പുതൂര്‍പ്പള്ളിയിലെ ക്യാംപില്‍ ഇന്ന് പെരുന്നാള്‍ ആഘോഷം അവരൊന്നിച്ച്

ചങ്ങനാശേരി പുതൂർപ്പള്ളി മുസ്‌ലിം ജമാ അത്തിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ദുരിതാശ്വാസ ക്യാംപിലെ വീട്ടമ്മമാർ ബലിപ്പെരുന്നാളിനുള്ള വിഭവങ്ങൾ തയാറാക്കാൻ നേതൃത്വം നൽകുന്നു

ചങ്ങനാശേരി പുതൂർപ്പള്ളി മുസ്​ലിം ജമാ അത്തിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ദുരിതാശ്വാസ ക്യാംപിലെ അമ്മമാർക്ക് ഇന്നലെ തിരക്കുപിടിച്ച ദിനമായിരുന്നു. അറഫ നോമ്പ് തുറക്കുന്നവർക്കായി തരിപ്പായസം തയാറാക്കാനുള്ള തിരക്കിലായിരുന്നു ഈ അമ്മമാർ. ഇന്നു ബലിപെരുന്നാളിനു മുന്നോടിയായുള്ള നോമ്പ് മുസ്‌ലിം സഹോദരങ്ങളാണ് അനുഷ്ഠിച്ചതെങ്കിലും ഇവർക്കുള്ള വിഭവങ്ങൾ തയാറാക്കാൻ മുന്നിൽ നിന്നതു മറ്റു മത വിഭാഗങ്ങളിലുള്ള ആളുകളാണ്. ഇന്നത്തെ പെരുന്നാളിനുള്ള വിഭവങ്ങൾക്കായുള്ള പച്ചക്കറികൾ അരിഞ്ഞതും ഇവരാണ്. 

ഇത്തവണത്തെ പെരുന്നാളിനായി ക്യാംപിൽ തയാറാക്കുന്ന ബിരിയാണിയുടെ ചെമ്പ് തുറക്കുമ്പോൾ സാഹോദര്യത്തിന്റെ സുഗന്ധവും പരക്കുമെന്ന് ഉറപ്പാണ്. കുട്ടനാടൻ പ്രദേശങ്ങളായ മുട്ടാർ, രാമങ്കരി ഭാഗങ്ങളിൽ നിന്നു വെള്ളപ്പൊക്കത്തെ തുടർന്നു പലായനം ചെയ്ത ‍260 കുടുംബങ്ങളാണു പുതൂർപ്പള്ളിയിലെ ക്യാംപിലുള്ളത്. ദുരന്തക്കാഴ്ചകൾ ഇവരുടെ കൺമുന്നിൽ നിന്നു മായുന്നില്ലെങ്കിലും പെരുന്നാളിൽ പങ്കുചേർന്നു ദുഃഖം മറക്കാനുള്ള ശ്രമത്തിലാണ് ഈ കുടുംബങ്ങൾ.

പ്രത്യേക വിഭവങ്ങൾ ഒരുക്കി ക്യാംപിൽത്തന്നെ ബലിപെരുന്നാൾ അവിസ്മരണീയമാക്കാനുള്ള തയാറെടുപ്പിലാണു ജമാഅത്ത് അധികൃതർ. ജമാഅത്തിലെ ആളുകളും ക്യാപിലെ അംഗങ്ങൾക്കൊപ്പമാവും ഭക്ഷണം കഴിക്കുക. പുറത്തു നിന്നുള്ള ആളുകളെയും പെരുന്നാളിനായി ക്ഷണിച്ചിട്ടുണ്ട്.