കോൺഗ്രസിലെ എ–ഐ വിഭാഗങ്ങൾ കൈകോർക്കുകയും പുതിയ നേതൃത്വത്തിനെതിരെ രംഗത്തു വരുകയും ചെയ്യുന്ന സാഹചര്യത്തിൽ എല്ലാ വിഭാഗങ്ങളോടും സഹവർത്തിത്വം പുലർത്തിയിട്ടുള്ള, അല്ലെങ്കിൽ പുലർത്തി വരുന്ന ഒരു നേതാവിന് എന്താകും പറയാനുള്ളത്? ‘ക്രോസ് ഫയറി’ൽ ചെറിയാൻ ഫിലിപ്പിനു പറയാനുള്ളതു മറ്റൊന്നല്ല. മറുവശത്തു മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആരോപണങ്ങൾ ഉയരുമ്പോൾ അദ്ദേഹത്തിന്റെ ഓഫിസിനോടു ചേർന്നു തന്നെ പ്രവർത്തിച്ചിട്ടുള്ളയാൾ എന്ന നിലയിലും ചെറിയാനു ചിലതെല്ലാം പറയാനുണ്ടാകും. രാഷ്ട്രീയ രഹസ്യങ്ങളുടെ കലവറ സൂക്ഷിപ്പുകാരനായ ചെറിയാൻ ഫിലിപ്പിന് അതെല്ലാം തുറന്നു പറയുക എളുപ്പമല്ല. ‘ക്രോസ് ഫയറി’ൽ മലയാള മനോരമ സീനിയർ‌ സ്പെഷൽ കറസ്പോണ്ടന്റ് സുജിത് നായരുമായി ചെറിയാൻ ഫിലിപ്പ് സംസാരിക്കുന്നു

കോൺഗ്രസിലെ എ–ഐ വിഭാഗങ്ങൾ കൈകോർക്കുകയും പുതിയ നേതൃത്വത്തിനെതിരെ രംഗത്തു വരുകയും ചെയ്യുന്ന സാഹചര്യത്തിൽ എല്ലാ വിഭാഗങ്ങളോടും സഹവർത്തിത്വം പുലർത്തിയിട്ടുള്ള, അല്ലെങ്കിൽ പുലർത്തി വരുന്ന ഒരു നേതാവിന് എന്താകും പറയാനുള്ളത്? ‘ക്രോസ് ഫയറി’ൽ ചെറിയാൻ ഫിലിപ്പിനു പറയാനുള്ളതു മറ്റൊന്നല്ല. മറുവശത്തു മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആരോപണങ്ങൾ ഉയരുമ്പോൾ അദ്ദേഹത്തിന്റെ ഓഫിസിനോടു ചേർന്നു തന്നെ പ്രവർത്തിച്ചിട്ടുള്ളയാൾ എന്ന നിലയിലും ചെറിയാനു ചിലതെല്ലാം പറയാനുണ്ടാകും. രാഷ്ട്രീയ രഹസ്യങ്ങളുടെ കലവറ സൂക്ഷിപ്പുകാരനായ ചെറിയാൻ ഫിലിപ്പിന് അതെല്ലാം തുറന്നു പറയുക എളുപ്പമല്ല. ‘ക്രോസ് ഫയറി’ൽ മലയാള മനോരമ സീനിയർ‌ സ്പെഷൽ കറസ്പോണ്ടന്റ് സുജിത് നായരുമായി ചെറിയാൻ ഫിലിപ്പ് സംസാരിക്കുന്നു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോൺഗ്രസിലെ എ–ഐ വിഭാഗങ്ങൾ കൈകോർക്കുകയും പുതിയ നേതൃത്വത്തിനെതിരെ രംഗത്തു വരുകയും ചെയ്യുന്ന സാഹചര്യത്തിൽ എല്ലാ വിഭാഗങ്ങളോടും സഹവർത്തിത്വം പുലർത്തിയിട്ടുള്ള, അല്ലെങ്കിൽ പുലർത്തി വരുന്ന ഒരു നേതാവിന് എന്താകും പറയാനുള്ളത്? ‘ക്രോസ് ഫയറി’ൽ ചെറിയാൻ ഫിലിപ്പിനു പറയാനുള്ളതു മറ്റൊന്നല്ല. മറുവശത്തു മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആരോപണങ്ങൾ ഉയരുമ്പോൾ അദ്ദേഹത്തിന്റെ ഓഫിസിനോടു ചേർന്നു തന്നെ പ്രവർത്തിച്ചിട്ടുള്ളയാൾ എന്ന നിലയിലും ചെറിയാനു ചിലതെല്ലാം പറയാനുണ്ടാകും. രാഷ്ട്രീയ രഹസ്യങ്ങളുടെ കലവറ സൂക്ഷിപ്പുകാരനായ ചെറിയാൻ ഫിലിപ്പിന് അതെല്ലാം തുറന്നു പറയുക എളുപ്പമല്ല. ‘ക്രോസ് ഫയറി’ൽ മലയാള മനോരമ സീനിയർ‌ സ്പെഷൽ കറസ്പോണ്ടന്റ് സുജിത് നായരുമായി ചെറിയാൻ ഫിലിപ്പ് സംസാരിക്കുന്നു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോൺഗ്രസിലെ എ–ഐ വിഭാഗങ്ങൾ കൈകോർക്കുകയും പുതിയ നേതൃത്വത്തിനെതിരെ രംഗത്തു വരുകയും ചെയ്യുന്ന സാഹചര്യത്തിൽ  എല്ലാ വിഭാഗങ്ങളോടും സഹവർത്തിത്വം പുലർത്തിയിട്ടുള്ള, അല്ലെങ്കിൽ പുലർത്തി വരുന്ന ഒരു നേതാവിന് എന്താകും പറയാനുള്ളത്? ‘ക്രോസ് ഫയറി’ൽ ചെറിയാൻ ഫിലിപ്പിനു പറയാനുള്ളതു മറ്റൊന്നല്ല. മറുവശത്തു മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആരോപണങ്ങൾ ഉയരുമ്പോൾ അദ്ദേഹത്തിന്റെ ഓഫിസിനോടു ചേർന്നു തന്നെ പ്രവർത്തിച്ചിട്ടുള്ളയാൾ എന്ന നിലയിലും ചെറിയാനു ചിലതെല്ലാം പറയാനുണ്ടാകും. രാഷ്ട്രീയ രഹസ്യങ്ങളുടെ കലവറ സൂക്ഷിപ്പുകാരനായ ചെറിയാൻ ഫിലിപ്പിന് അതെല്ലാം തുറന്നു പറയുക എളുപ്പമല്ല. പക്ഷേ ഈ അഭിമുഖത്തിൽ ആ മനസ്സിലുളള കാര്യങ്ങളുടെ വ്യക്തമായ ചില സൂചനകളുണ്ട്. അടിയുറച്ച കോൺഗ്രസുകാരനായിരിക്കെ പെട്ടെന്നു സിപിഎം സഹയാത്രികനായി മാറുകയും രണ്ടു വർഷത്തോളം മുൻപ് കോൺഗ്രസിലേക്കു തിരിച്ചു വരുകയും ചെയ്ത ചെറിയാൻ ഇപ്പോൾ കെപിസിസിയുടെ രാഷ്ട്രീയ പഠനകേന്ദ്രം അധ്യക്ഷനാണ്. കേരളത്തിലെ കോൺഗ്രസിൽ സംഭവിക്കുന്നതു കൃത്യമായി പഠിച്ചു തന്നെ ചെറിയാൻ സംസാരിക്കുന്നു. മലയാള മനോരമ സീനിയർ സ്പെഷൽ കറസ്പോണ്ടന്റ് സുജിത് നായരുമായി ചെറിയാൻ ഫിലിപ്പ് ‘ക്രോസ് ഫയറി’ൽ സംസാരിക്കുന്നു. 

∙ കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റുമാരുടെ നിയമനം വലിയ തർക്കത്തിനു കാരണമായല്ലോ. ആ പട്ടിക മോശമാണോ?

ADVERTISEMENT

ഞാൻ പട്ടികയുടെ വിശദാംശങ്ങൾ പരിശോധിച്ചിട്ടില്ല. പക്ഷേ പഴയ ഗ്രൂപ്പ് സമവാക്യങ്ങൾ മാറി. ഏതു പുന:സംഘടനയിലും പരാതി വരും. പക്ഷേ പത്തു വർഷത്തിനു ശേഷം ബ്ലോക്കുകളിൽ പുതിയ പ്രസിഡന്റുമാർ വന്നു എന്നതു വലിയ കാര്യമാണ്. പുതിയ തലമുറയ്ക്കു വരാൻ കഴിയാതെയുള്ള ‌കെട്ടിക്കിടപ്പാണ് കോൺഗ്രസിലെ ഒരു പ്രധാന പ്രശ്നം. അതിൽ നിന്ന് ഇത് ഒരു വലിയ മാറ്റമാണ്. ബ്ലോക്കിനു‌ പിന്നാലെ മണ്ഡലം, ബൂത്ത് പുന:സംഘടനകൾ കൂടി നടന്നാലേ കോൺഗ്രസിന്റെ സംഘടനാ ദൗർബല്യങ്ങൾ പരിഹരിക്കപ്പെടൂ. ആ നിലയ്ക്ക് ഇതൊരു പോസിറ്റീവ് ആയ തുടക്കമാണ്. എന്നാൽ 20% വനിതകൾ വേണമെന്ന എഐസിസി നിർദേശം പാലിക്കാത്തത് ഒരു വീഴ്ചയാണ്. മറ്റു ജാതി–സമുദായ സമവാക്യങ്ങളെല്ലാം പാലിച്ചിട്ടുണ്ട്. ഗ്രൂപ്പ് സമവാക്യങ്ങളുടെ കാര്യത്തിൽ കൃത്യമായി അറിവില്ല. 

ചെറിയാൻ ഫിലിപ്പ് കോൺഗ്രസിലേക്ക് തിരികെ വന്ന ചടങ്ങിൽ നേതാക്കൾക്കൊപ്പം (ചിത്രം– റിങ്കുരാജ് മട്ടാഞ്ചേരിയിൽ ∙ മനോരമ)

∙ പട്ടികയിൽ ഗ്രൂപ്പുകൾക്ക് പഴയ പ്രാതിനിധ്യം ഇല്ലെന്നാണല്ലോ പരാതി?

പണ്ട് ഒരാളുടെ നെറ്റിയിൽ നോക്കിയാൽ എയാണോ ഐയാണോ എന്നറിയാം! എ ആണെന്നും ഐ ആണെന്നും പറയാൻ അവർ അഭിമാനം കൊള്ളും. മിക്കവാറും കോൺഗ്രസുകാരുടെ ഗ്രൂപ്പ് ഏതെന്ന് കൃത്യമായി എനിക്ക് അറിയാമായിരുന്നു. അന്ന് ഗ്രൂപ്പ് ഒരു മതം പോലെ ആയിരുന്നു. ഞാൻ തിരിച്ചു വന്ന ശേഷമുള്ള കാലയളവിൽ അതല്ല സ്ഥിതി. കെപിസിസി ഓഫിസിൽ കഴിഞ്ഞ 20 മാസമായി ദിവസവും ഉണ്ടാകാറുണ്ട്. എല്ലാ വിഭാഗവുമായി സംസാരിക്കാറുണ്ട്. മഹാഭൂരിപക്ഷം പേരും ഞങ്ങൾക്ക് ഗ്രൂപ്പില്ല എന്നു തന്നെയാണ് പറയുന്നത്. ‘ജനിച്ചു വീണതു തന്നെ ഗ്രൂപ്പിൽ അല്ലേ, അങ്ങനെ പോകട്ടെ’ എന്നു ചൂണ്ടിക്കാട്ടുന്ന ചുരുക്കം ചിലരുണ്ട്. കുറച്ചു പേർ ‘അറിയില്ല’ എന്നു പറയാറുണ്ട്. പണ്ട് ഉണ്ടായിരുന്നവരുടെ ശക്തമായ ഗ്രൂപ്പുകൾ ഇപ്പോഴില്ല. ഗ്രൂപ്പ് വിനാശകരം തന്നെയാണ്. എ.കെ.ആന്റണിയും വയലാർ രവിയും പരസ്പരം മത്സരിച്ചതു മൂലം ഉണ്ടായ മാരകമായ പരുക്ക് തീരാൻ എത്ര കാലമെടുത്തു! 

∙ ഗ്രൂപ്പു കളി അവസാനിപ്പിച്ചാൽ എല്ലാ പ്രശ്നവും തീരുമെന്നാണോ?

ADVERTISEMENT

ഗ്രൂപ്പ് യുദ്ധം തുടർന്നാൽ കോൺഗ്രസ് അധികാരത്തിലേക്കു തിരിച്ചു വരില്ല. തുടർച്ചയായി രണ്ടു തവണ യുഡിഎഫ് അധികാരത്തിനു പുറത്തായി. ഇനിയെങ്കിലും തിരിച്ചു വന്നേ തീരൂ. താൻ പ്രമാണിത്തം ഉപേക്ഷിച്ച് നേതാക്കളെല്ലാം ആ ലക്ഷ്യത്തിനായി ഒരുമിച്ചു നിൽക്കണമെന്നാണ് കേരളത്തിലെ കോൺഗ്രസ് പ്രവർത്തകർ ആഗ്രഹിക്കുന്നത്. കോൺഗ്രസിനു വോട്ടു ചെയ്യുന്ന അഭ്യുദയകാംക്ഷികളിൽ പലരും ഈ ദിവസങ്ങളിൽ വിളിക്കുന്നുണ്ട്. വീണ്ടും കലാപം തുടങ്ങിയോ എന്നാണ് അവർ ചോദിക്കുന്നത്. ആ അവസ്ഥ തീരെ മോശമാണ്. അതു നേതാക്കന്മാർ‌ മനസ്സിലാക്കണം. രാഷ്ട്രീയത്തിൽ എല്ലാക്കാലത്തും എല്ലാവർക്കും പ്രമാണിത്തം ഉണ്ടാകില്ല. അധികാരം വര‌ികയും പോകുകയും ചെയ്യും. അതു മനസ്സിലാക്കി അനുരഞ്ജനത്തിന്റെ പാത സ്വീകരിച്ചില്ലെങ്കിൽ കോൺഗ്രസിനു ഭാവിയില്ല. 

∙ ഗ്രൂപ്പുകളുടെ ശക്തിക്ഷയത്തെക്കുറിച്ചാണ് താങ്കൾ പറയുന്നത്. അതു പുതിയ നേതൃത്വം ബോധപൂ‍ർവം എടുത്ത നടപടികളുടെ ഫലമാണോ, അതോ അനിവാര്യതയോ?

അനിവാര്യതയായി മാറിയതാണ്. പുതിയ തലമുറ കോൺഗ്രസിൽ മുന്നോട്ടു വന്നുകൊണ്ടിരിക്കുകയാണ്. അവർ ആരുടെയും അടിമകൾ അല്ല. അധികാരസ്ഥാനം കിട്ടാൻ ഏതെങ്കിലും നേതാവിനെ ആവശ്യം ഉണ്ടെങ്കിൽ അവരെ പിടിക്കാറുണ്ട്. അടുത്ത സ്ഥാനം കിട്ടാ‍ൻ മറ്റൊരാളെയാണ് ആവശ്യമെങ്കിൽ അവരെയും ആശ്രയിക്കും. ശാശ്വതമായി ആരും ആരുടെയും കൂടെ അല്ല. അതു നേതാക്കന്മാർ മനസ്സിലാക്കണം. നിങ്ങൾ ഒരാൾക്കു വേണ്ടി പിടിവാശി പിടിച്ചും വിലപേശിയും ഒരു സ്ഥാനം കൊടുത്താലും ആറു മാസം കഴിയുമ്പോൾ അയാൾ വേറെ വഴി നോക്കും. അങ്ങനെ ചിലരെ കൂടെ കൂട്ടുന്നതിൽ എല്ലാ ശ്രദ്ധയും വച്ചിട്ടു കാര്യമില്ല എന്ന വസ്തുത നേതാക്കൾ ആദ്യം മനസ്സിലാക്കണം. 

ചെറിയാൻ ഫിലിപ്പ് എ.കെ.ആന്റണിക്കൊപ്പം (ഫയൽ ചിത്രം ∙ മനോരമ)

∙ അപ്പോൾ നേതാക്കൾ മാത്രമാണോ ഗ്രൂപ്പുകളിയുടെ പ്രായോജകർ? 

ADVERTISEMENT

ചില നേതാക്കന്മാർ അവരുടെ സ്ഥാപിത താൽപര്യത്തിനായി ഉപയോഗിക്കുന്ന സംവിധാനമായി ഗ്രൂപ്പ് മാറി. പ്രവർത്തകർക്ക് അതിന്റെ ആവശ്യമില്ല എന്നതാണ് സത്യം. ഗ്രൂപ്പ് അടിസ്ഥാനത്തിൽ പങ്കുവയ്ക്കുന്ന രീതി ഉണ്ടായിരുന്നപ്പോൾ ഏതെങ്കിലും നേതാവിനു മുന്നിൽ ദാസ്യപ്പണി ചെയ്തേ നിവൃത്തി ഉണ്ടായിരുന്നുള്ളൂ. അതുമാറി സ്വതന്ത്ര ചിന്തയാണ് ഇന്നുള്ളത്.പ്രത്യേകിച്ചും ചെറുപ്പക്കാർക്ക് ഇടയിൽ. ഗ്രൂപ്പിസം അവസാനിച്ചു എന്നല്ല, പഴയ തീവ്രത ഇന്ന് ഇല്ല. കാരണം ഗ്രൂപ്പ് അതിപ്രസരത്തോട് പ്രവർത്തകർക്കു യോജിപ്പില്ല. കോൺഗ്രസ് അധികാരത്തിൽ വരണമെന്ന ആഗ്രഹം മാത്രമേ അവർക്കുള്ളൂ. 

∙ എയും ഐയും ഒരുമിക്കുമെന്നും സംയുക്തമായി യോഗം ചേരുമെന്നും താങ്കൾ എന്നെങ്കിലും കരുതിയിട്ടുണ്ടോ?‌

ഇപ്പോഴത്തെ ഗ്രൂപ്പുകളെ എ എന്നോ ഐ എന്നോ പറയാൻ കഴിയുമോ? പണ്ട് കരുണാകരൻ–ആന്റണി ഗ്രൂപ്പുകളായിരുന്നു. 1978 ലെ പിളർപ്പ് വന്നപ്പോൾ ആന്റണി ഗ്രൂപ്പ് എ ആയി. കരുണാകരൻ ഇന്ദിരാ ഗാന്ധിയുടെ പക്ഷത്തു നിന്നപ്പോൾ ഐ ആയി. അങ്ങനെ ആന്റണി–ഇന്ദിര ഗ്രൂപ്പുകളായി. എ.കെ.ആന്റണിയുടെ പിന്തുടർച്ച എന്ന നിലയിൽ ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിൽ ഗ്രൂപ്പ് വന്നു. രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ മറുവിഭാഗവും ഉണ്ടായി. കെ.കരുണാകരൻ ഇടക്കാലത്ത് കോ‍ൺഗ്രസ് തന്നെ വിട്ടെന്ന് ഓർക്കണം. മുരളീധരന്റെ നേതൃത്വത്തിൽ ആയിരുന്നു ഒരിക്കൽ ഐ. പഴയ എ–ഐ വിഭാഗങ്ങളുടെ പിന്തുടർച്ച എന്ന നിലയിലാണ് മാധ്യമങ്ങൾ ആ പേരുകൾ ‌ഗ്രൂപ്പുകൾക്ക് ചാർത്തുന്നത്. എ ഗ്രൂപ്പിൽ നിന്ന് ആന്റണി എത്രയോ കാലം മുൻപ് മാറി. കെ.കരുണാകരൻ വിടവാങ്ങി. അതുകൊണ്ട് എ–ഐ എന്നതിനു തന്നെ പ്രസക്തി ഇല്ല. 

∙ഗ്രൂപ്പുകളുടെ നിലനിൽപ്പിനു തന്നെ പ്രസക്തി ഇല്ല എന്നാണോ?

അതിലെ നേതാക്കന്മാർക്ക് പ്രസക്തി ഉണ്ട്. ശക്തരായ നേതാക്കൾ ഈ വിഭാഗങ്ങളിൽ ഉണ്ട്. പഴയ പ്രാധാന്യം ഇല്ലെന്നു കരുതി അവരെ വെട്ടിനിരത്താൻ കഴിയില്ല. അവരെക്കൂടി വിശ്വാസത്തിലെടുത്ത്, അനുനയിപ്പിച്ചു കൊണ്ടു പോകേണ്ടത് നേതൃത്വത്തിൽ ഇരിക്കുന്നവരുടെ ഉത്തരവാദിത്തമാണ്. 

മനോരമ ആർക്കൈവിൽ നിന്ന്

∙ പരസ്പരം താങ്ങായി നിന്നാലേ പ്രസക്തി ഉള്ളൂ എന്ന തോന്നൽ ഗ്രൂപ്പുകൾക്കു വന്നതുകൊണ്ടാണോ അവർ സംയുക്ത യോഗം വിളിച്ചത്? 

അങ്ങനെ ഞാൻ പറയില്ല. രണ്ടു വിഭാഗങ്ങളിൽ ഉള്ളവരും എന്റെ അടുത്ത സുഹൃത്തുക്കളാണ്. പണ്ട് എ–ഐ വിഭാഗങ്ങൾ ശക്തമായിരുന്നപ്പോൾ എയുടെ യുവജന കാര്യങ്ങൾ ഞാൻ നോക്കിയിരുന്നു. കോൺഗ്രസിൽ ഗ്രൂപ്പ് ഉണ്ടായിരുന്നപ്പോഴും യൂത്ത് കോ‍ൺഗ്രസിനെ ഗ്രൂപ്പിസം വല്ലാതെ ബാധിക്കാതെ നോക്കാൻ കഴിഞ്ഞു. പരസ്പരം ചർച്ച ചെയ്തും വിശ്വാസത്തിലെടുത്തും നീങ്ങിയതുകൊണ്ടാണ് അതു സാധിച്ചത്. ആന്റണിയും കരുണാകരനും തമ്മിൽ ഒരു പ്രശ്നം ഉണ്ടാകരുത് എന്നാണ് ഞാൻ ചിന്തിച്ചത്. അവർക്കിടയിലെ മധ്യസ്ഥൻ എന്നൊന്നും അവകാശപ്പെടില്ല. പക്ഷേ അവർക്കിടയിൽ പ്രശ്നങ്ങൾ വളരാതിരിക്കാൻ എന്റേതായ സേവനം ചെയ്തിട്ടുണ്ട്. എല്ലാ വിഭാഗം നേതാക്കളും ക്ഷണിച്ചതു കൊണ്ടാണ് കോൺഗ്രസിലേക്കു തിരിച്ചു വന്നത്. പൊതുവായ ആ പിന്തുണ ഉള്ളതു കൊണ്ടു തന്നെ ഒരു ഗ്രൂപ്പിന്റെയും ഭാഗമാകാൻ ഇല്ല എന്ന ഉറച്ച തീരുമാനം എടുത്തു. അതുകൊണ്ട് നാളെ ഐക്യത്തിന്റെ സന്ദേശവാഹകൻ ആകാൻ എനിക്ക് ഒരു പ്രയാസവും ഉണ്ടാകില്ല. 

∙ ഒരു മധ്യസ്ഥന്റെ റോൾ എടുക്കാൻ റെഡി ആണെന്നാണോ? 

അതിനുള്ള പ്രാപ്തി എനിക്കില്ല. പഴയ സാഹചര്യം ഓർമിപ്പിച്ചു ഞാൻ പറഞ്ഞതാണ്. ഐക്യം വേണം എന്നത് ‌എന്റെ മാത്രം ആഗ്രഹമല്ല,  പൊതുവികാരമാണ്. 

∙ കൂടിയാലോചനകൾ നടത്തിയില്ലെന്ന പരാതിയാണ് ഗ്രൂപ്പുകൾ ഉന്നയിക്കുന്നത്. അവസാനവട്ട ചർച്ചകളിൽ അതിന്റെ ഭാഗമായ ഉന്നത നേതാക്കളെ കൂടി വിളിക്കാവുന്നതായിരുന്നില്ലേ? 

അതിന്റെ വിശദാംശങ്ങൾ അറിയില്ല. പക്ഷേ താഴെത്തട്ടിൽ പലവട്ടം ചർച്ചകൾ നടന്നു. എല്ലാവർക്കും പങ്കാളിത്തം ഉള്ള സംസ്ഥാനതല സമിതിയിലും ചർച്ച നടന്നു. അവസാനം എന്താണ് സംഭവിച്ചത് എന്ന് അറിയില്ല. 

∙ കെപിസിസി പ്രസിഡന്റും നിയമസഭാകക്ഷി നേതാവും ചേർന്നാണോ എല്ലാ സംഘടനാ തീരുമാനങ്ങളും എടുക്കേണ്ടത്? 

അതാണ് പണ്ടു മുതലേ ഉളള കീഴ്‍വഴക്കം. അധികാരകേന്ദ്രങ്ങൾ കെപിസിസി പ്രസിഡന്റും നിയമസഭാകക്ഷി നേതാവുമാണ്. ആന്റണി–കരുണാകരൻ ആയിരുന്നപ്പോഴും ഉമ്മൻചാണ്ടി–രമേശ് ആയിരുന്നപ്പോഴും അങ്ങനെ തന്നെയാണ്. ആ നിലയിൽ കെ.സുധാകരനും വി.ഡി.സതീശനും തന്നെയാണ് പ്രധാന നേതാക്കൾ. എല്ലാവരെയും യോജിപ്പിച്ചു കൊണ്ടുപോകുക എന്നത് അവരുടെ ഉത്തരവാദിത്തമാണ്. അവരുമായി വിട്ടുവീഴ്ച ചെയ്തു പ്രശ്നങ്ങൾ തീർക്കുക എന്നത് മറ്റുള്ളവരുടെയും കടമയാണ്. സമന്വയത്തിന്റെ പാത രണ്ടു കൂട്ടരും സ്വീകരിച്ചാലേ ഐക്യം ഉണ്ടാകൂ. 

ലീഡർ കെ. കരുണാകരനൊപ്പം ചെറിയാൻ ഫിലിപ്പ് (ചിത്രം – Facebook/Cherian Philip)

∙ രണ്ടു കൂട്ടരുടേയും ചില ഈഗോകൾ അല്ലേ വാസ്തവത്തിൽ ഇതിനെല്ലാം കാരണം?

‌പ്രശ്നം എന്താണ് എന്നത് അവർക്കല്ലേ അറിയൂ. 

∙ പ്രതിപക്ഷ നേതാവ് സതീശനെ ആണല്ലോ ഗ്രൂപ്പുകൾ ഉന്നമിടുന്നത്? 

പാർലമെന്ററി പാർട്ടി നേതാവ് എന്ന നിലയിൽ സതീശന്റേത് നല്ല പ്രവർത്തനമാണ്. ഭരണപക്ഷത്തെ വെള്ളം കുടിപ്പിക്കുന്ന ഒരു ടീമും അദ്ദേഹത്തോടൊപ്പമുണ്ട്. അദ്ദേഹത്തെയോ കെപിസിസി പ്രസിഡന്റിനെയോ കുറിച്ചു പരാതി പറയേണ്ട കാര്യമില്ലെന്നാണ് എന്റെ അഭിപ്രായം. എല്ലാം പൂർണമായും ശരിയായി ചെയ്യാൻ കഴിയണമെന്നില്ല. തെറ്റുകുറ്റങ്ങൾ കണ്ടേക്കാം. അതു ചൂണ്ടിക്കാട്ടാനുള്ള അവകാശം മറ്റു നേതാക്കന്മാർക്കുണ്ട്. അല്ലാതെ കോൺഗ്രസ് അടിമക്കൂട്ടമല്ല. സംഘടനാ വേദിയിലാണ് പക്ഷേ അഭിപ്രായങ്ങൾ പറയേണ്ടത്.

∙ ഇതുവരെ കാര്യങ്ങൾ എല്ലാം തീരുമാനിച്ചവർക്ക് പെട്ടെന്ന് റോൾ ഇല്ലാതായിപ്പോയതാണോ ഇപ്പോഴത്തെ പ്രശ്നത്തിനു കാരണം? 

അതു ഞാൻ പറയുന്നതു ശരിയല്ല.  

∙ സതീശനും സുധാകരനും എല്ലാ  പിന്തുണയും  നൽകുന്നത് എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ ആണോ?

ആ രണ്ടു പേരെയും നിയമിച്ചത് ഹൈക്കമാൻഡ് ആണല്ലോ. സ്വാഭാവികമായും അവർക്ക് കേന്ദ്ര നേതൃത്വത്തിന്റെ പിന്തുണ ഉണ്ടാകും, ഉണ്ടാകണം. അത് ഇല്ലെങ്കിൽ പിന്നെ അവരെ മാറ്റണം. അതേസമയം അവരെക്കുറിച്ചു പരാതി ഉണ്ടെങ്കിൽ അതു ഹൈക്കമാൻഡിനോടു പറയാനുള്ള അവകാശം ബന്ധപ്പെട്ട ആർക്കും ഉണ്ട് 

∙ എ.കെ.ആന്റണി, ഉമ്മൻ ചാണ്ടി എന്നിവരുടെ യുഗം കോൺഗ്രസിൽ കഴിയുകയാണ്. അടുത്ത ഊഴത്തിൽ താങ്കൾ നേതൃത്വത്തിൽ കാണുന്നത് ആരെയെല്ലാമാണ്.

അതു കാലം കണ്ടെത്തേണ്ടതാണ്. എ.കെ.ആന്റണിയും ഉമ്മൻ ചാണ്ടിയും ഒരു ദിവസം കൊണ്ടു നേതാവ് ആയവരല്ല. അവരുടെ സ്ഥാനങ്ങളിലേക്കു വളർന്നു വരാൻ കഴിയുന്ന ധാരാളം നേതാക്കന്മാരുണ്ട്. മുഖ്യമന്ത്രി ആകാൻ പ്രാപ്തി ഉള്ള നാലഞ്ചു പേരില്ലേ. തിരഞ്ഞെടുപ്പ് കഴിയും വരെ ആ ചർച്ചയ്ക്കു പ്രസക്തി ഇല്ല. ആദ്യം ജയിക്കാൻ നോക്കുകയല്ലേ വേണ്ടത്. ദേശീയ തലത്തിലും ഇവിടെയുമുള്ള രണ്ടു സർക്കാരുകളും വഷളാകുകയാണ്. തിരിച്ചുവരാനുള്ള അനുകൂല സാഹചര്യം കോൺഗ്രസിന് ഉണ്ട്. ആ രാഷ്ട്രീയ അന്തരീക്ഷം ഗ്രൂപ്പ് കളിച്ചു കളയരുത്. എന്റെ വിനീതമായ അഭ്യർഥന അതു മാത്രമാണ്. കോൺഗ്രസിനു വേണ്ടി ഒരു കാലഘട്ടത്തിൽ ജീവിതം സമർപ്പിച്ച ഒരാളാണ് ഞാൻ. അങ്ങനെ ഒരാളുടെ അപേക്ഷയാണ്. 

കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പിന്റെ യൂട്യൂബ് ചാനലായ 'ചെറിയാൻ ഫിലിപ്പ് പ്രതികരിക്കുന്നു' പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്യുന്നു. (ഫയൽ ചിത്രം)

∙ എയുടെ ബുദ്ധികേന്ദ്രങ്ങളിൽ ഒരാളായിരുന്നു താങ്കൾ. എയുടെ ഇപ്പോഴത്തെ ശക്തിക്ഷയത്തിൽ പ്രയാസമുണ്ടോ? 

എ.കെ.ആന്റണി വിശ്രമജീവിതത്തിലേക്കു മാറുകയാണ്. ഉമ്മൻ ചാണ്ടിക്കു രോഗാവസ്ഥ ഉണ്ട്. രണ്ടു പേരുമായും ഉറ്റബന്ധം പുലർത്തുന്ന ഒരാൾ എന്ന നിലയിൽ വ്യക്തിപരമായി വലിയ വേദന ഉണ്ട്. അതുകൊണ്ടു കൂടിയാണ് അവരുടെ നിർദേശം മാനിച്ച് ഞാൻ മടങ്ങി വന്നത്. 

ഉമ്മൻ ചാണ്ടി പിൻവാങ്ങി നിൽക്കുമ്പോൾ എയിൽ നേതൃശൂന്യത ഉണ്ടോ?

നേതാക്കമാരുടെ ബാഹുല്യമേ ഉള്ളൂ. അവരിൽ നിന്ന് ഒന്നാംകിട നേതാക്കന്മാരായി വളരാൻ കഴിയുന്ന ഒട്ടേറെപ്പേരുണ്ട്. അവർക്ക് അവസരം കൊടുക്കണം. ഗ്രൂപ്പിന്റെ കാര്യമല്ല ഞാൻ പറയുന്നത്. ഗ്രൂപ്പു കളിയിലൂടെ അല്ല മാറ്റ് തെളിയിക്കേണ്ടതും. 

എ ഗ്രൂപ്പ് ചെറിയാന്റെ തിരിച്ചുവരവ് ആഗ്രഹിക്കുന്നില്ലേ? 

എല്ലാ വിഭാഗങ്ങളുമായും ഞാൻ നല്ല ബന്ധത്തിൽ അല്ലേ. കോൺഗ്രസ് വിട്ടുപോയത് എന്നെ സംബന്ധിച്ച് രാഷ്ട്രീയ ആത്മഹത്യ തന്നെ ആയിരുന്നു. വലിയ നഷ്ടം തന്നെയാണ് ഉണ്ടായത്. തിരിച്ചു വന്ന ശേഷം പഴയ ബന്ധങ്ങൾ ‌വിളക്കിച്ചേർക്കാനും പുതിയ ബന്ധങ്ങൾ ഉണ്ടാക്കാനുമാണ് ഞാൻ ശ്രമിക്കുന്നത്. ഇത് എന്റെ രാഷ്ട്രീയ പുനർജന്മമമാണ്. ഒരു അധികാരസ്ഥാനവും ഞാൻ ആവശ്യപ്പെട്ടിട്ടില്ല. അല്ലാതെ തന്നെ എന്നെ കെപിസിസി, എഐസിസി അംഗമാക്കി. കോൺഗ്രസിലെ എല്ലാ വിഭാഗങ്ങൾക്കും താൽപര്യം  ഉണ്ട് എന്നത് എന്നെ സംബന്ധിച്ച് അഭിമാനകരമാണ്. 

∙ കോൺഗ്രസിലേക്ക് മടങ്ങി എത്തിയശേഷം അണിയറയിൽ ഒതുങ്ങുന്നതു പോലെ ഉണ്ട്. പൊതുരാഷ്ട്രീയത്തിൽ ഇടപെട്ട് ശക്തമായി നീങ്ങാത്തത് എന്തേ?

തിരിച്ചു വന്നാൽ ഉടനെ വെട്ടിപ്പിടിക്കാൻ ശ്രമിക്കേണ്ട കാര്യമില്ലല്ലോ. എല്ലാത്തിനും ഒരു സമയം ഉണ്ടല്ലോ. പിന്നണിയിൽ നിൽക്കാനാണ് ഇപ്പോൾ ഇഷ്ടപ്പെടുന്നത്. മുന്നണിയിലേക്കു വരേണ്ടപ്പോൾ വരും. 

∙ സോളർ സമരം നടക്കുമ്പോൾ താങ്കൾ എൽഡിഎഫിന്റെ ഭാഗമായിരുന്നല്ലോ. ഉമ്മൻചാണ്ടിയെ കുടുക്കാൻ ബോധപൂർവം നടത്തിയ നിലവിട്ട ശ്രമം ആയിരുന്നോ അത്?

എല്ലാ അന്വേഷണങ്ങളിലും ഉമ്മൻ ചാണ്ടി കുറ്റവിമുക്തനായല്ലോ. രാഷ്ട്രീയത്തിൽ ഒരു ആയുധം കിട്ടുമ്പോൾ ഉപയോഗിക്കും. അത് എൽഡിഎഫ് ചെയ്തിട്ടുണ്ട്. കമ്മിഷന്റെ കാര്യത്തിൽ ഉമ്മൻ ചാണ്ടിക്കു പക്ഷേ  പിശകു പറ്റി. 

ജസ്റ്റീസ് ജി. ശിവരാജനെ ആണല്ലോ ‌എല്ലാവരും പ്രതിക്കൂട്ടിൽ നിർത്തുന്നത്. ആ ചോയ്സ് തെറ്റായിപ്പോയി എന്നാണോ?

കമ്മിഷനായി വച്ച ആളുകൾക്കിട്ടു തന്നെ പാരവയ്ക്കുകയാണോ അദ്ദേഹം എന്ന തോന്നൽ സിറ്റിങിലെ ചില ചോദ്യങ്ങൾ തന്നെ ഉണ്ടാക്കിയിരുന്നു. ഉമ്മൻ ചാണ്ടിയോട് ഇതു ചെയ്തത് ശത്രുക്കളാണോ എന്നു പലർക്കും തോന്നി. 

തിരുവനന്തപുരത്ത് കേരള സൗഹൃദയ വേദിയുടെ ചടങ്ങിൽ ഉമ്മൻ ചാണ്ടിക്കൊപ്പം (ഫയൽ ചിത്രം)

∙ രോഗശയ്യയിൽ ഉമ്മൻ ചാണ്ടി കിടക്കുമ്പോൾ പണ്ടു നടന്നതെല്ലാം  പുറത്തു വരുന്നത് കാവ്യനീതിയാണോ?

ഉമ്മൻ ചാണ്ടി ഒരു അത്ഭുതമനുഷ്യനാണ്. അദ്ദേഹം ഒരു വികാരമാണ്. ആ വ്യക്തിക്ക് എതിരേയല്ല ഞാൻ മത്സരിച്ചത്. കോൺഗ്രസിലെ അധികാരക്കുത്തകയ്ക്ക് എതിരെയാണ്. ഉമ്മൻ ചാണ്ടിയോടുള്ള സ്നേഹബഹുമാനങ്ങൾക്ക് ഒരു കുറവും ഒരിക്കലും ഉണ്ടായിട്ടില്ല. ഇപ്പോഴത്തെ സംഭവങ്ങളിലും അദ്ദേഹത്തിനുള്ള മനോവികാരം ബോധ്യമുണ്ട്. സ്വന്തം വീഴ്ചകളും അദ്ദേഹം  എന്നോടു പറഞ്ഞിട്ടുണ്ട്. അതൊന്നും പുറത്തു പറയാൻ ഉദ്ദേശിക്കുന്നില്ല. 

സോളറിൽ അദ്ദേഹത്തിന്റെ ഓഫിസിന് സംഭവിച്ച വീഴ്ചയുടെ കാര്യമാണോ ഉദ്ദേശിക്കുന്നത്? 

സംഭവിച്ച ചില പാളിച്ചകൾ എന്നോടു പങ്കുവച്ചിട്ടുണ്ട്. അദ്ദേഹത്തിനു വിഷമം ഉണ്ടാക്കുന്ന പലതും ഉണ്ടായി. 

∙ ആന്റണിക്കും ഉമ്മൻ ചാണ്ടിക്കും ഇടയിൽ എന്നെങ്കിലും, എന്തെങ്കിലും തെറ്റിദ്ധാരണകൾ ഉണ്ടായിട്ടുണ്ടോ? 

തോന്നുന്നില്ല. ഒരമ്മ പെറ്റ മക്കളെപ്പോലെയാണ് അവരെ എനിക്കു തോന്നിയിട്ടുള്ളത്. എല്ലാ കാര്യങ്ങളും ആന്റണി ഉമ്മൻ ചാണ്ടിയോട് ആലോചിക്കാറുണ്ട്. ഉമ്മൻ ചാണ്ടിയുടെ രോഗാവസ്ഥയിൽ ഏറ്റവും സങ്കടപ്പെടുന്നത് ആന്റണിയാണ്. ഓരോ ദിവസവും അദ്ദേഹം ബംഗളൂരുവിലെ ചികിത്സാകാര്യങ്ങൾ അന്വേഷിക്കുന്നുണ്ട്.  

∙ പാർട്ടിയിൽ അടിക്കടി ഉയരുന്ന തർക്കങ്ങൾ മനസ്സു മടുപ്പിക്കുന്നുണ്ടോ? തിരിച്ചു വന്നത് അബദ്ധമാണെന്ന തോന്നലുണ്ടോ?  

കോൺഗ്രസ് ഒരു ജനാധിപത്യ പാർട്ടി ആയതുകൊണ്ട് ഇതെല്ലാം സ്വാഭാവികമാണ്. മാർക്സിസ്റ്റ് പാർട്ടി അടിമക്കൂട്ടമാണ്. അവിടെ തിരുവായ്ക്ക് എതിർവാ ഇല്ല. പറയുന്നത് പഞ്ചപുച്ഛമടക്കി കേട്ടോണം. ഇല്ലെങ്കിൽ കുടിപ്പകയാണ്. ആളെ കൊന്നു കഴിഞ്ഞിട്ടേ പുറത്തറിയൂ. കോൺഗ്രസിൽ അഭിപ്രായസ്വാതന്ത്ര്യം കൂടി തെരുവിലേക്കു പോകുന്നു എന്നേയുള്ളൂ. പറയാനുള്ളതെല്ലാം പറയുകയും പിന്നെ കെട്ടിപ്പിടിച്ച് പരിഹരിക്കുകയും ചെയ്യും. പക്ഷേ അതിനിടയിൽ സംഭവിക്കുന്ന കാര്യങ്ങൾ പൊതുസമൂഹത്തിൽ കോൺഗ്രസിനെക്കുറിച്ച് മോശം അഭിപ്രായം ഉണ്ടാക്കും. ഇവർ അധികാരത്തിൽ വന്നാൽ ഇതിലും കുഴപ്പമാകുമല്ലോ എന്നു ജനം ചിന്തിക്കും. അത് കോൺഗ്രസ് അനുകൂലികളിൽ വിപ്രതിപത്തി ഉണ്ടാക്കും. 

∙ കോൺഗ്രസിനും യുഡിഎഫിനും തിരിച്ചുവരാൻ കഴിയുമോ? അല്ലെങ്കിൽ  തിരിച്ചു വരണമെങ്കിൽ എന്തു ചെയ്യണം? 

ഐക്യത്തോടെ ഒരുമിച്ചു പോകേണ്ടത് ആദ്യത്തെ കാര്യം. സംഘടനാ ദൗർബല്യങ്ങൾ പരിഹരിക്കാൻ കഴിയണം. യുവതലമുറയെ കൂടുതൽ പ്രോത്സാഹിപ്പിക്കണം. കെഎസ്‍യുവിലും യൂത്ത് കോൺഗ്രസിലും അനാവശ്യ ഇടപെടൽ അരുത്. 

∙ ക്രിസ്ത്യൻ വിഭാഗങ്ങളിൽ നിന്ന് ശക്തരായ നേതാക്കൾ എല്ലാകാലത്തും കോൺഗ്രസിന്റെ നേതൃനിരയിൽ തന്നെ ഉണ്ടായി. ഇപ്പോൾ ആ വിഭാഗത്തിൽ നിന്ന് പ്രമുഖരായ നേതാക്കളുടെ അഭാവം പാർട്ടിയെ അലട്ടുന്നുണ്ടോ?

എ.കെ.ആന്റണിയും ഉമ്മൻ ചാണ്ടിയും ക്രിസ്ത്യാനി എന്ന നിലയിൽ വളർന്നു വന്നവർ അല്ലല്ലോ. അവരുടെ ജാതി ആരും നോക്കിയിട്ടില്ല. ഓരോ ഘട്ടത്തിലും നേതാക്കൾ അതുപോലെ മുന്നോട്ടു വരും. എല്ലാ വിഭാഗങ്ങളിലും പെട്ട ചെറുപ്പക്കാരായ നല്ല നേതാക്കൾ കോൺഗ്രസിന് ഉണ്ട്. അവർ നാളെ മുതിർന്ന നേതാക്കളാകും.

∙ എ.കെ.ആന്റണിയുടെ മകൻ ബിജെപിയിൽ ചേർന്നപ്പോൾ ആന്റണിയുടെ അടുത്ത അനുയായിക്ക് ഉണ്ടായ വികാരം എന്താണ്?

ആന്റണിയുടെ അന്നത്തെ മാനസികാവസ്ഥയിൽ വലിയ ദു:ഖം തോന്നി. എനിക്ക് അന്ന് ഉറങ്ങാൻ കഴിഞ്ഞില്ല. എത്രയോ വലിയ നേതാവാണ് ആന്റണി. രാഷ്ട്രീയ പ്രശ്നങ്ങൾ അദ്ദേഹത്തെ അലട്ടാറില്ല. പക്ഷേ മകന്റെ പേരിലുള്ള പ്രശ്നം ഒരു പിതാവിനെ അലട്ടുമല്ലോ. അത്രയും കഠിനമായ വേദന അദ്ദേഹത്തിന് ഉണ്ടായി. അത് ഇപ്പോഴുമുണ്ട്. കേരളത്തിലെ ഏറ്റവും ഉന്നതനായ കോൺഗ്രസ് നേതാവിന്റെ മകനല്ലേ ബിജെപിയിൽ പോയത്. അത് അദ്ദേഹവും കൂടി അറിഞ്ഞാണെന്നു വരെ ചിലർ പ്രചരിപ്പിക്കുകയും ചെയ്തില്ലേ. 

മകൻ‌ അനില്‌‍ ആന്റണി ബിജെപിയിൽ ചേർന്നതിനു പിന്നാലെ എ.കെ.ആന്റണി മാധ്യമങ്ങളെ കണ്ടപ്പോൾ. ചെറിയാൻ ഫിലിപ്പ് സമീപം (ഫയൽ ചിത്രം/പിടിഐ)

∙ ആന്റണിക്ക് മകനെ വിലക്കാൻ കഴിയാഞ്ഞത് എന്തുകൊണ്ടാകും?

മക്കളുടെ കാര്യത്തിൽ ഒന്നും അദ്ദേഹം അങ്ങനെ ഇടപെടാറില്ല. അവർക്ക് എല്ലാ സ്വാതന്ത്ര്യവും കൊടുക്കുന്ന രീതിയാണ്. കോൺഗ്രസിൽ നിന്നു തന്നെ ചിലർ സോഷ്യൽ മീഡിയയിൽ നടത്തിയ ആക്രമണം അനിലിനെ വേദനിപ്പിച്ചിരുന്നു. അതു വളരെ ക്രൂരമായിപ്പോയി. അതിൽ പതറിക്കാണും. എന്നാൽ പിന്നെ ഇവിടെ വേണ്ട എന്നു പ്രതികാരമനോഭാവത്തോടെ തീരുമാനിച്ചുകാണും. പക്ഷേ ആ തീരുമാനത്തിൽ ആന്റണിക്ക് ഉണ്ടായ ദു:ഖത്തിന്റെ ആഴം അളക്കാൻ കഴിയില്ല. 

∙ മുഖ്യമന്ത്രി പിണറായി വിജയനുമായും നല്ല ബന്ധം പുലർത്തിയിരുന്നല്ലോ. അദ്ദേഹത്തിനും കുടുംബത്തിനും എതിരെ ഉയരുന്ന അഴിമതി ആരോപണങ്ങളിൽ കഴമ്പുണ്ടോ?

സിപിഎമ്മുമായി ബന്ധപ്പെട്ടു പ്രവർത്തിച്ചിരുന്നപ്പോഴെല്ലാം വളരെ സ്നേഹത്തോടെ മാത്രമേ എന്നോട് അദ്ദേഹം പെരുമാറിയിട്ടുള്ളൂ. പക്ഷേ കഴിഞ്ഞ രണ്ടു വർഷക്കാലമായി അദ്ദേഹത്തെക്കുറിച്ച് പൊതുസമൂഹത്തിൽ ഉണ്ടായിരുന്ന അഭിപ്രായത്തിൽ മാറ്റം വന്നു. കുടുബാംഗങ്ങൾക്ക് എതിരെ അടക്കം ആരോപണങ്ങൾ ഉയരുന്നു. അതിലെ സത്യാവസ്ഥ അറിയില്ല. അന്വേഷിച്ചു കണ്ടെത്തേണ്ടതാണ്. 

∙ പിണറായിയും കോടിയേരിയും ആയിരുന്നു സിപിഎമ്മിൽ താങ്കളുടെ ഏറ്റവും അടുത്തവർ. കോടിയേരിയുടെ അഭാവം എം.വി.ഗോവിന്ദനു നികത്താൻ കഴിയുന്നുണ്ടോ? 

പിണറായിയേക്കാൾ അനുരഞ്ജനത്തിന്റെ പാത സ്വീകരിച്ച നേതാവായിരുന്നു കോടിയേരി. ഗോവിന്ദൻ മാഷ് അടുത്തയിടെ അല്ലേ വന്നത്. അതുകൊണ്ട് അദ്ദേഹത്തെ വിലയിരുത്താറായിട്ടില്ല. പാർട്ടി സിദ്ധാന്തങ്ങളിൽ അടിയുറച്ചു നിൽക്കുന്ന ആളാണ് അദ്ദേഹം. സംഘടനാവൈഭവം ഇനിയും തെളിയിക്കേണ്ട കാര്യമാണ്. 

∙ കപ്പിനും ചുണ്ടിനും ഇടയിലാണല്ലോ താങ്കൾക്ക് സിപിഎമ്മിന്റെ രാജ്യസഭാംഗത്വം നഷ്ടപ്പെട്ടത്. അതെക്കുറിച്ചു തുറന്നു പറയാറായോ?

പാർട്ടി അംഗം അല്ലാത്തവരോട് കേന്ദ്രനേതൃത്വത്തിന് എതിർപ്പ് ഉണ്ടായി. എന്റെ പേര് ഇവിടെ തീരുമാനിച്ച ശേഷം എളമരം കരീം വരുന്നത് അങ്ങനെയാണ്. എന്നാൽ അടുത്ത ഒഴിവ് നികത്തിയ ഘട്ടത്തിൽ എന്നെ വിശ്വാസത്തിലെടുക്കാൻ ശ്രമിച്ചില്ല. ചാനലുകൾ കണ്ടാണ് വിവരം അറിയുന്നത്. പുതുതായി രണ്ടു പേർ വന്നപ്പോൾ കഴിഞ്ഞ തവണ അവസാനം വരെ പരിഗണിച്ച ശേഷം ഒഴിവാക്കപ്പെട്ട ആൾ എന്ന നിലയിൽ  അതിൽ ഒരാളാകുമെന്നാണ് ഞാൻ കരുതിയത്. 

മുഖ്യമന്ത്രി പിണറായി വിജയൻ (ഫയൽ ചിത്രം)

∙ പക്ഷേ ജോൺ ബ്രിട്ടാസായല്ലോ പകരക്കാരൻ?

ബ്രിട്ടാസും കെ.ശിവദാസനും ഒരുമിച്ചു വന്നല്ലോ. അവരിൽ ഒരാൾ എനിക്കു പകരം എന്നു കരുതാൻ കഴിയില്ല. അവർ വന്നതിൽ പരാതിയും ഇല്ല. പക്ഷേ ആ തീരുമാനം എന്നെ ബോധ്യപ്പെടുത്തിയില്ല. അതുവരെ ഉണ്ടായിരുന്ന പരസ്പരവിശ്വാസത്തിന് അതോടെ കോട്ടം തട്ടി. സർക്കാരിന്റെ പോക്ക് ശരിയല്ലെന്നും തോന്നിത്തുടങ്ങി. മുഖ്യമന്ത്രിയുടെ ഓഫിസിലെ ചിലരെക്കുറിച്ച് എനിക്ക് അഭിപ്രായ വ്യത്യാസം ഉണ്ടായിരുന്നു. പക്ഷേ രണ്ടാം പിണറായി സർക്കാർ വന്നപ്പോഴും അതേ ആളുകൾ അതേ പദവിയിൽ വന്നു. അവരെക്കുറിച്ചു മുഖ്യമന്ത്രിയോടു തുറന്നു പറയാൻ സ്വാതന്ത്ര്യം ഉണ്ടായിട്ടും പറ‍ഞ്ഞില്ല എന്ന കുറ്റബോധം എനിക്കുണ്ട്. 

∙ ‘കാൽനൂറ്റാണ്ട്’ കഴിഞ്ഞു ബാക്കി കേരള രാഷ്ട്രീയ ചരിത്രം എഴുതുമെന്നു പറഞ്ഞിട്ട് എന്തായി?

എഴുതാൻ തുനിഞ്ഞാൽ പലതും എഴുതേണ്ടി വരും. എന്റെ മനസ്സ് രഹസ്യങ്ങളുടെ കലവറയാണ്. അതെല്ലാം വെട്ടിത്തുറന്നു പറഞ്ഞാൽ പലരും വേദനിക്കും. എല്ലാ പാർട്ടികളിലും എനിക്കു നല്ല സുഹൃത്തുക്കളുണ്ട്. ആരെയും വേദനിപ്പിക്കാതെ, സത്യസന്ധമായ എഴുത്ത് പൂർത്തിയാകില്ല. ആ ആശയക്കുഴപ്പത്തിലാണ് എഴുത്ത് തട്ടി നിൽക്കുന്നത്. പക്ഷേ വേണ്ടെന്നുവച്ചിട്ടുമില്ല.

 

English Summary: Exclusive Interview with Cherian Philip