ലക്കോട്ടപ്പം: രുചിയൂറുന്ന വിഭവം കണ്ടാൽ കൊതിയൂറില്ല!

‘ഇയ്യെന്താണീ പറേണത്! പണ്ടത്തപ്പോൽത്തെ ബപ്പക്കാര് മാണ്ടേ..പ്പൊ ഓലില്ല...’

പണ്ടുള്ള പാചകക്കാരുടെ കൈപ്പുണ്യമുള്ളവർ ഇപ്പോഴില്ല എന്ന് മലബാറിന്റെ നാട്ടുഭാഷയിൽ ഒന്നു നെടുവീർപ്പിട്ടതാണ്. ഓർമയായ കാലത്തെ രുചിപ്പെരുമയെക്കുറിച്ച് ഇപ്പോഴും വീമ്പുപറഞ്ഞു നടക്കുകയാണ് പലരും. എങ്കിലും തലമുറകളായി കൈമാറിക്കിട്ടിയ രുചിവൈവിധ്യം ഇപ്പോഴും മലബാറിലെ വീടുകളിൽ പരിപാലിച്ചുപോരുന്നുണ്ട്. വാട്സാപ്പും മെസഞ്ചറും ഇമെയിലുമൊക്കെ സജീവമായതോടെ കത്തെഴുത്ത് പലരും മറന്നുകഴിഞ്ഞു. മലബാറിലെ രുചിപോലെ ആരും കത്തെഴുത്ത് പാരമ്പര്യമായി സൂക്ഷിക്കുന്നില്ലല്ലോ. എങ്കിലും മലബാറിൽ തപാലുമായി ബന്ധപ്പെട്ട ഒരു വിഭവമുണ്ട്. രുചിയൂറുന്ന വിഭവം കണ്ടാൽ കൊതിയൂറില്ല. കാരണം ആദ്യകാഴ്ചയിൽ ഒരു തപാൽകവറിനെ ഓർമിപ്പിക്കുന്നതാണ് കക്ഷി. ലക്കോട്ടപ്പം എന്നാണ് വിളിപ്പേര്. തപാൽക്കവറിന് പഴമക്കാർ വിളിച്ചിരുന്ന പേരാണ് ലക്കോട്ട്. മൈദയും മുട്ടയും കിട്ടിയാൽ പത്തയ്യായിരം വിഭവമുണ്ടാക്കുന്ന വടക്കേമലബാറുകാരുടെ അടുക്കളയിലാണ് ലക്കോട്ടപ്പവും പിറന്നു വീണത്.

പോസ്റ്റു ചെയ്യാം, ഈ ലക്കോട്ട്

നാലു മുട്ടയും രണ്ടര സ്പൂൺ പഞ്ചസാരയും നാല് അണ്ടിപ്പരിപ്പുമെടുക്കുക. പത്ത് ഉണക്ക മുന്തിരിയും മൂന്നുനുള്ള് എലയ്ക്കപ്പൊടിയും യോജിപ്പിക്കുക. ഒരു പാനിൽ നെയ്യൊഴിച്ച് അതിലേക്ക് ഈ കൂട്ട് ഒഴിച്ച് ചിക്കിയെടുക്കുക. രണ്ടര സ്പൂൺ പഞ്ചസാരയും ഒന്നരക്കപ്പ് മൈദയും ആവശ്യത്തിന് വെള്ളവും ചേർത്ത് ഒരു കപ്പ് കോഴിമുട്ട നല്ല അയവിൽ കലക്കിയെടുക്കുക. ഒരു നുള്ള് ഉപ്പും ചേർക്കുക. ചൂടായ ദോശക്കല്ലിൽ പൂരിയുടെ വലുപ്പത്തിൽ ദോശപോലെ ഒഴിക്കുക. ചിക്കിയെടുത്ത മുട്ട നടുവിൽവെച്ച് നാലുഭാഗവും മടക്കിയെടുക്കുക. ഇങ്ങനെ നാലെണ്ണം ഉണ്ടാക്കുക.ഒരു കപ്പ് പഞ്ചസാരയിൽ ഒരു കപ്പ് വെള്ളമൊഴിച്ച് പാനിയായി പാവുകാച്ചിയെടുക്കുക. അപ്പം എടുത്ത് നടുഭാഗം നാലായി കീറി പാനിയൊഴിച്ച് കഴിക്കാം.