മയമുള്ള പാലപ്പം തയാറാക്കാൻ ഇനി തേങ്ങ വേണ്ട

നല്ല ചൂടുപാറുന്ന ബീഫ്കറിയിൽ മുക്കി അപ്പം കഴിക്കണം ഹാ എന്താ രുചി. കടലക്കറിയായാലും രുചി വേറെ ലെവലാകും. കള്ളപ്പത്തിനും പാലപ്പത്തിനുമൊക്കെ നാവിനെ ലയിപ്പിക്കുന്ന സ്വാദാണ്. ശരിയല്ലേ? പൂ പോലെ മൃദുവായ അപ്പം തയാറാക്കാൻ പറ്റുന്നില്ല എന്നാണ് മിക്ക വീട്ടമ്മമാരുടെയും പരാതി.  ഒരുമുറി തേങ്ങ മുഴുവൻ ചേർത്താലും അപ്പത്തിനും മയമില്ലെന്ന പരാതി വേറെയും. കൂട്ടിന്റെ പാക പിഴകൊണ്ട് പാലപ്പത്തിന്റെ രുചിയും സോഫ്റ്റ്നസും നഷ്ടപ്പെടാറുണ്ട്. ഇനി തേങ്ങ ചേർക്കാത്ത പാലപ്പം തയാറാക്കിയാലോ കണ്ണുമിഴിക്കണ്ട, പാലപ്പത്തിന്റെ സ്വാദ് ഒട്ടും കുറയാതെ  തേങ്ങപീരയ്ക്കു പകരം അവിലിന്റെ രുചികൂട്ടിൽ രുചിയും മയവും ഒരുമിക്കുന്ന അടിപൊളി പാലപ്പം തയാറാക്കാം. വളരെ എളുപ്പത്തിൽ തന്നെ എങ്ങനെയെന്ന് നോക്കാം.

അവിൽ പാലപ്പം തയാറാക്കാം

ചേരുവകൾ

പച്ചരി – 2 ഗ്ലാസ്
മട്ട അവില്‍ – അര ഗ്ലാസ്
യീസ്റ്റ് – ഒരു നുള്ള്
ഉപ്പ് – ആവശ്യത്തിന്

പച്ചരി  ആറു മണിക്കൂർ നേരം വെള്ളത്തിലിട്ട് കുതിർത്തെടുക്കാം. നന്നായി കഴുകിയ അവൽ കാൽക്കപ്പ് ചെറുചൂടുവെള്ളത്തിൽ പതിനഞ്ച് മിനിറ്റ് നേരം കുതിർക്കാൻ അനുവദിക്കണം. കുതിർത്ത പച്ചരി നന്നായി കഴുകിവാരി ആവശ്യത്തിന് വെള്ളം ചേർത്ത് മിക്സിയിൽ  അരച്ചെടുക്കാം. ശേഷം കുതിർത്ത അവലും യീസ്റ്റും ചേർത്ത് കുഴമ്പു പരുവത്തിൽ അരച്ച്, അരച്ചുവച്ച മാവിലേയ്ക്ക് ചേർത്ത് നന്നായി യോജിപ്പിക്കണം. ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് കൊടുക്കാം. ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കണം മിശ്രിതം കൈകൊണ്ട് കലക്കാതെ സ്പൂൺ കൊണ്ട് യോജിപ്പിച്ച് മൂടിവയ്ക്കണം. നന്നായി പുളിച്ചുപൊങ്ങാന്‍ കൈകൊണ്ട് കലക്കുന്നത് ഒഴിവാക്കാം. എട്ടുമണിക്കൂറിനു ശേഷം നല്ല മയമുള്ള അപ്പം തയാറാക്കാം.