വടക്കൻ രുചിയിൽ കൂന്തൾ റിങ്സ് ഫ്രൈ

Representative image

കടൽ വിഭവങ്ങളിൽ കിടിലൻ രുചി വൈവിധ്യം പ്രധാനം ചെയ്യുന്ന വിഭവമാണ് കൂന്തൾ. കൂന്തൾ വളയങ്ങൾ ഫ്രൈ ചെയ്യുന്നതെങ്ങനെയെന്ന് നോക്കാം.

ചേരുവകൾ

കൂന്തൾ കുറച്ചു വലുപ്പമുള്ളത് അര കിലോഗ്രാം. മുളകുപൊടി ഒരു ടേബിൾ സ്പൂൺ. മഞ്ഞൾപൊടി കാൽ ടീസ്പൂൺ. വിനാഗിരി ഒരു ടീസ്പൂൺ. ഉപ്പ് ആവശ്യത്തിന്. കറിവേപ്പില രണ്ടു തണ്ട്. വെളിച്ചെണ്ണ ആവശ്യത്തിന്. സവാള ചെറുതായി അരിഞ്ഞത് അര കപ്പ്. ചുവന്നുള്ളി നീളത്തിൽ അരിഞ്ഞത് അര കപ്പ്. തേങ്ങക്കൊത്ത് കാൽ കപ്പ്. ചില്ലി ഫ്ലേക്സ് ഒരു ടീസ്പൂൺ. ഇഞ്ചിയും വെളുത്തുള്ളിയും പൊടിയായി അരിഞ്ഞത് ഒരു ടേബിൾ സ്പൂൺ. കുരുമുളകുപൊടി ഒരു ടീസ്പൂൺ. പെരുംജീരകപ്പൊടി ഒരു ടീസ്പൂൺ. സോയാസോസ് ഒരു ടേബിൾ സ്പൂൺ. കറിവേപ്പിലയും മല്ലിയിലയും അരിഞ്ഞത് കുറച്ച്. 

പാകംചെയ്യുന്ന വിധം: 

മുളകുപൊടി, മഞ്ഞൾപൊടി, വിനാഗിരി, ഉപ്പ്, കറിവേപ്പില എന്നിവ കൂന്തളുമായി ഇളക്കി യോജിപ്പിച്ച് കുറച്ചു വെളിച്ചെണ്ണയിൽ വറുത്തുകോരണം. ബാക്കി എണ്ണ കുറച്ചുകൂടി ഒഴിച്ചു ചുവന്നുള്ളിയും സവാളയും തേങ്ങാക്കൊത്തും ഇട്ടു വഴറ്റണം. ചില്ലി ഫ്ലേക്സും ഇഞ്ചി – വെളുത്തുള്ളി അരിഞ്ഞതും ചേർത്തു ചുവക്കെ വറുക്കണം. ഇതിലേക്ക് വറുത്തുവച്ച കൂന്തൾ റിങ്സ് ചേർത്തു കുരുമുളകുപൊടി, പെരുംജീരകപൊടി, സോയാസോസ്, കറിവേപ്പിലയും മല്ലിയിലയും അരിഞ്ഞതും ചേർത്തു യോജിപ്പിച്ച്  ഉലർത്തിയെടുക്കണം. കൂന്തൾ റിങ്സ് ഫ്രൈ കാണാൻ നന്നായിരിക്കും. വളരെ രുചികരമാണ്. ചോറിനൊപ്പവും ചപ്പാത്തി, പത്തിരി എന്നിവയോടൊപ്പവും കഴിക്കാം.