മലബാറുകാർക്ക് മീനില്ലാതെ ഭക്ഷണമില്ല!

കോഴിക്കോട്ടെ കാദിരിക്കോയ ഫൈവ് സ്റ്റാർ ഹോട്ടലിൽ പോയ കഥ കേട്ടിട്ടുണ്ടോ? തലയിൽ കിരീടംവച്ച വെയ്റ്റർ വിഭവങ്ങളുടെ വായിൽകൊള്ളാത്ത പേരുകൾ മുഴുവൻ പറഞ്ഞു തീരുന്നതുവരെ കാത്തുനിന്ന കാദിരിക്കോയ ചോദിച്ചത്രേ: ‘അല്ല കുഞ്ഞിമ്മോനേ.. ഇവ്ടെ മീൻ മൊളകിട്ടതുണ്ടോ?’ മലബാറുകാർക്ക് മീനില്ലാതെ ഭക്ഷണമിറങ്ങില്ല. അതിരാവിലെ എഴുന്നേറ്റ‌ു പുട്ടും മീൻകറിയും കഴിക്കുന്നവർ. ഹോട്ടലുകളിൽ ചായയ്ക്കുള്ള വെള്ളം തിളയ്ക്കുന്നതിനു മുൻപേ തയാറാവുന്ന മീൻകറി. മീനാണ‌ു മലബാറിന്റെ ദേശീയ ഭക്ഷണമെന്നുപോലും ചിലപ്പോൾ തോന്നിപ്പോവും. 

പത്തിരിയാണ‌ു മലബാറുകാരുടെ മറ്റൊരു വീക്ക്നെസ്. ചട്ടിപ്പത്തിരി, പെട്ടിപ്പത്തിരി, നൈസ് പത്തിരി, കണ്ണുവച്ച പത്തിരി തുടങ്ങി പത്തിരികൊണ്ട് ഒരു കളിയാണ്. മീനും പത്തിരിയും ചേരുന്ന മീൻപത്തിരി മലബാറുകാരുടെ ചങ്കാണെന്ന‌ു തെളിയിക്കാൻ മറ്റെന്തെങ്കിലും തെളിവു വേണോ? 

രുചിയിൽ തലയെടുപ്പുണ്ടെങ്കിലും അത്ര അപരിചിത വിഭവമൊന്നുമല്ല മീൻപത്തിരി. പ്രതീക്ഷിച്ച സാധനം മുന്നിൽ വരുമ്പോൾ ഒരു ട്വിസ്റ്റ് ആവശ്യമില്ലല്ലോ. മീൻപത്തിരി എങ്ങനെ സബൂറാക്കാം എന്ന് നോക്കാം... 

പെടയ്ക്കണ മീൻപത്തിരി 

ഒരു കപ്പ് വെള്ളം ചൂടാക്കി ഉപ്പിട്ട‌ു തിളയ്ക്കുമ്പോൾ ഒരു കപ്പ് അരിപ്പൊടി ചേർത്തു വേവിച്ച‌ു നന്നായി കുഴച്ചെടുക്കുക. 200 ഗ്രാം അയല കാൽ സ്പൂൺ മഞ്ഞൾപൊടിയും അര സ്പൂൺ കുരുമുളകു പൊടിയും ഉപ്പും ചേർത്ത‌ു വേവിച്ച‌ു മുള്ള‌ുമാറ്റി പൊടിച്ചെടുക്കുക. ഒരു ചീനച്ചട്ടി ചൂടാക്കി എണ്ണയൊഴിച്ച്‌, അരിഞ്ഞെടുത്ത രണ്ടു സവാള, ഇഞ്ചി, വെളുത്തുള്ളി, അരിഞ്ഞ നാലു പച്ചമുളക്, അരസ്പൂൺ പെരുംജീരകം, ചെറുതായരിഞ്ഞ ഒരു തക്കാളി, ഒരുപിടി മല്ലിയില, കറിവേപ്പില എന്നിവ ഉപ്പും ചേർത്ത‌ു നന്നായി വഴറ്റുക. അതിലേക്ക‌ു പൊടിച്ചുവച്ച മീനും യോജിപ്പിക്കുക. അടുപ്പിൽ നിന്ന് ഇറക്കുക. കുഴച്ചുവച്ച മാവ‌ു പത്തിരിയായി പരത്തുക. പത്തിരി ഇലയിൽ വച്ച‌ു മുകളിൽ മീൻകൂട്ട‌ു വച്ച‌ു മറ്റൊരു പത്തിരികൊണ്ട‌ു മൂടി ചുറ്റും നന്നായി പിരിച്ചെടുത്ത് ആവിയിൽ വേവിച്ചെടുക്കുക.