എന്താ കഴിക്കാൻ വേണ്ടത്?: രണ്ടു ചറോട്ടേം മുട്ടൻകറീം!!!

സിനിമയിലെ രുചിലോകത്തെ രസങ്ങളെക്കുറിച്ച് പറഞ്ഞാൽ തീരില്ല, ഓർത്തോർത്ത് ചിരിക്കാവുന്ന ചില രുചിരസങ്ങളുണ്ട്. മിഥുനം സിനിമയിലെ സാമ്പാർ കഥ ഓർമയുണ്ടോ?

ലൈൻമാൻ കെ. ടി കുറുപ്പ് ഉരുട്ടിയുരുട്ടി ചോറുണ്ണുന്നു. ഭാര്യ സുഭദ്ര ഒരു തോർത്തുകൊണ്ട് വിയർപ്പ് ഒപ്പിക്കൊടുക്കുന്നു. 

‘സുഭദ്രേ... ഇന്ന് ഞാനൊരു സത്യം മനസിലാക്കി.’

‘എന്ത് സത്യം?’

‘ജീവിതത്തില് ഒരിക്കലും മടുക്കാത്തൊരു പരിപാടീണ്ട്...’

‘എന്തു പരിപാടി?’

‘ദേ ഇതുതന്നെ. ഊണുകഴിക്ക*ൽ. ഇപ്പോ ഞാനിത്രേ വിയർത്തില്ലേ. എന്നിട്ടും എനിക്കൊരു ബോറടീം ഇല്ല..’

ഭക്ഷണം കഴിക്കുന്നത് (ആക്രാന്തവും ) ഒരു കലയാണെന്നു തോന്നിപ്പോവും, മിഥുനത്തിൽ ഇന്നസെന്റിന്റെ ഈ പ്രകടനം കണ്ടാൽ. പുകമമണുള്ള അടുക്കളയിൽനിന്ന് നാടൻരുചിയുടെ വൈവിധ്യം തൊട്ടെടുത്ത സിനിമ. ഒരുപക്ഷേ രുചി എന്ന വികാരം ആദ്യാവസാനം ഉപയോഗിച്ച ചുരുക്കംചില മലയാള സിനിമകളിൽ ഒന്നായിരിക്കും മിഥുനം. 

ശ്രീനിവാസന്റെ പേനത്തുമ്പിൽ ഈ രുചിക്കൂട്ട് വിരിഞ്ഞത് ഒരുപക്ഷേ ബോധപൂർവമാവില്ല. എങ്കിലും ഒന്നോർത്തുനോക്കിയാൽ മിഥുനത്തിന്റെ അരികുംമൂലയും ഒരുക്കുന്നത് വിവിധതരം 

ഭക്ഷണങ്ങളാണ്. നാട്ടുകാർക്ക് ഒരിക്കലും നൊട്ടിനുണയാൻ കിട്ടാത്ത ദാക്ഷായണി ബിസ്‌കറ്റ് ഉണ്ടാക്കാനുള്ള സേതുവിന്റെ കളരിപ്പയറ്റുകളാണല്ലോ മിഥുനത്തിന്റെ പ്രമേയം. 

നാട്ടിൻപുറത്തിന്റെ സകല കുശുമ്പും കുന്നായ്‌മയും നിറഞ്ഞ കൂട്ടുകുടുംബം. പൊലീസുകാരനായ അച്‌ഛൻ തന്റെ കുട്ടിക്ക് രുചിയുള്ള അലുവ കൊണ്ടുവന്നുകൊടുക്കുന്നു. അതേ പ്രായത്തിലുള്ള ചേട്ടന്റെ മകൻ അലുവ കിട്ടാൻ വാശി പിടിച്ചില്ലെങ്കിലല്ലേ അദ്‌ഭുതമുള്ളൂ. പക്ഷേ കള്ളുകുടിച്ച് സസ്‌പെൻഷനിലായ ലൈൻമാൻ ഉച്ചയ്‌ക്ക മൂക്കുമുട്ടെ തിന്നുന്നത് മറ്റുള്ളവരുടെ ചിലവിലാണെന്നു മാത്രം. 

പ്രേമിക്കുമ്പോൾ സുലോചനയുണ്ടാക്കിയ സാമ്പാർ മൂക്കറ്റം കുടിച്ച് അതിനെ വർണിച്ച് പ്രേമലേഖനമെഴുതിയ കക്ഷിയാണ് സേതു. അമ്മ അടുക്കളപ്പുറത്തിരുന്ന് കറിക്ക് മീൻ അരിയുമ്പോഴാണ് വീട്ടിൽനിന്ന് സുലുവിനെ പായയിൽ കെട്ടിപ്പൊതിഞ്ഞ് സേതുവും സഹായി പ്രേമനും അടിച്ചുമാറ്റി കൊണ്ടുപോവുന്നത്. പക്ഷേ കല്യാണം കഴിഞ്ഞപ്പോൾ സുലുവിനില്ലാത്ത കുറ്റമില്ല. ഉച്ചയ്‌ക്ക് സുലുവുണ്ടാക്കിയ സാമ്പാറുംകൂട്ടി വീട്ടിലെല്ലാവരും ചോറുണ്ണുമ്പോൾ സേതു മാത്രം കുറ്റപ്പെടുത്തുന്നു. കറിക്ക് ഉപ്പുപോരാ ഉലുവ ശരിക്ക് വറുത്തില്ല, കായം പിടിച്ചില്ല എന്നൊക്കെ പരാതി പറയുകയാണ് സേതു. അവസാനം ഒരു ചോദ്യവും: ഇങ്ങനാണോടീ സാമ്പാറു വെയ്‌ക്കുന്നത്! 

സുലുവിന്റെ പരാതി തീർക്കാൻ ഊട്ടിയിലേക്ക് ഹണിമൂണിനുപോവാനൊരുങ്ങുകയാണ് സേതു. പക്ഷേ കുടുംബത്തിലെ സകലരേയും അടപടലം വലിച്ചുകേറ്റിയാണ് കക്ഷിയുടെ യാത്ര. രാവിലെ ഊട്ടിയിലെ തണുപ്പിൽ വിശപ്പകറ്റാൻ മുതലാളി സേതുവും തൊഴിലാളി പ്രേമനും ഒരു കൊല നേന്ത്രപ്പഴവും കുറേ ബ്രഡും വാങ്ങി വരുന്നു. പോക്കറ്റിൽ കാശില്ലാത്ത ഒരു സാധാരണക്കാരൻ എന്നെങ്കിലും അനുഭവിച്ചറിഞ്ഞ രുചിയാണ് ബ്രഡും പഴവും തരുന്നത്; ഉറപ്പ് നല്ലൊരു ഭക്ഷണപ്രിയനായ മോഹൻലാലാണ് 1993ൽ ഇറങ്ങിയ ഈ പ്രിയദർശൻ സിനിമയുടെ നിർമാതാവ്. ഉപ്പുകൂട്ടി നാടൻമാങ്ങ ചുനയോടെ കടിച്ചുതിന്നുന്നൊരു സുഖമില്ലേ മിഥുനത്തിലെ അല്ലിമലർകാവിൽ എന്ന പാട്ടിനുപോലും? 

തൊട്ടുകൂട്ടാൻ: 

കടുത്ത ടെൻഷനിലാണ് സേതുവും പ്രേമനും. ഓട്ടോയിൽ കയറിപ്പോയി, ഇറങ്ങുമ്പോൾ കൊടുക്കാൻ പോക്കറ്റിൽ അഞ്ചു പൈസയില്ല. ഒരു ഹോട്ടലിനുമുന്നിൽ ഓട്ടോനിർത്താൻ പറയുന്നു. ഇപ്പോ വരാം എന്നു പറഞ്ഞ് ഹോട്ടലിൽ കയറുന്ന മുതലാളിയോടും തൊഴിലാളിയോടും സപ്ലയർ വലിയൊരു മെനുകാർഡ് ഒറ്റശ്വാസത്തിൽ പറഞ്ഞ ശേഷം ചോദിക്കുന്നു. 

‘എന്താ കഴിക്കാൻ വേണ്ടത്?’ 

സേതു (വെപ്രാളത്തോടെ): 

‘രണ്ടു ചറോട്ടേം മുട്ടൻകറീം’