പേളിയുടെ പാചകപരീക്ഷണങ്ങൾ

മിനിസ്‌ക്രീനിലൂടെ കുടുംബപ്രേക്ഷകരുടെയും ന്യൂജെനറേഷന്റെയും പ്രിയങ്കരിയായ പേളി മാണി തന്റെ ഭക്ഷണഇഷ്ടങ്ങൾ പങ്കുവയ്ക്കുന്നു.

കണ്ടാൽ തോന്നില്ലെങ്കിലും ഞാൻ അത്യാവശ്യം ഭക്ഷണപ്രിയയാണ്. തിരിച്ചു കടിക്കാത്തതെന്തും പരീക്ഷിച്ചു നോക്കാറുണ്ട്. യാത്രകൾ പോകുമ്പോൾ ആ രാജ്യങ്ങളിലെ രുചി വൈവിധ്യങ്ങൾ പരീക്ഷിക്കാറുണ്ട്. 

ചോറും കറിയുമാണ് ഇഷ്ടഭക്ഷണം. രസമുണ്ടെങ്കിൽ എത്ര ചോറ് വേണമെങ്കിലും കഴിക്കും. പിന്നെ തോരനുകൾ ഇഷ്ടമാണ്. ചീരത്തോരനും തൈരും ചേർത്ത് കഴിക്കാൻ നല്ല സ്വാദാണ്. ദോശയാണ് പിന്നെ പ്രേമം. രാത്രിയിൽ വീട്ടിൽ ദോശ ഉണ്ടാക്കുന്ന ദിവസം ഒരു തട്ടുകടയിലെ പോലെ തിരക്കാണ്. അമ്മ ദോശ ഉണ്ടാക്കിക്കൊണ്ടിരിക്കും ഞങ്ങൾ എല്ലാം മൽസരിച്ച് കഴിക്കും. ഏഴെട്ട് ദോശ ഒറ്റയിരുപ്പിനു ഞാൻ അകത്താക്കും.

പഴങ്കഞ്ഞി ഇഷ്ടമാണ്. രാത്രി ഷോ കഴിഞ്ഞു വന്നു താമസിച്ച് എഴുന്നേൽക്കുമ്പോൾ തലേദിവസത്തെ ചോറിൽ തണുത്ത വെള്ളമൊഴിച്ച് കാന്താരിമുളകും ഉള്ളിയും ചതച്ചിട്ട്, മീൻകറിയുടെ ചാറും കൂടി ഇട്ടിളക്കി ഒരു പിടി പിടിക്കും. എന്നാ സ്വാദാന്നോ...!

പാചകം... 

പാചകമില്ല, വാചകം മാത്രമേയുള്ളൂ. ഞാനൊരു കൂട്ടുകുടുംബത്തിലാണ് ജീവിക്കുന്നത്. മമ്മിയും മമ്മിയുടെ അനിയത്തിയുമാണ് അടുക്കള വിഭാഗം കൈകാര്യം ചെയ്യുന്നത്. പിന്നെ ഇടയ്ക്ക് മമ്മിയുടെ നിർബന്ധത്തിനു അടുക്കളയിൽ കയറി ചെറിയ മിക്സിങ് പരീക്ഷണങ്ങൾ ചെയ്യാറുണ്ട്. കറിപ്പൊടികൾ എല്ലാം കൂട്ടിക്കലർത്തി 'പേളി സ്‌പെഷൽ' ഫുഡ് ഐറ്റംസ് ഉണ്ടാക്കും. മറ്റുള്ളവർക്ക് ജീവനിൽ കൊതിയുള്ളതുകൊണ്ട് മിക്കവാറും ഞാൻ തന്നെ കഴിച്ചു തീർക്കേണ്ടി വരും എന്നതാണ് പ്രശ്നം...

ഡയറ്റിങ്..

പലരെയും കണ്ടിട്ടുണ്ട്, ഇഷ്ടമുള്ള ഭക്ഷണം വേണ്ടായെന്നു വച്ച് വിഷമിച്ച് ഇരിക്കുന്നത്. എന്റെ അഭിപ്രായമനുസരിച്ച് നിങ്ങൾക്ക് ഇഷ്ടമുള്ള ഭക്ഷണം കഴിച്ച് സന്തോഷത്തോടെ ഇരിക്കുക. ഓരോരുത്തരുടെയും ശരീരപ്രകൃതി വ്യത്യസ്തമാണ്. ചിലർ ഒന്നും കഴിച്ചില്ലെങ്കിലും തടി വയ്ക്കുന്നവരായിരിക്കും. ചിലർ എന്ത് കഴിച്ചാലും മെലിഞ്ഞിരിക്കും. എന്ത് ഭക്ഷണമാണെങ്കിലും ആസ്വദിച്ച് കഴിക്കുക. വലിച്ചുവാരി കഴിക്കാതിരിക്കാൻ ശ്രദ്ധിച്ചാൽ മതി.