Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മിഠായിത്തെരുവിലെ കറക്കവും ഉമ്മയൊരുക്കുന്ന ഭക്ഷണവും ഏറെയിഷ്ടം: അൻസിബ

ansiba

കുട്ടിക്കാലത്തെ പെരുന്നാൾ ആഘോഷങ്ങളുടെ ആഹ്ലാദത്തിമിർപ്പ് ഇപ്പോഴും കൂടെയുണ്ട്. പന്നിയങ്കരയിലെ തറവാട്ടുവീട്ടിൽ കൂട്ടുകുടുംബമായി കഴിയവെ എല്ലാവരും ചേർന്നുള്ള ആഘോഷങ്ങളുടെ അവസാനിക്കാത്ത പെരുന്നാൾ രാവും പെരുന്നാൾ ദിന ആഘോഷങ്ങളുമെല്ലാം ഓർക്കുമ്പോൾ തന്നെ മനസ്സിൽ ചെറിയ പെരുന്നാളായി. ഇപ്പോൾ താമസം നഗരത്തിലെ ഫ്ലാറ്റിലേക്കു മാറിയെങ്കിലും ആഘോഷങ്ങൾക്കൊന്നും വലിയ മാറ്റമില്ല. പണ്ട് കുടുംബത്തിലായിരുന്നു ആഘോഷമെങ്കിൽ ഇപ്പോൾ ഫ്ലാറ്റിലെ മറ്റു താമസക്കാരുമായെല്ലാം ചേർന്നാണ് എല്ലാ ആഘോഷങ്ങളും. 

കുട്ടിക്കാലത്തെ പെരുന്നാളിന്റെ ഏറ്റവും നിറമുള്ള ഓർമകൾ നോമ്പ് 20 പിന്നിട്ടാലുള്ള മിഠായിത്തെരുവിലെ  ഷോപ്പിങാണ്. അന്ന് ഇന്നത്തെ പോലെ ഷോപ്പിങ് മാളുകളൊന്നുമില്ലല്ലോ? പുത്തൻ കുപ്പായങ്ങളും ചെരുപ്പുകളും ഫാൻസി ആഭരണങ്ങളുമെല്ലാം വാങ്ങുന്നത് മിഠായിത്തെരുവിലെ ഷോപ്പുകളിൽ നിന്നാണ്. മാത്തറയിലെ റസി‍ഡൻഷ്യൻ സ്കൂളിലെ ഹോസ്റ്റലിൽ താമസിച്ചായിരുന്നു സ്കൂൾ പഠനം. നോമ്പ് 15 വരെ ഹോസ്റ്റലിലായിരിക്കും. ഹോസ്റ്റലിലെ നോമ്പുതുറയെല്ലാം രസകരമായിരുന്നു. മെസിലെ ഭക്ഷണത്തിനു പുറമെ നോമ്പുകാലത്ത് കൂട്ടുകാരുടെ വീടുകളിൽ നിന്നെത്തിക്കുന്ന നോമ്പുതുറ പലഹാരങ്ങൾ കൂടിയാകുമ്പോൾ സംഗതി അടിപൊളിയാകും. ഇതൊക്കെയാണെങ്കിലും മിഠായിത്തെരുവിലെ കറക്കം മിസാകുന്നതു വിഷമിപ്പിക്കാറുണ്ട്.

ഹോസ്റ്റലിൽ‌ നിന്നു പന്നിയങ്കരയിലെ തറവാട്ടുവീട്ടിലെത്തിയാൽ പിന്നെ ആളും ആരവവുമായി ബഹളമാണ്. അനിയത്തിയും കസിൻസും അവരുടെ കൂട്ടുകാരുമായി വലിയൊരു കുട്ടിപട്ടാളം തന്നെ അവിടെയുണ്ട്. നോമ്പ് 20 കഴിഞ്ഞാൽ പിന്നെയുള്ള രാത്രികളിലെല്ലാം പ്രധാന പരിപാടി മിഠായിത്തെരുവിലെ ഷോപ്പിങാണ്. ഉമ്മയും ഉമ്മാമയും ആന്റിമാരും കുട്ടിപട്ടാളവുമെല്ലാമായുള്ള ഷോപ്പിങിൽ പലപ്പോഴും ഒരു ദിവസം രണ്ടോ മുന്നോ ആളുകളുടെ വസ്ത്രങ്ങളേ തിരഞ്ഞെടുക്കാനാകാറുള്ളൂ. അതു കൊണ്ടു തന്നെ ഈ ഷോപ്പിങ് യാത്രകൾ മിക്കവാറും പെരുന്നാൾ തലേന്നു വരെ നീളാറാണ് പതിവ്. പെരുന്നാൾ തലേന്ന് എന്റെ പ്രധാന പരിപാടി കുട്ടിപട്ടാളത്തിനു മൈലാഞ്ചി ഇട്ടു കൊടുക്കലായിരുന്നു. അതിനിടയിൽ അവരുടെ വാശിയും പിണങ്ങിപോക്കും മുതിർന്നവരുടെ ഇടപെടലുകളും എല്ലാമായി ബഹളമയമായിരിക്കും. മൈലാഞ്ചിയിടാൻ അടുത്ത വീടുകളിലെ മുസ്‍ലിംകളല്ലാത്ത കുട്ടികളും എത്തും. 

മൈലാഞ്ചിയിടൽ പൂർത്തിയാകുമ്പോഴേക്കും കുടുംബത്തിലെ വലിയ ഇക്കാക്കമാരെല്ലാം ചേർന്ന് മുറ്റത്ത് കലാപരിപാടികൾ തുടങ്ങിയിട്ടുണ്ടാകും. മിമിക്രിയും മോണോ ആക്ടും മാപ്പിളപ്പാട്ടും എല്ലാമായി കലാപരിപാടികൾ കൊഴുക്കുമ്പോൾ ഞങ്ങളെല്ലാം കാഴ്ചക്കാരാകും. പെരുന്നാൾ ദിനത്തിലെ ഞങ്ങളുടെ വലിയ ആഹ്ലാദം ബീച്ചിലെ ഈദ്ഗാഹിൽ പങ്കെടുക്കലാണ്. ബീച്ചിലെ പെരുന്നാൾ നിസ്കാരം കഴിഞ്ഞാ‍ൽ അവിടെ വച്ചു പലപ്പോഴും സ്കൂളിലെ കൂട്ടുകാരെയും അവരുടെ കുടുംബത്തെയുമെല്ലാം കാണാറുണ്ട്. മഴ ശക്തമാകുമ്പോൾ ബീച്ചിലെ ഈദ്ഗാഹ് ഉണ്ടാകാറില്ല. ഇതു വലിയ സങ്കടം ഉണ്ടാക്കാറുണ്ട്. അതിനാൽ പെരുന്നാൾ തലേന്നത്തെ പ്രധാന പ്രാർഥന പെരുന്നാളിനു മഴ പെയ്യല്ലേയെന്നാണ്. പെരുന്നാൾ നിസ്കാരം കഴിഞ്ഞു വീട്ടിലെത്തിയാൽ പിന്നെ പാചക വിദഗ്ധകൂടിയായ ഉമ്മ റസിയയുണ്ടാക്കിയ പെരുന്നാൾ വിഭവങ്ങളുമായൊരു പിടിത്തമാണ്. അയൽവാസികളും കുടുംബാംഗങ്ങളും എല്ലാമായി വലിയൊരു സംഘം തന്നെ ഉമ്മയുണ്ടാക്കുന്ന പെരുന്നാൾ വിഭവങ്ങൾ കഴിക്കാനുണ്ടാകും. മിക്ക പെരുന്നാളിനും അപ്രതീക്ഷിത അതിഥികളും ഉണ്ടാകാറുണ്ട്. ഉച്ചഭക്ഷണത്തിനു ശേഷം എല്ലാവരും ചേർന്നു സിനിമകാണാൻ പോകുന്നതായിരുന്നു മറ്റൊരു ആഹ്ലാദം. നോമ്പിന്റെ വ്രതശുദ്ധിയിൽ ഒരു മാസത്തോളം ടിവി പോലും കാണാതെയിരിക്കുന്ന ഞങ്ങൾക്ക് പെരുന്നാൾ സിനിമകൾ നൽകിയിരുന്ന ആഹ്ലാദം പറഞ്ഞറിയിക്കാനാകില്ല. നല്ല കാലാവസ്ഥയാണെങ്കിൽ പെരുന്നാൾ പിറ്റേന്ന് ചില വിനോദയാത്രകളും പതിവായിരുന്നു.