ഞാറു നടുന്ന കാലം. മടവീഴാതെ വരമ്പുകൾ പൊത്തിയെടുക്കണം. വരൂ വയൽമീനുകൾ നീന്തുന്ന പാടങ്ങളിലേക്കു പോകാം. ചൂണ്ടക്കമ്പിൽ ഇര കോർത്തിട്ട് വരമ്പുകളിൽ കാവലിരിക്കാം. വയൽമീനുകളെ ഈർക്കിലിൽ കോർത്തെടുത്ത് പഴയ അടുക്കളയിലേക്കു പോകാം. വ്യത്യസ്തമായൊരു രുചി നിങ്ങളെ കാത്തിരിക്കുന്നുണ്ട്. 

വയലും വീടും മലയാളിക്ക് ഒരുപോലെയായിരുന്ന കാലം അത്ര പിന്നിലല്ല. ഇന്നും വയലിനെയും കൃഷിയെയും മാത്രം ആശ്രയിച്ചു ജീവിക്കുന്ന കുടുംബങ്ങൾ ധാരാളമുണ്ട്. കാലവർഷവും ഞാറ്റുവേലയും ഞാറ്റടിയും ഇരിപ്പു കൃഷിയും കളയും കളനാശിനിയുമൊക്കെ ജീവിതത്തിന്റെ ഭാഗധേയം നിശ്ചയിക്കുന്ന ജീവിതങ്ങൾ. ജീവിതത്തിന്റെ ഭാഗമായി വയലുകൾ മാറിയിരുന്ന അക്കാലത്ത് നെല്ലും, മീനുമെല്ലാം വയലിൽനിന്നുതന്നെ കിട്ടിയിരുന്നു. വയൽമീൻ മലയാളിക്ക് ഗൃഹാതുരമായ രുചിയാണ് ഇന്ന്. നാടൻ വയൽമീനുകൾ കാണാതായതോടെ ആ രുചിക്ക് ഒന്നുകൂടി പ്രിയമേറി. വയൽമീനാകട്ടെ ഇത്തവണ. 

വയൽമീൻ കറി 

1. വയൽമീൻ – ഒരു കിലോ 
(വയൽമീൻ വൃത്തിയാക്കുക ശ്രമകരമായ ജോലിയാണ്. ഒരു വയൽമീനിനെയും തൊലി ഉരിക്കാതെ പാകം ചെയ്യാറില്ല. ചാരം അഥവാ ചാമ്പലിൽ ഉപ്പിട്ട് ഇളക്കിയതിനു ശേഷം മീൻ കുറച്ചു സമയം അതിൽ പുതച്ചുവയ്ക്കുക. അതിനു ശേഷം തൊലി ഇളക്കണം. വീണ്ടും കഴുകി വൃത്തിയാക്കണം.) 

2. തേങ്ങ (തിരുമ്മിയത്) – അരക്കപ്പ് 
3. മഞ്ഞൾപ്പൊടി – ഒരു നുള്ള് 
4. ചെറിയ ഉള്ളി – 3 എണ്ണം 
5. ഇഞ്ചി – ഒരു ചെറിയ കഷണം 
6. മല്ലിപ്പൊടി – ഒരു ചെറിയ സ്പൂൺ 
7. മുളക് പൊടി – 2 ചെറിയ സ്പൂൺ 
8. വാളൻപുളി – പാകത്തിന് 
9. ഉപ്പ് – പാകത്തിന് 
ഉലുവപ്പൊടി – അര സ്പൂൺ 
കറിവേപ്പില – രണ്ട് തണ്ട് 
കുരുമുളക് പൊടി – അര സ്പൂൺ 
വെളിച്ചെണ്ണ – 1 സ്പൂൺ 
പച്ചമുളക് – 4 എണ്ണം 
വെളുത്തുള്ളി – 4 അല്ലി 

പാചകം ചെയ്യുന്ന വിധം:

1. കഴുകി വൃത്തിയാക്കിയ വയൽമീനിൽ ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, കുരുമുളക് ഇവ ചതച്ചു ചേർക്കുക. 

2. വേറൊരു പാത്രത്തിൽ വെളിച്ചെണ്ണ ചൂടാക്കുക. 

3. ഇതിൽ തേങ്ങ തിരുമ്മിയത്, മുളക് പൊടി, മല്ലിപ്പൊടി, ചെറിയ ഉള്ളി, മഞ്ഞൾപ്പൊടി ഇവ ചേർത്ത് ചുമക്കുന്നതുവരെ വറുത്തെടുക്കുക.‌ 

4. ഇത് അമ്മിയിൽവച്ച് നന്നായി അരച്ചെടുക്കുക. 

5. ഇതിൽ വാളൻപുളി പിഴിഞ്ഞു തിളപ്പിക്കുക. ഇതിലേക്ക് നേരത്തേ തയാറാക്കി വച്ചിരിക്കുന്ന മീനിട്ട് വേകുംവരെ തിളപ്പിക്കുക. മീൻ വെന്തുകഴിയുമ്പോൾ ഉപ്പും കറിവേപ്പിലയും ചേർത്ത് വാങ്ങിവയ്ക്കാം. 

വാൽക്കഷണം: വയൽമീൻ കിട്ടാനില്ലാത്ത ഇന്നത്തെ സാഹചര്യത്തിൽ മറ്റു മീനുകൾ ഉപയോഗിച്ച് (പ്രത്യേകിച്ചും പുഴമീനും കായൽ മീനും) ഈ രീതിയിൽ മീൻകറി വയ്ക്കാവുന്നതാണ്.