കളത്തിൽ പുലി, തീൻമേശയിൽ സാത്വികൻ

 മെസ്സിയായിരിക്കും ലോകകപ്പ് ഫുട്ബോളിൽ ഇപ്പോൾ ഏറ്റവുമധികം ടെൻഷൻ അനുഭവിക്കുന്ന താരം. ദൈവമെന്ന പരിവേഷം കാരണം മെസ്സിക്ക് ഓരോ പിഴവിനും കനത്ത വില നൽകേണ്ടി വരും. സൂപ്പർതാരമായി നിൽക്കുമ്പോഴും നിഷ്കളങ്കത നിറഞ്ഞ പുഞ്ചിരിയോടെ കളിക്കളം വാഴാൻ മെസ്സി പാടുപെടുകയാണ്.

2014 ലോകകപ്പിനു ശേഷം മെസ്സി  ഇറ്റലിക്കാരനായ ഗില്യാനോ പോസർ എന്ന ഡയറ്റീഷ്യനെ സമീപിച്ചത് വാർത്തയായിരുന്നു. പിന്നീടിങ്ങോട്ട് മെസ്സി തന്റെ ഭാരം വെട്ടിക്കുറച്ചു. ഇറ്റലിക്കാരൻ നല്ല ഒന്നാന്തരം  വെജിറ്റേറിയൻ‍ ഡയറ്റാണ് മെസിക്കുവേണ്ടി നിർദേശിച്ചത്. വെജിറ്റേറിയൻഎന്നല്ല പക്ക ‘വെഗാൻ’ ഡയറ്റ് എന്നു  വേണം പറയാൻ. പാലും മുട്ടയും പോലും കഴിക്കാത്ത ശുദ്ധ  പച്ചക്കറി ഡയറ്റ്. ഒലീവ് ഓയിൽ, ധാന്യങ്ങൾ, ഫ്രഷായ പഴങ്ങൾ, പച്ചക്കറികൾ, പല തരം കടലകൾ, മുളപ്പിച്ച വിത്തുകൾ തുടങ്ങി സാത്വികഭക്ഷണത്തിലാണ് മെസ്സി.

ഏതൊരു അർജന്റീനക്കാരനേയും പോലെ നന്നായി ബീഫും ചിക്കനും പോർ‍ക്കും കഴിച്ചിരുന്നയാളാണ് മെസ്സി. പാവം ഇപ്പോൾ പിസ പോലും കഴിക്കാതെയായി. വെണ്ടക്കയും തക്കാളിയും കഴിക്കുന്നവനെ എന്തിനു കൊള്ളാം എന്നു പരിഹസിക്കുന്നവർക്കുള്ള മറുപടിയാണ് മെസി.

ഓരോ മൽസരത്തിനും മുൻപ് കൃത്യമായ  ഡയറ്റ പ്ലാൻ നടപ്പാക്കുന്നയാൾ കൂടിയാണ് മെസി. മൽസരത്തിനു പത്തുദിവസം മുൻപ് കാർബോ ഹൈഡ്രേറ്റുള്ള ഭക്ഷണം പൂർണമായും ഒഴിവാക്കും. മൂന്നു തവണ പ്രൊട്ടീൻ ഷേയ്ക്ക്, ഏഴോ എട്ടോ ഗ്ലാസ് വെള്ളം എന്നിവയാണ്ഈ ദിവസങ്ങളിൽ കഴിക്കുന്നതിൽ എടുത്തുപറയാവുന്ന ഇനങ്ങൾ‍.

മൽസരത്തിന് അഞ്ചു ദിവസം മുൻപ് വെജിറ്റബിൾ സൂപ്പ് കഴിച്ചു തുടങ്ങും. ഓരോ നേരവും ഭക്ഷണത്തിനു മുൻപ് സൂപ്പ് നിർബന്ധമാക്കും. അതിൽ മഞ്ഞൾപ്പൊടി, മുളകുപൊടി, മല്ലിപ്പൊടി, ഇഞ്ചി എന്നിവ കൃത്യമായ അളവിൽ ചേർക്കും. ശരീരത്തിൽ രക്തപ്രവാഹം കൃത്യമാക്കാൻ ഇതു സഹായിക്കും. മൽസരത്തിന്റെ തലേദിവസം പുഴുങ്ങിയ ഉരുളക്കിഴങ്ങും ധാരാളം പച്ചക്കറികളും പഴങ്ങളും അടങ്ങിയ ഭക്ഷണം കഴിക്കും.വെഗാൻ ആവുന്നതിനു മുൻപ് ഈ ദിവസം ചിക്കൻ, ചെമ്മീൻ തുടങ്ങിയവ നിർബന്ധമായിരുന്നു.മൽസരത്തിനു ആറു മണിക്കൂര് മുൻപ് കാർബോഹൈഡ്രേറ്റ് തീരെല്ലാത്ത ഓട്സ് പോലുള്ളവ കഴിക്കും. ഈ സമയത്ത് മുൻപ് മുട്ടയുടെ വെള്ളയും കഴിച്ചിരുന്നു. കളിക്കാനിറങ്ങുന്നിനു ഒന്നര മണിക്കൂർ മുൻപ് മാമ്പഴം, ആപ്പിൾ, വാഴപ്പഴം എന്നിവയിൽ ഏതെങ്കിലും കഴിക്കും.

ചുരുക്കിപ്പറഞ്ഞാൽ അളന്നുമുറിച്ച ഡയറ്റ് പ്ലാൻ, കൃത്യമായ വ്യായാമമുറകൾ, സൗഹൃദവും സന്തോഷവും  നിറഞ്ഞ ജീവിതശൈലി എന്നിവയാണ് മെസിയെ മിശിഹയാക്കി മാറ്റിയത്.