ആരെയും കൊതിപ്പിക്കുന്ന ഫ്രൂട്ട് കപ് കേക്ക്

കടലാസുകോട്ടിട്ട ‘കപ് കേക്കുകൾ’ കാഴ്‌ചയിൽ കുഞ്ഞനാണെങ്കിലും രുചിയുടെ കാര്യത്തിൽ കേമനാണ്. കൂട്ടുകളിലും കാഴ്‌ചയിലും എളിമയുള്ള ഈ കോട്ടുകാരൻ ഏവരുടെയും കൂട്ടുകാരനാണ്. കയ്യിലൊതുങ്ങുന്ന കൊച്ചുകേക്കുകൾ നീളൻ കുപ്പായത്തിന്റെ കീശയിലും കയറിപ്പറ്റിക്കഴിഞ്ഞു. ക്രിസ്മസ്  വിഭവങ്ങൾക്കിടയിൽ കപ് കേക്കിനു കിടിലൻ തലയെടുപ്പാണ്. 

ഉണങ്ങിയ പഴങ്ങൾ റം/വിസ്കി കൂട്ടിൽ മാസങ്ങൾക്കു മുൻപ് ഇട്ടു വയ്ക്കാൻ പറ്റിയില്ലെങ്കിലും കുഴപ്പമില്ല, തലേദിവസം വച്ചിരുന്നാലും കേക്ക് നന്നായി കിട്ടും. നിങ്ങളുടെ താൽപര്യമനുസരിച്ചു പഞ്ചസാരയുടെ അളവു കൂട്ടുകയോ കുറയ്‌ക്കുകയോ ചെയ്യാം. ഐസിങ് ഒഴിവാക്കിയുള്ള കേക്കുകളാണു ആരോഗ്യകരം, കുട്ടികൾക്ക് ഐസിങ് ഇഷ്ടമെങ്കിൽ ഇതിലേക്ക് ചേർക്കാം. കൃത്രിമ ചേരുവകളും അമിതമധുരവും ഒഴിവാക്കുകയായിരിക്കും ഉചിതം. അതിഥികൾ മടങ്ങുമ്പോൾ സ്‌നേഹപൂർവം കൊടുത്തയയ്‌ക്കുന്ന വിഭവങ്ങളിൽ ഏറെ പ്രിയം കപ് കേക്കുകൾക്കായിരിക്കും.

Read this Recipe in English

ക്രിസ്മസിന് തയാറാക്കാവുന്ന കപ് കേക്ക് രുചി പരിചയപ്പെടുത്തുന്നത് കൊച്ചി സ്വദേശി അനിത ഐസക്ക്, പാലാരിവട്ടത്ത് മന്ന എന്ന കുക്കറി സ്കൂളിൽ ബേക്കിങ് – കുക്കിങ് ക്ലാസുകളിലൂടെ പാചകലോകത്ത് സജീവമാണ് അനിത. ക്രിസ്മസ് വിഭവങ്ങളിലെ തിളങ്ങുന്ന നക്ഷത്രമാകുന്ന കപ് കേക്ക് രുചിക്കൂട്ട് നോക്കാം.

ചേരുവകൾ

മൈദ – 120 ഗ്രാം
പഞ്ചസാര പൊടിച്ചത് – 100 ഗ്രാം
ബട്ടർ – 85 ഗ്രാം
മുട്ട – 2 എണ്ണം
സോക്ക്ഡ് ഡ്രൈ ഫ്രൂട്ടസ് – 100 ഗ്രാം (റം /വിസ്കി /ബ്രാൻഡി ഏതിലെങ്കിലും കുതിർത്തു വയ്ക്കണം, ഒന്നോ രണ്ടോ മാസം ഇങ്ങനെ വച്ചിരുന്ന ഡ്രൈ ഫ്രൂട്ട്സ് കേക്കിൽ ഉപയോഗിച്ചാൽ നല്ലത്)
ബേക്കിങ് പൗഡർ – 1/2 ടീസ്പൂൺ
വനില എസൻസ് – ആവശ്യത്തിന്

തയാറാക്കുന്ന വിധം

∙മൈദയും ബേക്കിങ് പൗഡറും ചേർത്ത് ഇടഞ്ഞെടുക്കാം.

∙നന്നായി പതഞ്ഞു പൊങ്ങുന്നതു വരെ ബട്ടറും പഞ്ചസാര പൊടിച്ചതും ബീറ്റർ ഉപയോഗിച്ച് അടിച്ചെടുക്കാം. 

∙ഈ കൂട്ടിലേക്ക്  മുട്ടയും ഡ്രൈഫ്രൂട്ട്സും വനില എസൻസും ചേർത്തു കൊടുക്കാം. കപ്പ് കേക്കിന്റെ മാവിന്റെ പാകത്തി നുള്ള മാവു തയാറാക്കുക. 

∙കപ്പ് കേക്ക് മോൾഡിൽ മാവ് ഒഴിച്ച് 1800 C ൽ 15 മിനിറ്റ് ബേക്ക് ചെയ്താൽ ഫ്രൂട്ട് കപ്പ് കേക്ക് റെഡി.