ശബ്ദമുള്ളതും ശബ്ദമില്ലാത്തതുമായ ചില 70 എം എം മസാലദോശകൾ

‘സെവന്റി എംഎം വിസ്താരമ’ എന്നൊരു പരിപാടി ഉണ്ടായിരുന്നു പണ്ട്. സിനിമാ പ്രേമികളെ ആകർഷിക്കാൻ. ഇന്ത്യൻ സിനിമയ്ക്കു പഴയ ബോംബെ നഗരത്തോടുണ്ടായിരുന്നതുപോലെ മലയാള സിനിമയ്ക്കു കൊച്ചിയോട് റൊമാൻസ് തുടങ്ങിയ കാലം. സാധാരണ വെള്ളിത്തിരയെ വെല്ലുന്ന വലുപ്പമുണ്ടായിരുന്നു സെവന്റി എംഎം വിസ്താരമയ്ക്ക്. അതിലാണു കാണികൾ നിറമുള്ള സിനിമകൾ കണ്ണുതള്ളി കണ്ടു മനസ്സു നിറച്ചിരുന്നത്. പറഞ്ഞുവരുന്നതു സിനിമയെക്കുറിച്ചല്ല; മസാലദോശയെക്കുറിച്ചാണ്. മസാലദോശയെക്കുറിച്ചു പറയുമ്പോൾ മുതിർന്ന തലമുറയിലെ പലർക്കും സിനിമയിലെ ചില മാദകക്കാഴ്ചകളുമായി സാമ്യം തോന്നുന്നെങ്കിൽ അതു സ്വാഭാവികം മാത്രം. പാലാരിവട്ടത്തുനിന്നു സിവിൽലൈൻ റോഡിലൂടെ കാക്കനാട് ദിശയിലേക്കു പോകുമ്പോൾ ചെമ്പുമുക്ക്. അവിടെനിന്ന് ഇടത്തേക്കു ചെറുപാതയിലൂടെ അൽപം മുന്നോട്ടുപോയാൽ ഇടതുവശത്തു ജാനകീറാം, നിറയെ രുചിയുടെ ചിത്രങ്ങൾ... ശബ്ദമുള്ളതും ശബ്ദമില്ലാത്തതും. അവിടെയുണ്ട് ഒരു മസാലദോശ. മൈസൂർ മസാലദോശ. കൊച്ചിയിൽനിന്നു മൈസൂർവരെ പോകണമെങ്കിൽ 300 കിലോമീറ്ററിലധികംവരും. ഇവിടെ, ജാനകീറാമിൽ മൈസൂർ നമ്മുടെ അടുത്തേക്കുവരും. 

സെവന്റി എംഎം വിസ്താരമ സ്ക്രീനിൽ നായികാനായകൻമാരും വില്ലൻമാരും സ്ക്രീനിന്റെ നടുവിലേക്കു വന്നാണു ഡയലോഗ് കാച്ചുക. അതുപോലെതന്നെയാണു നമ്മുടെ സാദാ മസാലദോശയും. മസാലയെന്ന മദാലസദൃശ്യം ദോശയുടെ നടുവിലിരുന്നാണു വിരുന്നുവിളിക്കുന്നതും രുചിയൂട്ടുന്നതും. എന്നാൽ മൈസൂർ മസാലദോശയിൽ സംഗതി മറിച്ചാണ്. സ്ക്രീനിൽ പരന്നങ്ങനെ കിടക്കുകയാണു മസാല. ത്രികോണാകൃതിയിൽ മടക്കിയെടുത്ത ദോശയുടെ തലങ്ങും വിലങ്ങും നിറഞ്ഞിരിക്കുന്നു മസാല. നിറഞ്ഞു എന്നു പറ‍ഞ്ഞാൽ പരന്നുവ്യാപിച്ചിരിക്കുന്നു. ഏതറ്റത്തുനിന്നു പിടിച്ചാലും അതിലുണ്ട് മസാല. ചുമ്മാ ഉരുളക്കിഴങ്ങ് പുഴുങ്ങിപ്പൊടിച്ചുണ്ടാക്കിയ മസാലയല്ല. അതിലേറെയുണ്ടു സസ്പെൻസ്. ഉരുളക്കിഴങ്ങും ക്യാരറ്റും പച്ചമുളകും വറ്റൽമുളകും സവാളനാരുകളുമെല്ലാം ചേർന്ന മസാല. അരച്ചുപുരട്ടിയ മുളകിന്റെ ഭംഗിവേറേ. ചൂടുപിടിച്ച ദോശക്കല്ലിൽ പാകത്തിനു പായ്‌വിരിച്ചു കിടന്ന് എഴുന്നേറ്റപ്പോഴുള്ള കാരണവഭാവം. വടിവൊത്ത ഖാദി ചുളിവുവീഴാതെ കൊണ്ടുനടക്കുന്ന രാഷ്ട്രീയക്കാരന്റെ പ്രൗഢി ദോശയ്ക്ക്. ചൂട് കൈവിടാതെ അടക്കിപ്പിടിക്കുന്ന കയ്യൊതുക്കം. എല്ലാറ്റിനുമുപരി മെല്ലെ, മെല്ലെ, അങ്ങനെയങ്ങനെ നുള്ളിപ്പെറുക്കി, പൊള്ളുന്ന വിരൽത്തുമ്പുകളോടു സോറി പറഞ്ഞു വായിലേക്കു വയ്ക്കുമ്പോൾ രുചിയുടെ വിസ്താരമ സ്ക്രീനിലേക്കു പടരുന്ന മസാലദൃശ്യങ്ങൾ. നായകനും നായികയും വില്ലനും ആരൊക്കെയാണാവോ? എരിവാണോ, വെന്തുപാകമായ സവാളയുടെ പൊടിമധുര രസമാണോ, മുളകിന്റെ നേരിയ നീറ്റലാണോ...? 

തിരുനൽവേലി സ്വദേശി മാരിമുത്തു നാലുവർഷം മുൻപു തുടങ്ങിയതാണ് ശ്രീജാനകീറാം ഹോട്ടൽ. ചെറിയൊരു ഭക്ഷണശാല. നാലു മേശ. 16 പേർക്ക് ഇരിക്കാം. ഇരിക്കണമെന്നു നിർബന്ധമുള്ളവർക്കു മാത്രം. നിന്നുകഴിക്കാൻ സന്തോഷമേയുള്ളൂവെന്ന് നിൽപൻമാരുടെ മുഖം കണ്ടാലറിയാം. റോഡരികിലും റോഡിന് എതിർവശത്തും നിന്നും, നിന്ന നിൽപിൽ ഇരിക്കുന്ന പോസിലുമെല്ലാം ആളുകൾ കഴിക്കുകയാണ് ഈ രുചിവിഭവങ്ങൾ. അതുതന്നെ ഒരു സെവന്റി എംഎം വിസ്താരമ കാഴ്ചയാണ്. ഇവിടത്തെ രുചിയുടെ ചിത്രത്തിനു ശബ്ദമുണ്ട്, അതെ, ചിലതു കറുമുറാ കടിച്ചുപൊട്ടിച്ചു തിന്നാവുന്നതാണ്. ചിലതു തിന്നുമ്പോൾ ശബ്ദം പുറത്തുവരുന്നതേയില്ല. നിശബ്ദചിത്രം. പഴംപൊരി, പലതരം വടകൾ എന്നിവയൊക്കെയുണ്ട്. പലതരം ചട്നികളുടെ അകമ്പടിയും. പിന്നെ തരാതരം ചായകൾ. ചായകളുടെയും പാലുകളുടെയും വെള്ളങ്ങൾ. അടിച്ചുപതപ്പിച്ച പാലുംവെള്ളത്തിനുമീതെ, അതിന്റെ പതയുടെ മേലേ തേയിലവെള്ളം ഒരു പൂക്കളമിടുന്നതുപോലെ വീഴ്ത്തുന്നൊരു ചായയുണ്ട്. ഗംഭീരം. കണ്ണിനും നാവിനും. പിന്നെ, പെപ്പർ ടീ, ജിഞ്ചർ ടീ, ഗ്രീൻ ടീ, ലെമൺ ടീ. എന്തും കുടിക്കാം. കടിക്കാൻ മധുരപലഹാരങ്ങളുമുണ്ട്.