മുടി നീട്ടി വളർത്തിയതിന്റെ പേരിലാണ് അഞ്ചു വയസ്സുകാരന് മലപ്പുറത്തെ സ്വകാര്യ സ്കൂൾ പ്രവേശനം നിഷേധിച്ചത്. സ്കൂളിന്റെ നിയമം പാലിക്കാൻ കഴിയില്ലെങ്കിൽ അവിടെ പഠിക്കേണ്ട എന്നും അതല്ല കുട്ടിയുടെ സ്വകാര്യതയിൽ കൈ കടത്തേണ്ടതില്ല എന്നും ചർച്ചകളുണ്ടായി. എന്താണ് ഇതിലെ നിയമവശം? മുടി നീട്ടി വളർത്തുന്നവർക്ക് സ്കൂളിൽ പഠിക്കാൻ കഴിയില്ലേ? ‘അച്ചടക്ക’ നടപടി എവിടെ വരെയാകാം?

മുടി നീട്ടി വളർത്തിയതിന്റെ പേരിലാണ് അഞ്ചു വയസ്സുകാരന് മലപ്പുറത്തെ സ്വകാര്യ സ്കൂൾ പ്രവേശനം നിഷേധിച്ചത്. സ്കൂളിന്റെ നിയമം പാലിക്കാൻ കഴിയില്ലെങ്കിൽ അവിടെ പഠിക്കേണ്ട എന്നും അതല്ല കുട്ടിയുടെ സ്വകാര്യതയിൽ കൈ കടത്തേണ്ടതില്ല എന്നും ചർച്ചകളുണ്ടായി. എന്താണ് ഇതിലെ നിയമവശം? മുടി നീട്ടി വളർത്തുന്നവർക്ക് സ്കൂളിൽ പഠിക്കാൻ കഴിയില്ലേ? ‘അച്ചടക്ക’ നടപടി എവിടെ വരെയാകാം?

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുടി നീട്ടി വളർത്തിയതിന്റെ പേരിലാണ് അഞ്ചു വയസ്സുകാരന് മലപ്പുറത്തെ സ്വകാര്യ സ്കൂൾ പ്രവേശനം നിഷേധിച്ചത്. സ്കൂളിന്റെ നിയമം പാലിക്കാൻ കഴിയില്ലെങ്കിൽ അവിടെ പഠിക്കേണ്ട എന്നും അതല്ല കുട്ടിയുടെ സ്വകാര്യതയിൽ കൈ കടത്തേണ്ടതില്ല എന്നും ചർച്ചകളുണ്ടായി. എന്താണ് ഇതിലെ നിയമവശം? മുടി നീട്ടി വളർത്തുന്നവർക്ക് സ്കൂളിൽ പഠിക്കാൻ കഴിയില്ലേ? ‘അച്ചടക്ക’ നടപടി എവിടെ വരെയാകാം?

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുടി നീട്ടി വളർത്തിയതിന്റെ പേരിലാണ് അഞ്ചു വയസ്സുകാരന് മലപ്പുറത്തെ സ്വകാര്യ സ്കൂൾ പ്രവേശനം നിഷേധിച്ചത്. സ്കൂളിന്റെ നിയമം പാലിക്കാൻ കഴിയില്ലെങ്കിൽ അവിടെ പഠിക്കേണ്ട എന്നും അതല്ല കുട്ടിയുടെ സ്വകാര്യതയിൽ കൈ കടത്തേണ്ടതില്ല എന്നും ചർച്ചകളുണ്ടായി. എന്താണ് ഇതിലെ നിയമവശം? മുടി നീട്ടി വളർത്തുന്നവർക്ക് സ്കൂളിൽ പഠിക്കാൻ കഴിയില്ലേ? ‘അച്ചടക്ക’ നടപടി എവിടെ വരെയാകാം? വിശദമായി പരിശോധിക്കാം..

∙ നിഷേധിക്കാൻ വകുപ്പില്ല

ADVERTISEMENT

2009 ലെ വിദ്യാഭ്യാസ അവകാശ നിയമപ്രകാരം 6 മുതൽ 14 വയസ്സു വരെയുള്ള കുട്ടികൾക്ക് വിദ്യാഭ്യാസം സൗജന്യവും നിർബന്ധിതവുമാണ്. വിദ്യാഭ്യാസം ഉറപ്പു വരുത്തുക എന്നത് സർക്കാറുകൾ, തദ്ദേശസ്ഥാപനങ്ങൾ, സ്‌കൂൾ അധികൃതർ, രക്ഷിതാക്കൾ, അധ്യാപകർ എന്നിവരുടെ ഉത്തരവാദിത്തവും ചുമതലയുമാണ്‌.‌‌

വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ സെക്‌ഷൻ 15 പ്രകാരം ഒരു കാരണത്തിന്റെ പേരിലും വിദ്യാർഥിക്ക് സ്കൂൾ പ്രവേശനം നിഷേധിക്കാൻ പാടില്ല. അതായത് മുടി നീട്ടിവളർത്തി എന്ന പേരിൽ സ്കൂൾ പ്രവേശനം നൽകിയില്ലെങ്കിൽ വിദ്യാഭ്യാസ അവകാശ നിയമം ലംഘിച്ചതിന്റെ പരിധിയിൽ വരും എന്ന് ചുരുക്കം. 

‘‘ഒരു കാരണത്തിന്റെ പേരിലും വിദ്യാർഥിക്ക് പ്രവേശനം നിഷേധിക്കരുത് എന്നാണ് നിയമം പറയുന്നത്. കുട്ടിയുടെ വിദ്യാഭ്യാസത്തിനുള്ള അവകാശത്തെ ചോദ്യം ചെയ്യാൻ പാടില്ല. വയസ്സ് തെളിയിക്കുന്ന രേഖകൾ ഇല്ലെങ്കിൽ പോലും പ്രവേശനം നൽകണം എന്നാണ് നിയമം പറയുന്നത്. മുടി നീട്ടി വളർത്തിയതിന്റെ പേരിൽ പ്രവേശനം നിഷേധിച്ച സംഭവത്തിൽ ബാലാവകാശ കമ്മിഷൻ വിശദീകരണം തേടിയിട്ടുണ്ട്’’, ബാലാവകാശ കമ്മിഷൻ അംഗം റെനി ആന്റണി പറഞ്ഞു. 

പ്രതീകാത്മക ചിത്രം

∙ പ്രവേശന പരീക്ഷയും അനധികൃതം

ADVERTISEMENT

വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ 13–ാം സെക്‌ഷൻ പ്രകാരം ചെറിയ ക്ലാസുകളിലെ പ്രവേശനത്തിനായി നടത്തുന്ന മത്സരപ്പരീക്ഷകളും അഭിമുഖങ്ങളും നിയമലംഘനത്തിന്റെ പരിധിയിൽപ്പെടും. എന്തുകൊണ്ടാണ് ഇത് സാമൂഹികമായി ഒരു വലിയ അനീതിയായി മാറുന്നതെന്നും വിശദമായി പറയുന്നുണ്ട്.

എല്ലാ കുട്ടികളും അറിവു നേടാനും പഠിക്കാനുമുള്ള കഴിവോടെ തന്നെയാണ് ജനിക്കുന്നത്. സ്കൂൾ എന്ന ഒരു സംവിധാനത്തിന്റെ സഹായമില്ലാതെ രണ്ടു വയസ്സാകുമ്പോഴേക്കും ഭാഷ പഠിച്ചു തുടങ്ങുന്നത് തന്നെ ഉദാഹരണം. പിന്നെ എവിടെയാണ് അവർ വ്യത്യാസപ്പെട്ടു തുടങ്ങുന്നത്? സാമൂഹികമായും സാമ്പത്തികമായും ഉയർന്ന പശ്ചാത്തലമുള്ള കുട്ടികൾക്ക് തുടക്കം മുതൽ തന്നെ ലഭിക്കുന്ന പ്രത്യേക സൗകര്യങ്ങളുണ്ട്. വിദ്യാഭ്യാസവും ജോലിയുമുള്ള മാതാപിതാക്കൾ കുട്ടികൾക്ക് ഇംഗ്ലിഷ് വാക്കുകളും പാട്ടുകളും പരിചയപ്പെടുത്തിയേക്കാം, ഓരോ പ്രായത്തിനും വേണ്ടി ശാസ്ത്രീയമായി തയാറാക്കിയ ‘എജ്യൂക്കേഷനൽ ടോയ്സ്’ വാങ്ങി നൽകിയേക്കാം. ഇത്തരത്തിൽ കൃത്യമായ പരിഗണന ലഭിച്ച് വളർന്നു വരുന്ന കുട്ടികളാവും എൽകെജി, പ്രൈമറി സ്കൂൾ പ്രവേശന പരീക്ഷകളിൽ കൂടുതലായി വിജയിക്കുക.

ഈ സാഹചര്യത്തിൽ, കുട്ടികളുടെ ബുദ്ധിവികാസമല്ല മറിച്ച് കൂടുതൽ മികച്ച പരിഗണന കിട്ടിയത് ആർക്കെന്ന് അളക്കുക മാത്രമാണ് ഇത്തരം പരീക്ഷകൾ ചെയ്യുന്നതെന്നാണ് നിയമം പറയുന്നത്. സ്കൂളിൽ എത്തുന്നതിന് മുൻപ് തന്നെ സാമൂഹികമായും സാമ്പത്തികമായും പിന്നാക്കാവസ്ഥ അനുഭവിക്കുന്ന കുട്ടികളോട് ചെയ്യുന്ന അനീതിയാണ് ഈ തിരഞ്ഞെടുക്കൽ പ്രക്രിയ. കുട്ടിയുടെ മാതാപിതാക്കളെയും കൂടി ഇന്റർവ്യൂ ചെയ്യുന്ന രീതി പലയിടത്തും നിലവിലുണ്ട്. സ്കൂളിന്റെ ‘അന്തസ്സി’ന് യോജിക്കാത്തവരെ അരിച്ചു മാറ്റുന്ന ഈ രീതിക്ക് നിയമം പിഴയും നിശ്ചയിച്ചിട്ടുണ്ട്.

എസ്‌എസ്‌എൽസി പരീക്ഷയുടെ സീറ്റിങ് അറേഞ്ച്മെന്റ് നമ്പറുകൾ പരിശോധിക്കുന്ന വിദ്യാർഥികൾ (ഫയൽ ചിത്രം ∙ മനോരമ)

∙ സെലിബ്രിറ്റി കിഡ്സിന് മുടി വളർത്താമോ?

ADVERTISEMENT

സ്കൂളിലെ പൊതുവായ അച്ചടക്കത്തിനായി നിർദേശങ്ങൾ നൽകാമെങ്കിലും കുട്ടികളുടെ തികച്ചും വ്യക്തിപരമായ കാര്യങ്ങളിലേക്ക് കടന്നു കയറാൻ അവകാശമില്ല എന്ന് തന്നെയാണ് നിയമം. പക്ഷേ, പരാതി കൊടുക്കാനോ ചോദ്യം ചെയ്യാനോ മാതാപിതാക്കൾ മടിക്കുന്നതിന് പിന്നിൽ ടിസി നൽകി പറഞ്ഞുവിടുമോ എന്നത് മുതൽ കുട്ടിയോട് അധ്യാപകർ വിവേചനപരമായി പെരുമാറുമോ എന്ന പേടി വരെയുണ്ട്. വിദ്യാഭ്യാസ അവകാശ നിയമം ലംഘിച്ചു കൊണ്ടു തന്നെ, പൊതു പരീക്ഷകളിലെ മികച്ച വിജയത്തിനായി പഠനനിലവാരം കുറഞ്ഞ കുട്ടികളെ നിർബന്ധപൂർവം ടിസി നൽകി പറഞ്ഞുവിടുക എന്നത് നിർബാധം നടക്കുന്ന നാടാണിത്. 

മുടി നീട്ടൽ ചർച്ചയാകുമ്പോൾ ഇത്തരം ചട്ടങ്ങൾ എല്ലാവർക്കും ബാധകമാണോ എന്ന ചോദ്യങ്ങളും ഉയരുന്നുണ്ട്. സിനിമയിലെയും ടെലിവിഷൻ ഷോകളിലെയും താരമായ പല കുട്ടികളും മുടി നീട്ടി വളർത്തിയവരാണ്. വിശ്വാസത്തിന്റെ പേരിലും മുടി നീട്ടാൻ ഇളവ് കൊടുക്കുന്ന സ്കൂളുകൾ അങ്ങനെയൊന്നുമല്ലാത്ത വിദ്യാർഥികളോട് അസഹിഷ്ണുത കാട്ടേണ്ടതുണ്ടോ എന്നതാണ് ചോദ്യം.

‘‘മുടി അച്ചടക്കത്തിന്റെ ഭാഗമാണെന്നാണ് സ്കൂളുകൾ കരുതുന്നത്. അത് അച്ചടക്കത്തിന്റെയല്ല, ഒരു കുട്ടിയുടെ സ്വകാര്യതയുടെ വിഷയമാണ്. മുടി വെട്ടുന്നതിലാണ് അച്ചടക്കം ഇരിക്കുന്നത് എന്ന ചിന്താഗതി ശരിയല്ല. സ്കൂളുകൾ കുറേക്കൂടി വിശാലമായ മനസ്സോടെ കുട്ടികളെ കാണേണ്ടതുണ്ട്. അതേസമയം പല തരത്തിൽ പ്രിവിലേജ്‍ഡ് ആയ കുട്ടികളോട് ഈ സമീപനം പുലർത്തുന്നതുമില്ല. മലപ്പുറത്തെ കുട്ടിയുടെ കാര്യത്തിൽ മൂത്ത കുട്ടി അതേ സ്കൂളിൽ പഠിക്കുന്നത് കാരണം പരാതി നൽകാൻ വീട്ടുകാർക്ക് പേടിയായിരുന്നു. പ്രവേശനം നിഷേധിക്കുക എന്നത് അംഗീകരിക്കാനാവില്ല’’, മലപ്പുറം ചൈൽഡ്‌ലൈൻ കോ–ഓർഡിനേറ്ററായ അൻവർ കാരക്കാടൻ പറയുന്നു. 

എസ്എസ്എൽസി പരീക്ഷയുടെ അവസാനദിവസം വിദ്യാർഥികളുടെ ആഹ്ലാദം. കണ്ണൂർ മുനിസിപ്പൽ ഹയർസെക്കൻഡറി സ്കൂളിലെ കാഴ്ച. (ഫയൽ ചിത്രം: ധനേഷ് അശോകൻ ∙ മനോരമ)

∙ മുടി പിന്നിക്കെട്ടേണ്ട എന്നും വിധിയുണ്ട്

യൂണിഫോമിന്റെ ഭാഗമായി പെൺകുട്ടികളുടെ മുടി ഇരുവശത്തേക്കും പിന്നിക്കെട്ടി റിബൺ കെട്ടണം എന്ന് നിർബന്ധമുള്ള ഒട്ടേറെ സ്കൂളുകൾ സംസ്ഥാനത്ത് ഇപ്പോഴുമുണ്ട്. പക്ഷേ, ഇതിന് കുട്ടികളെ നിർബന്ധിക്കാനാവില്ല എന്നും യൂണിഫോം എന്ന പേരിൽ ഇത് അടിച്ചേൽപ്പിക്കാനാവില്ലെന്നും ബാലാവകാശ കമ്മിഷൻ 2016 ൽ തന്നെ ഉത്തരവിറക്കിയിരുന്നു. കാസർകോട് ചീമേനി ഗവ.ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർഥിയുടെ പരാതിയിലായിരുന്നു നടപടി. 

മുടി ഇരുവശത്തേക്കും പിന്നിക്കെട്ടണം എന്ന സ്കൂൾ അധികൃതരുടെ നിർബന്ധം മൂലം രാവിലെ കുളി കഴിഞ്ഞാൽ ഉണങ്ങാത്ത മുടി പിന്നിക്കെട്ടേണ്ടി വരികയാണെന്നും ഇത് മൂലം മുടിയിൽ നിന്ന് ദുർഗന്ധം ഉണ്ടാവുകയും മുടിയിൽ കായകൾ രൂപപ്പെട്ട് മുടി നശിക്കുകയുമാണ് എന്നായിരുന്നു പരാതി. ഈ പ്രശ്നം ഒഴിവാക്കാനായി പലപ്പോഴും പെൺകുട്ടികൾ കുളിക്കാതെ സ്കൂളിലെത്താൻ നിർബന്ധിതരാവുകയാണെന്നും ഇത് പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുന്നുണ്ട് എന്നും പരാതിക്കാരി ചൂണ്ടിക്കാട്ടി. 

അതോടൊപ്പം തന്നെ, നീളമില്ലാത്തതും ഉള്ളില്ലാത്തതുമായ മുടിയുള്ളവർക്ക് ഇങ്ങനെ പിന്നിക്കെട്ടുന്നത് അനാകർഷകമാണെന്നും പല വിദ്യാർഥികളും ഇതുമൂലം അനുഭവിക്കുന്ന ആത്മവിശ്വാസക്കുറവിന് പരിഹാരം കാണണമെന്നും  വിദ്യാർഥി കമ്മിഷനോട് ആവശ്യപ്പെട്ടു. പരാതിയെക്കുറിച്ച് വിശദമായി പഠിച്ച ബാലാവകാശ കമ്മിഷൻ വിദ്യാർഥികൾക്ക് അനുകൂലമായാണ് ഉത്തരവ് പുറപ്പെടുവിച്ചത്. മുടിയുടെ പേരിൽ അധിക സമയം ചെലവഴിക്കേണ്ടി വരികയും മറ്റ് ആരോഗ്യപ്രശ്നങ്ങൾ അനുഭവിക്കേണ്ടി വരികയും ചെയ്യുന്ന അവസ്ഥ ലിംഗവിവേചനമാണ് എന്നായിരുന്നു കമ്മിഷന്റെ നിരീക്ഷണം. 

പ്രതീകാത്മക ചിത്രം (മനോരമ)

ഇങ്ങനെ മുടി പിന്നിക്കെട്ടാൻ കുട്ടികളെ നിർബന്ധിക്കാൻ പാടില്ല എന്ന് നിലപാട് എടുത്ത കമ്മിഷൻ, ‘‘അച്ചടക്കത്തിന്റെ ഭാഗമായി മുടി ഒതുക്കി വെക്കാൻ കുട്ടികളോട് ആവശ്യപ്പെടാം. എന്നാൽ അവർക്ക് മാനസികമായും ആരോഗ്യപരമായും ദോഷകരമായി ബാധിക്കുന്ന രീതിയിൽ നിർബന്ധമായും മുടി വേർതിരിച്ച് പിരിച്ചു കെട്ടാൻ നിർബന്ധിക്കുന്നത് ബാലാവകാശ ലംഘനമായേ കാണാനാകൂ’’ എന്നാണ് പറഞ്ഞത്.  

ഉത്തരവ് ഇറങ്ങി രണ്ട് മാസം പിന്നിട്ടപ്പോൾ അടുത്ത പരാതി കമ്മിഷന് മുൻപിലെത്തി. സിബിഎസ്ഇ സ്കൂൾ വിദ്യാർഥിയായ മകളോട് മുടി ഇരുവശത്തേക്കും പിരിച്ചു കെട്ടാൻ സ്കൂൾ അധികൃതർ നിർബന്ധിക്കുന്നുവെന്നും ഉത്തരവ് സിബിഎസ്ഇ സ്കൂളിന് ബാധകമല്ല എന്നാണ് അവരുടെ വിശദീകരണം എന്നുമായിരുന്നു പരാതി. തുടർന്ന് നടപടി സിബിഎസ്ഇ സ്കൂളുകളിലും ബാധകമാക്കാൻ വേണ്ട നിർദേശങ്ങളുമായി പുതിയ ഉത്തരവ് ഇറങ്ങുകയും ചെയ്തു. തിരുവനന്തപുരം സ്വദേശിയുടെ പരാതിയിലായിരുന്നു നടപടി. 

പെൺകുട്ടികൾക്ക് മുടി നീട്ടി വളർത്താമെങ്കിലും ഇഷ്ടമുള്ള രീതിയിൽ മുറിക്കാനോ ഇഷ്ടമുള്ളതുപോലെ കെട്ടിവയ്ക്കാനോ അനുവാദമില്ലാത്ത ഒട്ടേറെ സ്കൂളുകൾ ഇപ്പോഴും സംസ്ഥാനത്തുണ്ട്. റിബൺ ഏറെക്കുറെ ഒഴിവാക്കപ്പെട്ടിട്ടുണ്ടെങ്കിലും ഇരുവശത്തേക്കും മുടി പിന്നിക്കെട്ടുക എന്നതാണ് മിക്കയിടത്തും ‘അച്ചടക്ക’ത്തിന്റെ ഭാഗമായി പിന്തുടരുന്ന രീതി. ഇതിന് നിർബന്ധിക്കുന്നത് ബാലാവകാശ ലംഘനമാണെന്ന കമ്മിഷൻ ഉത്തരവ് നിലനിൽക്കുമ്പോൾ തന്നെയാണ് ഇത്. 

പ്രതീകാത്മക ചിത്രം (മനോരമ)

∙ തമ്മിൽ കാണാത്ത മതിലുകൾ

സംസ്ഥാനത്ത് ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വെവ്വേറെ സ്കൂളുകൾ വേണ്ടെന്നും മിക്സഡ് സ്കൂളുകൾ മാത്രം മതിയെന്നും ബാലാവകാശ കമ്മിഷൻ ഉത്തരവ് ഇറക്കിയത് കഴിഞ്ഞ വർഷമാണ്. പെൺകുട്ടികൾക്ക് മാത്രമായി 280 സ്കൂളുകളും ആൺകുട്ടികൾക്ക് മാത്രമായി 164 സ്കൂളുകളും സംസ്ഥാനത്ത് ഉണ്ടെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലായിരുന്നു അത്. ചുരുക്കം സ്കൂളുകൾ ഈ വർഷം എല്ലാവർക്കുമായി വാതിൽ തുറന്നിട്ടുണ്ട്. എല്ലാ സൗകര്യങ്ങളും ഒരുക്കിക്കൊണ്ട് മുഴുവൻ സ്കൂളുകളും മിക്സഡ് ആകാൻ ഇനിയും ഒരുപാട് സമയം എടുത്തേക്കും. 

സഹവിദ്യാഭ്യാസത്തിനു വേണ്ടി ശബ്ദമുയർത്തുമ്പോൾ തന്നെ കേരളത്തിൽ നിലവിലുള്ള മിക്സഡ് സ്കൂളുകളിൽ നടക്കുന്ന ലിംഗവിവേചനങ്ങൾ കൂടി ചർച്ചയാവേണ്ടതുണ്ട്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ഗോവണികളും പ്രത്യേക ഇന്റർവെൽ സമയവും നിലനിൽക്കുന്ന സ്കൂളുകൾ ഇപ്പോഴും സംസ്ഥാനത്തുണ്ട്. തിരുവനന്തപുരം ജില്ലയിലെ പ്രശസ്തമായ മിക്സഡ് സ്കൂളിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ഡിവിഷൻ വരെയുണ്ട്. 

തമ്മിൽ മിണ്ടാൻ പാടില്ല, നോട്ട്ബുക്ക് കൈമാറാൻ പാടില്ല തുടങ്ങിയ അലിഖിത നിയമങ്ങൾ വേറേ. സ്കൂൾ വിട്ടാൽ ബസ് സ്റ്റോപ്പിലെ കാവൽ വരെ നീളുന്നതാണ് ഈ നിരീക്ഷണം. ജെൻഡർ ന്യൂട്രൽ യൂണിഫോമും പാഠപുസ്തകങ്ങളിലെ ജെൻഡർ ഓഡിറ്റിങും ചർച്ചയാവുമ്പോൾ തന്നെ മിക്സഡ് സ്കൂളുകളിൽ ഇത്തരം ‘സദാചാര പൊലീസി’ങ്ങും നിര്‍ബാധം നടക്കുന്നു എന്നതാണ് വാസ്തവം.

പ്രതീകാത്മക ചിത്രം (മനോരമ)

∙ സ്കൂളുകളിൽ ഇത്ര അച്ചടക്കം വേണോ? 

സാമൂഹിക ജീവിയായി മാറാനുള്ള കുറേയധികം കാര്യങ്ങൾ വിദ്യാർഥികൾ സ്കൂളിൽ നിന്ന് പഠിക്കേണ്ടതുണ്ട് എന്നത് ശരി തന്നെ. പക്ഷേ, തീർത്തും അച്ചടക്ക പാഠശാലകളായി നമ്മുടെ സ്കൂളുകൾ മാറേണ്ടതുണ്ടോ? പെൺകുട്ടികളുടെ യൂണിഫോം ചുരിദാർ ആണെങ്കിൽ സ്ലിറ്റ് പാടില്ലെന്ന് നിർബന്ധമാണ് മിക്ക സ്കൂളുകളിലും. നടക്കാനുള്ള വേഗത്തെ പോലും പരിമിതപ്പെടുത്തുന്ന തീരുമാനമാണെങ്കിലും കാറ്റടിച്ചാൽ ടോപ്പ് പൊങ്ങിപ്പോകുന്ന സദാചാര പ്രശ്നത്തിനാണ് അവിടെയും മുൻഗണന. 

പുതിയ കുട്ടികൾ ആകപ്പാടെ പ്രശ്നക്കാരാണെന്നും അവരെ മര്യാദ പഠിപ്പിച്ചേ നേർവഴിക്ക് നയിക്കാനാവൂ എന്നുമുള്ള കാഴ്ചപ്പാട് ഈ കാലത്തിന് ചേർന്നതാണോ? ‘‘പുതിയ കുട്ടികൾ ഏറ്റവും പുതിയ കാലത്തിന്റെ സാംസ്കാരിക അടയാളങ്ങളാണ്. കാലം അതിവേഗം മാറുന്നു എന്നാണ് അവരിൽ നിന്ന് പഠിക്കേണ്ടത്. സ്കൂളിന്റെ അച്ചടക്കം പാലിക്കുന്നുണ്ടോ എന്ന് നോക്കാം. അവർ ഇങ്ങനെയേ മുടി വെട്ടാവൂ എന്ന പട്ടാളച്ചിട്ടയുടെ ആവശ്യമെന്താണ്? കുട്ടികൾ ഇഷ്ടമുള്ള രീതിയിൽ മുടി വളർത്തട്ടെ. അവരുടെ തലയിൽ അല്ലേ അവർക്ക് പരീക്ഷണം നടത്താൻ പറ്റൂ. സ്കൂളുകൾ ചിന്തിക്കുന്ന യാഥാസ്ഥിതിക മാതൃകയ്ക്ക് അപ്പുറം നിൽക്കുന്നവരെ ശിക്ഷിക്കുക എന്നത് കുട്ടികളോട് കാണിക്കുന്ന മനുഷ്യാവകാശലംഘനമാണ്. വിചിത്രമെന്ന് തോന്നുന്ന മുടിയും വേഷവിധാനങ്ങളുമുള്ള കുട്ടികൾ നാടിന് ആവശ്യം വരുമ്പോൾ മാനുഷിക മൂല്യങ്ങളുള്ള രക്ഷകരായി മാറുന്നതും നമ്മൾ കാണുന്നുണ്ടല്ലോ’’, എഴുത്തുകാരനും പ്രഭാഷകനുമായ എ.പി.അഹമ്മദ് പറയുന്നു. 

അമ്മയും മകളും (ചിത്രം–shylendrahoode/iStock)

∙ തമാശയല്ല, മാറ്റിനിർത്തലാണ്

ഇന്ദുലേഖ പോലെ മലയാളത്തിലെ ആദ്യകാല നോവലുകളും ചരിത്രവും പരിശോധിച്ചാൽ കുടുമ ധരിച്ച, കാതിൽ കടുക്കനിട്ട അധ്യാപകരെ കാണാം. ഒരു കാലത്ത് സാമൂഹിക അംഗീകാരത്തിന്റെ ഭാഗമായിരുന്നു നീട്ടി വളർത്തിയ മുടിയും കാതിലെ കമ്മലും. താഴ്ന്ന ജാതിയിൽപ്പെട്ടവർക്ക് അപ്രാപ്യമായിരുന്ന ഈ അലങ്കാരത്തിന് തീർച്ചയായും ജാതീയമായ മേൽക്കോയ്മ ലഭിക്കുകയും ചെയ്തിരുന്നു. പിന്നെ എപ്പോഴാണ് നീട്ടിയ മുടിയും കാതിലെ ഒറ്റക്കമ്മലും നിഷേധത്തിന്റെയും അച്ചടക്കമില്ലായ്മയുടെയും അടയാളമായി മാറിയത്? 

ഏത് വിഭാഗങ്ങളിൽപ്പെട്ടവരാണ് ഇത്തരം സദാചാര പൊലീസിങിന് ഇടയാവുന്നതെന്ന കണക്കെടുത്താൽ അതിന് പിന്നിൽ പ്രവർത്തിക്കുന്ന ജാതിബോധത്തെക്കുറിച്ച് മനസ്സിലാവും. പെൺസുഹൃത്തിനോട് സംസാരിച്ചു കൊണ്ടിരിക്കെ പൊലീസ് അറസ്റ്റ് ചെയ്യുകയും പിന്നീട്  കസ്റ്റഡിയിലെ പീഡനത്തെത്തുടർന്ന് ആത്മഹത്യ ചെയ്യുകയും ചെയ്ത ദലിത് വിഭാഗത്തിൽപ്പെട്ട 19 വയസ്സുകാരൻ വിനായകൻ അടക്കമുള്ള ഉദാഹരണങ്ങൾ നമുക്ക് മുന്നിലുണ്ട്. നീണ്ട മുടി പൊലീസ് പിടിച്ചു വലിച്ചു പറിക്കുകയും ക്രൂരമായി അപമാനിക്കുകയും െചയ്തുവെന്നാണ് ഒപ്പമുണ്ടായിരുന്ന സുഹൃത്ത് മൊഴി നൽകിയത്. 

പ്രതീകാത്മക ചിത്രം (മനോരമ)

നീണ്ട മുടിയെക്കുറിച്ചും ഇറക്കമുള്ള പാന്റിനെക്കുറിച്ചും കുട്ടികളുടെ നിറത്തെക്കുറിച്ചും വരെ ഒളിഞ്ഞും തെളിഞ്ഞും നമ്മുടെ ക്ലാസ്മുറികളിൽ പറയുന്ന ‘തമാശ’കളിൽ ഈ അരികുവൽക്കരണം ഇപ്പോഴുമുണ്ട്. ഉദ്്ഘാടനച്ചടങ്ങുകളിൽ നിലവിളക്ക് കൊളുത്താനുള്ള വെളിച്ചം കൈമാറാനും സ്വാതന്ത്ര്യദിനത്തിൽ ഭാരതാംബയാക്കാനും ഒപ്പന മത്സരത്തിൽ മണവാട്ടിയാക്കാനും സ്കൂളുകൾ ആളെ തിരഞ്ഞെടുക്കുന്നതിന്റെ മാനദണ്ഡം നോക്കിയാൽ അതിനുള്ള ഉത്തരം കിട്ടും; മാറിനടക്കുന്നവരോട് ഇത്രയധികം അസഹിഷ്ണുത കാണിക്കുന്നതിന്റെ കാരണവും. ഈ വാർപ്പുമാതൃകകളെ പൊളിച്ചുകളയാനുള്ള പരിശീലനമാണ് സത്യത്തിൽ നമ്മുടെ ക്ലാസ്മുറികൾ ഇനിയെങ്കിലും നൽകേണ്ടത്. 

 

English Summary: Right to Education and Moral Policing in Schools, What Changes are Needed?