Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗുജറാത്തി തെരുവിലൂടെ, രാജ്കച്ചോരി രുചിച്ച്

വി. മിത്രൻ
Author Details

ഓർമയിലേക്കുള്ള തിരിഞ്ഞു നടത്തമാണ്. ഇടുങ്ങിയ ചെറുവീഥികൾ. വഴിയിലേക്കിറങ്ങി മുഖംകൂർപ്പിച്ചിരിക്കുന്ന കൊച്ചുകൊച്ചു കെട്ടിടങ്ങൾ. ജാലകങ്ങൾ. പല വലിപ്പമുള്ള ജാലകങ്ങൾ. മരയഴികളുള്ള ജാലകങ്ങൾ. വെയിലേറ്റു കറുത്തുപോയ, ഓടുമേഞ്ഞ മേൽക്കൂരകൾ. കുറുകിക്കുറുകിയിരിക്കുന്ന ചാരപ്രാവുകൾ. ഗുജറാത്തി സ്ട്രീറ്റ്. ആളും ആരവവും ഒടുങ്ങിയ തെരുവിലുടെ ഒരു ചെറുനടത്തം. വലിയങ്ങാടിയുടെ മടിയിൽ തലവച്ച് സൗത്ത് ബീച്ചിലേക്ക് കാലുനീട്ടി ചുരുണ്ടുകിടക്കുന്ന തെരുവ്. പോയ കാലത്തിന്റെ പ്രൗഢി അയവിറക്കിക്കൊണ്ടുള്ള കിടപ്പ്. 

കോഴിക്കോട്ടെ അങ്ങാടികളുടെ ശ്വാസത്തിൽ അലിഞ്ഞുചേർന്ന ഗുജറാത്തികൾ. അവർ പടുത്തുയർത്തിയ ഒരു ലോകം. കോഴിക്കോട്ടേക്ക് വന്ന വാസ്കോഡഗാമയ്ക്ക് വഴികാട്ടിയായത് ഒരു ഗുജറാത്തിയാണെന്ന് ചരിത്രകാരൻമാർ പറയാറുണ്ട്. ഒരു  കാലത്ത് ഈ തെരുവുനിറയെ പാണ്ടികശാലകളായിരുന്നു. മലയാളികൾ ‘ചപ്പാത്തിന്റെ ഇട’ എന്നു വിളിച്ച പ്രദേശം. പാണ്ടികശാലകളുടെ മുകൾത്തട്ട് വിശാലമായ വീടാക്കി മാറ്റിയ കുടുംബങ്ങളും അനവധി. മനമുരുകി പ്രാർഥിക്കാനായി പണിത രണ്ടു ക്ഷേത്രങ്ങളുമുണ്ട്. പ്രധാനമായും അരിക്കച്ചവടം നടത്തി ജീവിച്ചവർ. കുരുമുളകും മല്ലിയും ഇഞ്ചിയും കാപ്പിപ്പൊടിയും ഈ തെരുവിലൂടെ നടന്നുനടന്ന്  കടപ്പുറത്തേക്ക് പോയി. അവിടെനിന്ന് കപ്പൽ കയറി ഏഴാംകടലിനക്കരേക്കും പോയി. കാലമെന്ന മഴവെള്ളം ഈ വഴിയിലെ പ്രതാപത്തെ ഒപ്പിയെടുത്ത് തെരുവിലൂടെ കടപ്പുറത്തേക്കൊഴുകി. ഇന്ന് പോയകാലത്തിന്റെ പ്രതാപത്തിൽ അഭിരമിച്ച് തെരുവ് മയക്കത്തിലാണ്. ഗുജറാത്തി സ്ട്രീറ്റിലൂടെ നടന്നുനടന്ന് വന്നെത്തിയത് ഒരു കുഞ്ഞു ചാറ്റ് ഷോപ്പിന്റെ മുന്നിലാണ്. ദിൽബർ എന്നാണ് കടയുടെ പേര്

Raj Kachori രാജ് കച്ചോരി. ചിത്രം : അബു ഹാഷിം

രാജാ ഓഫ് ദിൽബർ !

തനി ഉത്തരേന്ത്യൻ ലുക്കുള്ള ബോർഡ്. കടുംനിറങ്ങളിൽ‍ പൂക്കളും പക്ഷികളും. ആകെമൊത്തം ടോട്ടല് കളർഫുള്ള് എന്ന അവസ്ഥ! അകത്തേക്കു കയറിയപ്പോൾ കണ്ടത് ചട്പടാ എന്നുവന്നു നിറയുന്ന ചാട്ടുകളുടെ വർണലോകം. ഉത്തരേന്ത്യൻ രുചികൾ ഇഷ്ടപ്പെടുന്നവരുടെ തലയ്ക്ക്പിടിക്കുന്ന ആംബിയൻസ്.

പാനി പൂരി, ആലു ചോളെ, പാവ് ബാജി, ഒനിയൻ പക്കോഡ, സമോസ ചാട്ട് തുടങ്ങി ഒരു നാഷനൽ പെർമിറ്റ് ലോറിയിൽ കൊള്ളുന്നതിലധികം വിഭവങ്ങളുണ്ട്് മെനുവിൽ‍.

പേരിൽ രാജകീയത കണ്ടതുകൊണ്ട് ഒരു രാജ്കച്ചോരി പരീക്ഷിക്കാമെന്നായി. ഉള്ളിൽ ഉരുളക്കിഴങ്ങ്മസാല. 

ദിൽബർ ഗുജറാത്തി സ്ട്രീറ്റിലെ ദിൽബർ. ചിത്രം : അബു ഹാഷിം

മുകളിൽ തൈരും പച്ച മല്ലിച്ചമ്മന്തിയും ചാറ്റും വാരിനിറച്ച്  രണ്ടുതട്ടുള്ള വിഭവം.പാനി പൂരിയുടെ നാലിരട്ടി വലിപ്പമുള്ള പൂരിയിലാണ് കൈപ്രയോഗം. പുളിയും മധുരവും പേരിനൊരു എരിവുമൊക്കെയായി സംഗതി അലിഞ്ഞലിഞ്ഞു പുരോഗമിക്കുകയാണ്. 

പക്ഷേ, കഴിച്ചുതീരുന്നില്ല. ഒരാൾക്ക് കഴിക്കാൻ ഇത്രയും വലിപ്പമുള്ള സാധനം വേണോ എന്നാലോചിച്ചുപോവും. കഴിച്ചു കഴിഞ്ഞാൽ വയറും നിറയും, മനസ്സു നിറയും. തെരുവുകൾ മയങ്ങിവീഴുകയാണ്. കഥകളുടെ കെട്ടുകെട്ടി യാത്രികർ ഈ വഴിയിലൂടെ നടന്നുപോവുകയാണ്. ഈ നഗരത്തിലെ ഓരോ തെരുവും ചരിത്രമാണ്.