കോട്ടയം സ്റ്റൈൽ കപ്പ ബിരിയാണി‍

കപ്പയും മലയാളിയും തമ്മിൽ നൂറ്റാണ്ടുകളുടെ ആത്മബന്ധമുണ്ട്. ബ്രസീലിൽ നിന്നുമാണ് കപ്പ ഇന്ത്യയിലെത്തിയത്. കപ്പ – മീൻകറി, കപ്പ ചമ്മന്തി എന്നീ പതിവു രുചികൾക്കു പുറമെ നിരവധി രുചികളിൽ കപ്പ ലഭ്യമാണ്. പ്രാദേശികമായ പല രുചിഭേദങ്ങൾ ലഭ്യമാണ്. ചില കിടുക്കൻ നാടൻ കോംപിനേഷൻ എക്കാലത്തും കപ്പരുചിയിൽ സൂപ്പർഹിറ്റാണ്. കപ്പയും കറിയെല്ലും കൂട്ടിയുള്ള കപ്പബിരിയാണി അത്തരത്തിലൊന്നാണ്. എല്ലും കപ്പ അല്ലെങ്കിൽ കപ്പബിരിയാണിയെന്നു കേട്ടാൽ കോട്ടയംകാർക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വരില്ല!. അച്ചായൻമാരുടെ കല്ല്യാണ വീടുകളിൽ തലേദിവസത്തെ പ്രധാന ഭക്ഷണമാണിത്. കപ്പബിരിയാണിയുടെ രുചിക്കൂട്ടെങ്ങനെയെന്നു നോക്കാം.

ചേരുവകൾ

കപ്പ– 2 കിലോ
കറിയെല്ല് – ഒന്നര കിലോ

കപ്പ വേവിക്കാൻ

1. തേങ്ങ– ഒരു തേങ്ങ
2. വെളുത്തുള്ളി– 2 അല്ലി
3. ചുവന്നുള്ളി– 4 അല്ലി
4. പച്ചമുളക് – 3 എണ്ണം
5. കറിവേപ്പില– ഒരു തണ്ട്
6. മഞ്ഞൾപൊടി– കാൽ ടീസ്പൂൺ
7. ഉപ്പ്– ആവശ്യത്തിന്

കറിയെല്ല് വേവിക്കാൻ

1. മീറ്റ് മസാല– ഒന്നര സ്പൂൺ
2 മുളക് പൊടി– ഒന്നര ടേബിൾ സ്പൂൺ
2. സവാള അരിഞ്ഞത് –1 വലുത്
3. കറിവേപ്പില– 2 തണ്ട്
4. ഇഞ്ചി അരിഞ്ഞത്– 2 സ്പൂൺ
5. വെളുത്തുള്ളി – 4 അല്ലി അരിഞ്ഞത്
7. ഉപ്പ്– പാകത്തിന്

കടുക് താളിക്കുന്നതിന്

വെളിച്ചെണ്ണ– ആവശ്യത്തിന്
കടുക് – 1 ടീസ്പൂൺ
ചുവന്നുള്ളി– 2 അരിഞ്ഞത്
കറിവേപ്പില– 2 തണ്ട്

പാകം ചെയ്യുന്ന വിധം

കപ്പ കൊത്തിയരിഞ്ഞ് നന്നായി കഴുകി വേവിച്ച് അരപ്പ് ചേർത്ത് മാറ്റി വയ്ക്കുക. ഒരു കുക്കറിൽ കറിയെല്ല് കഴുകി ഒന്നു മുതൽ 7 വരെയുള്ള ചേരുവകൾ ചേർത്ത് അടുപ്പത്ത് വച്ച് 2 വിസിൽ വന്നുകഴിഞ്ഞ് ചെറുതീയിൽ വേവിക്കുക. കറിയെല്ല് നന്നായി വേവിക്കണം. വെള്ളം ചേർത്ത് വേവിക്കേണ്ട ആവശ്യമില്ല. വെന്തു കഴിഞ്ഞ് വെള്ളം ഉണ്ടെങ്കിൽ അത് വറ്റിക്കുക. വേവിച്ചുവച്ചിരിക്കുന്ന കപ്പയിലേക്ക് വെന്ത് വെള്ളം വറ്റിയ കറിയെല്ല് ചേർക്കുക. നന്നായി ഇളക്കി മാറ്റിവയ്ക്കുക. ഇതിലേക്ക് വെളിച്ചെണ്ണയിൽ കടുക് താളിച്ച് ഒഴിച്ച് ചൂടോടെ ഉപയോഗിക്കുക.

വാൽകഷണം: ഇറച്ചി വേവിക്കുമ്പോൾ ഒരു കഷണം ചിരട്ടയോ, കപ്പളങ്ങയുടെ ഒരു കഷണമോ ഇട്ടാൽ നന്നായി വെന്തു കിട്ടും.