ഇഷ്കിൽ‍ വിരിഞ്ഞ കായപ്പോള

കായപ്പോള

ഒരു പൂ ചോദിച്ചാൽ പൂക്കാലം തരും എന്നു പറഞ്ഞുകേട്ടിട്ടല്ലേയുള്ളൂ? രുചിയുടെ കാര്യത്തിൽ അതാണ് മലബാറുകാരുടെ സ്വഭാവം. ഒരു മുട്ടയും ഒരു പഴവും ഇത്തിരി പഞ്ചസാരയും മേശപ്പുറത്തുവെച്ചാൽ അതുകൊണ്ട് ഒരായിരം വിഭവങ്ങളുണ്ടാക്കിക്കളയും. മുട്ടമാല, മുട്ടസുർക്ക തുടങ്ങി ഉന്നക്കായ വരെ നീളുന്ന വിഭവങ്ങൾ. നാവിൻതുമ്പിൽ ട്രപ്പീസു കളിക്കുന്ന മലബാർ വിഭവങ്ങൾ ഒട്ടേറെ. കേരളത്തിൽ ആദ്യമായി സർക്കസുകമ്പനി  തുടങ്ങിയതുപോലെ ബേക്കറിയെന്ന രുചിക്കടകൾ പിറന്നു വീണതും മലബാറിലാണ്, അങ്ങു തലശ്ശേരിയിൽ.

കേക്കുണ്ടാക്കാമോ എന്നു ചോദിച്ച സായിപ്പിന്റെ അഹങ്കാരം വെച്ചുപൊറുപ്പിക്കാത്ത തലശ്ശേരിക്കാരൻ. കേരളത്തിൽ ആദ്യമായി ബേക്കറി തുറന്നതും അങ്ങു തലശ്ശേരിയിലാണ്.  ക്രിക്കറ്റു കളിക്കാൻ പഠിപ്പിച്ച സായിപ്പിനെ അടിച്ചു ബൗണ്ടറി കടത്തിയ അതേ തലശ്ശേരിക്കാരൻ. തലശ്ശേരിയുടെ തീൻമേശയിൽ കേക്കിന്റെ പല ഭാവങ്ങൾ വിരിയാറുണ്ട്. എന്നാൽ ഇതേ കേക്കിന്റെ തനി നാടൻ മേക്കോവർ പണ്ടേയ്ക്കുപണ്ടേ നമ്മുടെ അടുക്കളയിലുണ്ടായിരുന്നു. അതാണ് തലശ്ശേരിക്കാരുടെ പോള.

മുട്ടപ്പോള, തരിപ്പോള, കാരറ്റ് പോള, ഇറച്ചിപ്പോള തുടങ്ങിയ അനേകമനേകം പോളകളുണ്ട്. എന്തിനേറെ നാലഞ്ചു മുട്ട കിട്ടിയാൽ ഓടിപ്പോവുന്ന കോഴിയെ വരെ പിടിച്ച് പോളയാക്കിക്കളയും. എന്നാൽ പോളകളിലെ രാജകുമാരനാണ് കായപ്പോള. നല്ല തലപ്പൊക്കം, നാവിലലിയുന്ന നറുമധുരം, പുയ്യാപ്ലയെപ്പോലെ നാണം കലർന്നൊരു പുഞ്ചിരി. അതാണ് കായപ്പോള. ഏത്തപ്പഴവും മുട്ടയും തമ്മിലുള്ള ഇഷ്കിൽ വിരിഞ്ഞ രുചി. 

ഇഷ്കിൽ‍ വിരിഞ്ഞ രുചി

മൂന്നോ നാലോ ഏത്തപ്പഴം ചെറുതായരിഞ്ഞു വെയ്ക്കുക.

∙ചട്ടി ചൂടായി വരുമ്പോൾ ആവശ്യത്തിനു നെയ്യ് ഒഴിച്ച് ചൂടാക്കുക. അതിലേക്ക് അണ്ടിപ്പരിപ്പും ഉണക്കമുന്തിരിയും ഇട്ട് വറുത്തെടുക്കുക. പിന്നീട് ചെറുതായി അരിഞ്ഞുവച്ച നേന്ത്രപ്പഴം വറുത്തെടുക്കുക. അഞ്ചു മുട്ടകൾ‍ ഒരു പാത്രത്തിലേക്ക് പൊട്ടിച്ച് ഒഴിക്കുക. അൽപം പഞ്ചസാര  ചേർത്ത് നന്നായി അടിച്ചെടുക്കുക. 

∙ ഇതിലേക്ക് ഏലക്കാപൊടി ചേർക്കുക. വറുത്തെടുത്ത നേന്ത്രപ്പഴവും ഉണക്കമുന്തിരിയും ചേർത്തു നന്നായി യോജിപ്പിക്കുക. അടിവശം പരന്ന പാൻ അടുപ്പത്ത് വച്ച് എല്ലാവശത്തും നെയ്യ് പുരട്ടുക. ഇതിലേക്ക് തയാറാക്കിയ മുട്ട മിശ്രിതം ഒഴിക്കുക. പത്തുപന്ത്രണ്ടു മിനിറ്റ് ചെറുതീയിൽ വേവിക്കുക. പിന്നീട് തണുക്കാൻ വയ്ക്കുക. അതിനുശേഷം തണുത്ത പലഹാരം ഒരു പാത്രത്തിലേക്ക് മാറ്റാം. ഇതു കേക്കുപോലെ മുറിച്ച് കഷണങ്ങളാക്കി ഉപയോഗിക്കുക.