മധുരൈ ജംക്​ഷനുമായി കനിഹ

കനിഹ

മലയാളത്തിൽ ഭാഗ്യദേവതയായി വന്നതാണ് കനിഹ. മലയാളിത്തം മുഖശ്രീയാക്കിയ താരം. തമിഴ് ബ്രാഹ്മണ കുടുംബത്തിൽ പെട്ടയാളാണ് കനിഹയെന്ന ദിവ്യ വെങ്കിട്ട്. വിവാഹത്തിനു മുൻപ് വെജിറ്റേറിയൻ ആയിരുന്നു. ഇപ്പോൾ എന്തും കഴിക്കും. ഭർത്താവ് ശ്യാമിനു നോൺവെജ് ഇല്ലാതെ പറ്റില്ല. രണ്ടും കൂടി പാചകം ചെയ്യാൻ പറ്റാത്തതിനാൽ പാചകരീതിതന്നെ മാറ്റി. കുക്കിങ് ഏറെ ഇഷ്ടമുള്ളതു കൊണ്ടു വീട്ടിലെ പാചകത്തിന്റെ ചുമതല സന്തോഷത്തോടെ ഏറ്റെടുത്തു. ഭക്ഷണം ഉണ്ടാക്കി ഭർത്താവിനും മകനും വിളമ്പുന്നതിന്റെ സന്തോഷവും നാടൻ വിഭവങ്ങളോടുള്ള താത്പര്യവും കനിഹയ്ക്കു പാചകത്തോടുള്ള ഇഷ്ടം കൂട്ടുന്നു.

സിനിമാതാരങ്ങൾ പലരും ബൂട്ടീക്കും വസ്ത്രവ്യാപാര സംരംഭങ്ങളും തുടങ്ങുമ്പോൾ കനിഹ കൈ വച്ചിരിക്കുന്നത് ഭക്ഷണത്തിലാണ്. ചെന്നൈ ശക്തിമൂർത്തി അമ്മൻ നഗറിലാണ് കനിഹയുടെ ‘മധുരൈ ജംക്‌ഷൻ’ എന്ന നാടൻ മധുര ഫുഡ് റസ്റ്ററന്റ്. പഠിച്ചു വളർന്ന മധുര നഗരത്തിനോടും അവിടുത്തെ ഭക്ഷണത്തോടുമുള്ള ഇഷ്ടം കൊണ്ടാണ് റസ്റ്ററന്റിന് അങ്ങനെ പേരിട്ടത്. മധുരനഗരം ഒരിക്കലും ഉറങ്ങാറില്ല... എപ്പോൾ ചെന്നാലും ഭക്ഷണം കിട്ടുന്ന നഗരമെന്നാണ് അത് അറിയപ്പെടുന്നത്. 

തനതായ മധുര നാടൻ വെജ് – നോൺ വെജ് വിഭവങ്ങൾ ഇവിടെ ലഭ്യമാണ്. കോഴി, മട്ടൻ, മീൻ, ചെമ്മീൻ വിഭവങ്ങൾ നാടൻ രുചിയിൽ ഇവിടെ ലഭ്യമാണ്.  ഭർത്താവിനൊപ്പം അമേരിക്കയിലായിരുന്നു കനിഹ. മകൻ ഋഷിക്കു നാടിന്റെ നന്മയും ശീലങ്ങളും നൽകാൻ നാട്ടിലേക്കു താമസം മാറ്റിയിരിക്കുകയാണ് കനിഹ.

ആദ്യ പാചകം ഒൻപതാം ക്ലാസ്സിൽ പഠിക്കുമ്പോൾ

എന്തെങ്കിലും പാകം ചെയ്യാൻ ആദ്യമായി അടുക്കളയിൽ കയറിയത് ഒൻപതാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ്. വേറെ വഴിയില്ലാതെ കയറി എന്നു പറയാം... അമ്മയ്ക്കും അപ്പയ്ക്കും ഔദ്യോഗിക ആവശ്യത്തിനായി ശ്രീലങ്കയ്ക്കു പോകേണ്ടി വന്നു. വീട്ടിൽ ചേച്ചിക്കൊപ്പം പാചകപരീക്ഷണത്തിനിറങ്ങാതെ വേറെ വഴിയില്ല, അപ്പോഴാണ് പാചകം കൊള്ളാല്ലോ എന്നു തോന്നിയതും. ചേച്ചി  ഒന്നും ചെയ്യണ്ട എല്ലാം ഞാൻ ചെയ്തോളാം എന്നു വെറുതെ പറഞ്ഞു നോക്കിയതാ.  ഉള്ളിലെ പാചകക്കാരിയെ തിരിച്ചറിഞ്ഞത് അന്നാണ്. എന്തായാലും തയാറാക്കിയ ഭക്ഷണം രുചികരവുമായി.

കനിഹ അൻസൺ പോളിനൊപ്പം മധുരൈ ജംഗ്ഷനിൽ

നന്നായി ഫുഡ് കഴിക്കുന്നയാളാണ് കനിഹ. ചില സമയങ്ങളിൽ ഡയറ്റ് ശ്രദ്ധിക്കും. പക്ഷേ ഒരു പാടു നാൾ ഡയറ്റിൽ ശ്രദ്ധിച്ച് ഭക്ഷണം നിയന്ത്രിക്കാനും പറ്റില്ല! എല്ലാവരും ഭക്ഷണം കഴിക്കുമ്പോൾ എന്തിനാ ഞാൻ മാത്രം കഴിയ്ക്കാതിരിക്കുന്നേ എന്നാകും ചിന്ത. വീണ്ടും പഴയ പോലെ നന്നായി കഴിക്കും. നന്നായി വ്യായാമം ചെയ്യും. എല്ലാത്തരം ഭക്ഷണവും ഇഷ്ടമാണ്. വീട്ടിൽ വരുമ്പോൾ തക്കാളി രസവും ഉരുളക്കിഴങ്ങു കറിയും ഇഷ്ടമാണ്. ഇറ്റാലിയൻ ഭക്ഷണവും ഏറെ പ്രിയം.

ഹെൽത്തി റെസിപ്പി ബൈ കനിഹ

കോളിഫ്ലവർ ദഹിബാത്  (Cauliflower Dahi Bhaat)

ആരോഗ്യപാചകത്തിൽ ശ്രദ്ധിക്കുന്നവർ തീർച്ചയായും കോളിഫ്ലവർ കൊണ്ടുള്ള ഈ വിഭവം പരീക്ഷിക്കണം. കോളിഫ്ലവർ കാൻസർ പ്രതിരോധിക്കാൻ ശേഷിയുള്ള പച്ചക്കറിയാണ്. തൈരു സാദം പോലെ എളുപ്പം തയാറാക്കാവുന്ന വിഭവമാണ് കോളിഫ്ലവർ ദഹിബാത്.

ചേരുവകൾ 

കോളിഫ്ലവർ – 1
തൈര് – ആവശ്യത്തിന്
സവാള –1
പച്ചമുളക് – 2
ഇഞ്ചി
കടുക്
പെരുങ്കായപ്പൊടി – ആവശ്യത്തിന്
കാരറ്റ് - പൊടിയായി ചീകിയെടുത്തത്

തയാറാക്കുന്ന വിധം

ചീകിയെടുത്ത കോളിഫ്ലവർ കുറച്ചു വെള്ളം തളിച്ച്  4 മിനിറ്റ് അവ്നിൽ വച്ച് ചൂടാക്കുക.

തവയിൽ ആവശ്യത്തിന് എണ്ണയൊഴിച്ച് കടുകിട്ടു പൊട്ടിക്കഴിയുമ്പോൾ ഇഞ്ചി അരിഞ്ഞത് ചേർത്തു കൊടുക്കാം. 2 പച്ചമുളക് നെടുകെ കീറിയതും കറിവേപ്പിലയും ഇതിലേക്കു ചേർക്കാം. സവാള പൊടിയായി അരിഞ്ഞതും പെരുങ്കായപ്പൊടിയും ചേർത്തു നന്നായി വഴറ്റിയെടുക്കാം. തയാറാക്കിയ കോളിഫ്ലവർ ഈ കൂട്ടിലേക്കു ചേർക്കണം. നന്നായി വഴറ്റിയെടുത്താൽ കോളിഫ്ലവറിന്റെ മണവും കുറയും. വെന്തു കഴിഞ്ഞാൽ തീ ഓഫ് ചെയ്യാം. ഇത് നന്നായി തണുക്കണം.

∙ തണുത്തശേഷം ഒരു പാത്രത്തിലേക്കു മാറ്റാം

∙ ഇതിനു മുകളിലേക്കു തൈര് ഒഴിക്കാം. ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി യോജിപ്പിച്ചെടുക്കാം.

∙ ഗ്രേറ്റ് ചെയ്തു വച്ചിരിക്കുന്ന കാരറ്റും ആവശ്യത്തിന് മല്ലിയിലയും ഇതിലേക്ക് ചേർക്കാം.

∙ രുചികരവും ആരോഗ്യകരവുമായ കോളിഫ്ലവർ ദഹിബാത് റെഡി.