പച്ചമസാലകൾ ചേർത്തു പൊള്ളിച്ച ആവോലി

പച്ചക്കുരുമുളകും കാന്താരിയും ചേർത്തു പൊള്ളിച്ചെടുത്ത ആവോലി രുചി! മസാലയൊക്കെ തിരുമ്മിപിടിപ്പിച്ചു വാഴയിലയിൽ പൊതിഞ്ഞെടുത്ത് തീ കുറച്ച് ഇരുവശവും നന്നായി മൊരി‍ഞ്ഞു പാകമാക്കണം. നീക്കിയും നിരക്കിയും തിരിച്ചും മറിച്ചും പൊള്ളിച്ചെടുത്താൽ കറിവേറെയൊന്നും വേണ്ട.

ചേരുവകൾ:

I. കൈപ്പത്തി വലുപ്പത്തിലുള്ള ആവോലി (ആഗോലി) തലയോടെ എടുത്ത് ചിറകും അഴുക്കും കളഞ്ഞു വൃത്തിയാക്കി അടുപ്പിച്ച് വരഞ്ഞെടുത്തത് – 6, 7 എണ്ണം

II. പച്ചക്കുരുമുളക് ഉതിർത്തെടുത്തത് – രണ്ടര ടേബിൾ സ്പൂൺ, കാന്താരി – 15 എണ്ണം, ഇഞ്ചി – ഒരു വലിയ കഷണം, വെളുത്തുള്ളി – 15 അല്ലി, ചുവന്നുള്ളി – 15 ചുള, പച്ചമാങ്ങ – 5, 6 കഷണം (പകരം വിലുമ്പിപ്പുളി അഥവാ ഇരുമ്പൻപുളി 5, 6 എണ്ണം എടുത്താലും മതി)കറിവേപ്പില, മല്ലിയില, പൊതിന – 1 കപ്പ്, ഉപ്പ് – പാകത്തിന്, മഞ്ഞൾപൊടി – അര ടീസ്പൂൺ, ഉലുവപ്പൊടി, പെരുംജീരകപ്പൊടി – കുറേശ്ശെ. ചെറുനാരങ്ങാനീര് – ഒരു വലിയ ചെറുനാരങ്ങയുടേത്. വെളിച്ചെണ്ണ – 1 ടേബിൾ സ്പൂൺ.

III. ഇടത്തരം വലുപ്പത്തിലുള്ള വാഴയില – നാക്കില, വാഴനാര് എന്നിവ ആവശ്യാനുസരണം.

പാകപ്പെടുത്തുന്ന വിധം:

ചേരുവകൾ കൂടുതൽ അരഞ്ഞുപോകാതെ നന്നായി ചതച്ചെടുത്ത് പൊടികളും ചെറുനാരങ്ങ നീര്, വെളിച്ചെണ്ണ എന്നിവയും യോജിപ്പിച്ച് പകുതി കൂട്ടെടുത്ത് മീനിൽ നന്നായി പുരട്ടിവയ്ക്കണം. വാഴയില വാട്ടിയെടുക്കണം. ഓരോ ഇലയിൽ ഒരു സ്പൂൺ മസാലക്കൂട്ട് വച്ച് സ്പൂൺ കൊണ്ട് നിരത്തി, മുകളിൽ ഒരു മീൻ അതിനു മുകളിൽ ഒരു സ്പൂൺ കൂടി മാസലക്കൂട്ട് വച്ചു നിരത്തി നാലു വശത്തുനിന്നും മടക്കി, അറ്റം അകത്തേക്കു മടക്കി വാഴാനാരുകൊണ്ടു കെട്ടിവയ്ക്കണം. ഇങ്ങനെ എല്ലാ മീനുകളും പൊതികെട്ടി തയാറാക്കിയെടുക്കാം.

ഒരു ദോശക്കല്ലോ തവയോ അടുപ്പിൽ വച്ച് അൽപം എണ്ണ തൂവി ഇലപ്പൊതി നിരത്തി അടച്ചുവയ്ക്കണം. കുറച്ചു കഴിഞ്ഞ് എല്ലാം തിരിച്ചിട്ട് വീണ്ടും അടച്ചു വേവിക്കണം. തീ കുറച്ച് ഇരുവശവും നന്നായി മൊരി‍ഞ്ഞു പാകമാകുന്നതുവരെ നീക്കിയും നിരക്കിയും തിരിച്ചും മറിച്ചും ഇട്ടുകൊടുക്കണം. ഇലകൾ മൊരി‍ഞ്ഞു കരിയാൻ തുടങ്ങുമ്പോൾ തീ ഓഫ് ചെയ്യാം. ചെറിയ ചൂടോടെ ഓരോ പൊതിയായി ചോറിനൊപ്പവും പത്തിരി, വെള്ളപ്പം, നാൻ തുടങ്ങിയവയോടൊപ്പവും വിളമ്പാൻ വളരെ നല്ല രുചികരമായ വിഭവമാണിത്. ഇതുപോലെ അയല, മത്തി, അയക്കൂറ, കരിമീൻ തുടങ്ങിയ മീനും തയാറാക്കാവുന്നതാണ്.