ഭക്ഷണം പാകം ചെയ്ത് ദുരിതാശ്വാസ നിധിയിലേക്ക് അരക്കോടി

സുരേഷ് പിള്ള

കുക്ക് ഫോർ കേരള – ഭക്ഷണശാലയിലെ ഒരു ദിവസത്തെ വരുമാനം പ്രളയക്കെടുതി നേരിടുന്ന കേരളത്തിന് – ഈ ആശയത്തിന് സമൂഹമാധ്യമങ്ങളിൽ വൻ സ്വീകാര്യതയാണ് ലഭിച്ചത്. ഓസ്ട്രേലിയ, യുഎഇ, ഇംഗ്ലണ്ട്, ന്യൂസീലാൻഡ് തുടങ്ങിയ രാജ്യങ്ങളിൽ ഇതിനോടകം ഭക്ഷ്യമേളകൾ നടന്നു കഴിഞ്ഞു. ഫ്രാൻസ്, ജർമനി എന്നിവിടങ്ങളിലുള്ള മലയാളി ഷെഫുമാരും ഇതിന്റെ ഭാഗമാകാൻ മുന്നോട്ടുവന്നു കഴിഞ്ഞു. അരക്കോടിയോളം രൂപ ഇതിനോടകം സമാഹരിച്ചിട്ടുണ്ട്. 

കൊല്ലം റാവിസ് ഹോട്ടൽ എക്സിക്യൂട്ടീവ് ഷെഫ് സുരേഷ് പിള്ളയുടെ ആശയത്തിൽ നിന്നാണ് ‘കുക്ക് ഫോർ കേരള’ തുടങ്ങിയത്. പ്രളയത്തിൽ അകപ്പെട്ടവർക്ക് കൈത്താങ്ങായി മലയാളി ഷെഫുകളുടെ ശ്രദ്ധ ക്ഷണിച്ചു കൊണ്ടുള്ള ഫെയ്സ് ബുക്ക് പോസ്റ്റിന് വൻ സ്വീകാര്യത ലഭിച്ചിരുന്നു. സിറിയയിൽ യുദ്ധക്കെടുതിയിൽ അകപ്പെട്ടവരെ സഹായിക്കാൻ ആരംഭിച്ച ‘കുക്ക് ഫോർ സിറിയ’ പദ്ധതിയിൽ നിന്നാണ് ഇത്തരമൊരു ആശയം ഊരിത്തിരിഞ്ഞു വന്നത്.

സിഡ്നിയിൽ നിന്നുള്ള മലയാളി ഷെഫ് അജിത്തിന്റെ നേതൃത്വത്തിൽ എണ്ണൂറുപേർക്കു സദ്യയൊരുക്കി നേടിയത് ഏഴര ലക്ഷം രൂപയാണ്. മലയാളികൾ എണ്ണത്തിൽ വളരെ കുറവുള്ള മൊറോക്കോയിൽ ലിജു എന്ന ഷെഫ് ഒറ്റ ദിവസം കൊണ്ട് സമാഹരിച്ചത് രണ്ടര ലക്ഷം രൂപയും. വിദേശ മലയാളികളായ നിരവധി വീട്ടമ്മമാരും കുക്ക് ഫോർ കേരളയുടെ ഭാഗമാകുന്നുണ്ട്. ഒരു കോടി രൂപയെങ്കിലും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു സ്വരുക്കൂട്ടാനാകുമെന്നാണ് കരുതുന്നത്.

കുക്ക് ഫോർ കേരള എന്ന പേരിൽ പുസ്തകമിറക്കി അതിന്റെ ലാഭവിഹിതം പ്രളയത്തിൽ ദുരിതം അനുഭവിക്കുന്ന കുഞ്ഞുങ്ങളുടെ പഠനത്തിനു വേണ്ടി ചിലവിടാനുള്ള പദ്ധതിയും ഇതിനോടൊപ്പം നടക്കുന്നുണ്ടെന്നും സുരേഷ് പിള്ള പറഞ്ഞു.  ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഷെഫുമാരുടെ പാചകക്കുറിപ്പുകൾ ഉൾപ്പെടുന്നതായിരിക്കും ഈ പുസ്തകം. ഒക്ടോബർ അവസാനത്തോടെ കൊല്ലം റാവീസ് ഹോട്ടലിൽ ഭക്ഷ്യമേള നടത്തി ദുരിതാശ്വാസനിധിയിലേക്ക് പണം സംഭാവന നല്‍കുമെന്നും ഇദ്ദേഹം പറഞ്ഞു.

ബിബിസിയുടെ മാസ്റ്റർ ഷെഫിൽ പങ്കെടുത്തതുൾപ്പെടെ പാചകകലയിൽ രാജ്യാന്തര അംഗീകാരം നേടിയ സുരേഷ് പിള്ള കൊല്ലം ചവറ സ്വദേശിയാണ്.