രസികൻ ചാമ്പയ്ക്ക വൈൻ

മുറ്റത്തെ മുല്ലയ്ക്കു മണമില്ലെന്ന ചൊല്ല് ഏറ്റവും ചേരും ചാമ്പയ്ക്കയ്ക്ക്. 70% വെള്ളം അടങ്ങിയിരിക്കുന്ന ഈ കുഞ്ഞൻ പഴത്തിൽ കാൽസ്യം, വൈറ്റമിൻ എ, സി, ഇ, ഡി–6, ഡി–3, കെ ഇത്രയുമുണ്ട്. മൂന്നുശതമാനം നാരുകളും. പ്രമേഹത്തെ പ്രതിരോധിക്കുന്ന ഘടകങ്ങൾ‍ സമ്പുഷ്ടം. മെലിയാനായി പരിശ്രമിക്കുന്നവർക്കു ഡയറ്റിൽ ചാമ്പയ്ക്ക ഉറപ്പായും ഉൾപ്പെടുത്താം.

ജാമിനും വൈനിനും ചാമ്പയ്ക്ക ബെസ്റ്റ് തന്നെ. പക്ഷേ പഞ്ചസാര കൂടുതലായി ചേർക്കുന്ന ഈ വിഭവങ്ങൾ വളരെ നിയന്ത്രിതമായി വേണം ഉപയോഗിക്കാൻ. ഒരു മാസത്തോളം എടുക്കും ഈ വൈൻ രുചികരമാകാൻ.

ചേരുവകൾ

1. ചുവപ്പ് നിറമുള്ള ചാമ്പക്ക – 1 കിലോ
2. പഞ്ചസാര – 1 കിലോ
3. യീസ്റ്റ് – 1 ടീസ്പൂൺ
4. ഗോതമ്പു മണി – 1 ടീസ്പൂൺ

ചാമ്പക്ക നന്നായി കഴുകി വൃത്തിയാക്കി വെള്ളമയമില്ലാതെ തുടച്ചു വയ്ക്കണം. കഴുകി ഉണക്കി വൃത്തിയാക്കിയ ഭരണി യില്‍ ഏറ്റവും അടിയിൽ കുറച്ചു പഞ്ചസാര തൂവിയതിനു ശേഷം മുകളിൽ കുറച്ചു ചാമ്പക്ക വിതറുക. അതിനു മുകളിൽ വീണ്ടും പഞ്ചസാര വിതറുക. അങ്ങനെ തീരുന്നതു വരെ പഞ്ചസാരയും ചാമ്പക്കയും ഇടകലർത്തി ഇടണം. ഏറ്റവും മുകളിൽ പഞ്ചസാര ഇടണം. അതിനുശേഷം ഭരണി മൂടി കെട്ടി വയ്ക്കുക. ദിവസവും ഭരണി കുലുക്കി വെയ്ക്കുക.

20 ദിവസത്തിനു ശേഷം യീസ്റ്റ്, ഗോതമ്പു മണിയും കൂടി ഇട്ട് വീണ്ടും കെട്ടി 15 ദിവസം വയ്ക്കണം. ദിവസവും ഭരണി കുലുക്കി വയ്ക്കുക. പിന്നീട് ചാമ്പക്ക പിഴിഞ്ഞ് നീരും, വെള്ള മയമില്ലാത്ത പാത്രത്തിലേക്ക് ഒരു തുണിയിൽ അരിച്ചെ ടുക്കുക. കുറച്ചു കൂടി സ്വർണ നിറം വേണമെങ്കിൽ അര കപ്പ് കാരമലൈസ്ഡ് ഷുഗർ ചേർക്കുക.