അലിവുള്ള അലീസയുടെ സൗന്ദര്യക്കൂട്ട്

ആനന്ദം...അതാണ് അലീസ എന്ന വാക്കിന്റെ അർഥം. പേരു കേൾക്കുമ്പോൾ ഷെഹറസാദ് പറഞ്ഞ ഏതോ അറബിക്കഥയിലെ നായികയെ ഓർമ വരും. അലീസയെ അറിയാമോ?

അലീസ മിലാനോ എന്ന ഹോളിവുഡ്  നടി തുടക്കമിട്ട ‘മീ റ്റൂ’ കാംപെയിൻ ലോകമെങ്ങും സ്ത്രീകൾക്കുനേരെയുളള അതിക്രമങ്ങൾ പുറത്തുകൊണ്ടുവരികയാണ്. അങ്ങു ലണ്ടനിൽ മറ്റൊരു അലീസയുണ്ട്.  അലീസ കാർസനിൻ എന്ന പതിനേഴുകാരി. ചൊവ്വയിലേക്കു പോവാൻ തയാറെടക്കുന്ന പ്രായംകുറഞ്ഞ വ്യക്തി. അലീസ ഖാൻ എന്ന ബോളിവുഡ് സിനിമാതാരം ചർച്ചയായത്, വിഡിയോ ക്ലിപ്പുകൾ‍ ഇന്റർനെറ്റിൽ വൈറലായതിനെ തുടർന്നാണ്. എന്നാൽ ഈ അലീസമാരൊന്നുമല്ല നമ്മുടെ അലീസ.

നനുനനുത്ത, നാവിൻതുമ്പിൽ തൊട്ടാൽ അലിയുന്ന ഒരു തനിമലബാറി വിഭവമാണ് നമ്മുടെ അലീസ. കോഴിക്കോട്ടെ വിരുന്നുമേശകളിലെ താരം. അലീസയില്ലാതെ ഒരു നോമ്പുകാലവും കടന്നുപോവില്ല. അലീസയെന്നും അൽസയെന്നുമൊക്കെ വിളിപ്പേരുള്ള കക്ഷിയെ മലബാറിന്റെ പല ഭാഗത്ത് പല രീതിയിലാണ് തയാറാക്കുന്നത്.

ഗോതമ്പ്, ചിക്കൻ, പഞ്ചസാര എന്ന അപൂർവ കോമ്പിനേഷനാണ് അലീസയുടെ ഹൃദയം. അലീസയെന്ന വിഭവം പണ്ട് പേർഷ്യയിൽനിന്ന് കാമുകനോടൊപ്പം ഒളിച്ചോടി ഇന്ത്യയിലെത്തിയതാണെന്ന് ചിലർ പറയാറുണ്ട്. ആ കാമുകന്റെ പേരാണത്രേ ഹലീം. പക്ഷേ വിധി അവരെ ഒന്നിച്ചു ജീവിക്കാൻ സമ്മതിച്ചില്ല. ഹലീം എന്ന കാമുകൻ ഹൈദരാബാദി വിഭവമാണ്. അലീസ തനി മലബാറി വിഭവവുമായി മാറി. 

അലീസയുടെ സൗന്ദര്യക്കൂട്ട്

ഒരു ഗ്ലാസ് ഗോതമ്പ് വെള്ളത്തിലിട്ട് ഒരു മണിക്കൂർ കുതിർക്കുക. വെള്ളത്തിൽ നിന്നും കോരിയെടുത്ത് മൂന്നു കഷ്ണം കോഴിയിറച്ചി, ചെറുതായരിഞ്ഞ ഒരു സവാള, നാല് അല്ലി വെളുത്തുള്ളി, മൂന്ന് ഏലക്കായ, ഒരു കഷ്ണം കറുകപ്പട്ട, ഒരു നുള്ള് ഉപ്പ് എന്നിവ ഒന്നിച്ചു നന്നായി വേവിക്കുക. അടുപ്പിൽ നിന്നും ഇറക്കി വച്ച് നന്നായി ഉടച്ച് യോജിപ്പിക്കുക. വീണ്ടും ഇത് അടുപ്പിൽവയ്ച്ച് അരക്കപ്പ്തേങ്ങാപാൽ ചേർത്ത് ചെറുതായി തിളച്ചുവരുമ്പോൾ ഇറക്കിവെക്കുക. ഇതിൽ അഞ്ചു ചെറിയ ഉള്ളി അരിഞ്ഞത് വറുത്തു ചേർത്ത് വിളമ്പുക. അലങ്കാരത്തിന് അണ്ടിപ്പരിപ്പും ഉണക്കമുന്തിരിയും വറുത്ത് ചേർക്കാം. ഇതിൽ പഞ്ചസാര ചേർത്താണു കഴിക്കേണ്ടത്.