Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രാജാവിന്റെ ക്ലബ്; റയൽ മഡ്രിഡിനെക്കുറിച്ച് അറിയേണ്ടതെല്ലാം...

ദാവൂദ്
Real-Madrid-1

എങ്ങനെയാണ് റയൽ മഡ്രിഡ് ഇത്ര വിജയങ്ങളുള്ള ക്ലബായി മാറിയത്? പരിശീലകനായിരുന്ന കാർലോ ആഞ്ചെലോട്ടിയോട് ഒരിക്കൽ ഒരാൾ ചോദിച്ചു. ആഞ്ചെലോട്ടി അതിനുത്തരമായി പറഞ്ഞത് ഒരു കഥയാണ്.

ഒരു സിംഹത്തിന്റെയും മാനിന്റെയും കഥ. ഓരോ ദിവസവും രാവിലെ ഉണരുമ്പോൾ സിംഹത്തിന്റെ മനസ്സിലുള്ളത് ഇന്നാരെയെങ്കിലും വേട്ടയാടിപ്പിടിക്കണമല്ലോ എന്നാണ്. മാനിന്റെ മനസ്സിലുള്ളത് സിംഹം ഉൾപ്പെടെയുള്ള ശത്രുക്കളിൽ നിന്നു ഓടി രക്ഷപ്പെടണമെന്നും. സിംഹത്തിന്റെയും മാനിന്റേതും ഓട്ടം തന്നെയാണ്. പക്ഷേ, രണ്ടും തമ്മിൽ എത്ര വ്യത്യാസം! ഈ ഫിലോസഫിയാണ് ഞാൻ എന്റെ കളിക്കാർക്കു പറഞ്ഞു കൊടുക്കാറുള്ളത്. റയൽ മഡ്രിഡ് ഏതു തിരഞ്ഞെടുത്തുവെന്നു എന്നത് അവരുടെ നൂറ്റാണ്ടു പിന്നിട്ട ചരിത്രത്തിലുണ്ട്. എന്നും എതിരാളികളെ വേട്ടയാടിപ്പിടിക്കുന്ന സിംഹങ്ങളായിരുന്നു അവർ. ആരെയും അവർ ഭയന്നില്ല. എല്ലാവരും അവരെ ഭയന്നു.

FBL-EUR-C1-REALMADRID-ATLETICO

റയലിന്റെ ഹോം ഗ്രൗണ്ടായ സാന്തിയാഗോ ബെർണബ്യൂ മറ്റു ടീമുകൾക്ക് സിംഹമട പോലെ പേടിപ്പെടുത്തുന്നതാണ് എന്നതിനു തെളിവു തേടി മറ്റെവിടെയും പോകേണ്ട. ക്ലബിന്റെ ഷെൽഫിലേക്കൊന്നു നോക്കിയാൽ മതി. ലോക ഫുട്ബോളിലെ വിഖ്യാതമായ എല്ലാ കിരീടങ്ങളും– ക്ലബ് ലോകകപ്പ്, യുവേഫ ചാംപ്യൻസ് ലീഗ്, യൂറോപ്പ ലീഗ്, സ്പാനിഷ് ലീഗ്...എല്ലാ പലവട്ടം ആ ഷെൽഫിനെ അലങ്കരിച്ചു. എല്ലാ നേട്ടങ്ങൾക്കുമുള്ള ഒറ്റ സർട്ടിഫിക്കറ്റായി രണ്ടായിരത്തിൽ ലോക ഫുട്ബോൾ ഭരണസമിതിയായ ഫിഫയുടെ അംഗീകാരവും അവരെ തേടിയെത്തി– ‘ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും മികച്ച ഫുട്ബോൾ ക്ലബ്’

∙ രാജകീയം; അടിമുടി

ഫുട്ബോളിലെന്നതു പോലെ രാഷ്ട്രീയത്തിലും രാജശ്രേണിയിലായിരുന്നു എന്നും റയൽ മഡ്രിഡിന്റെ സ്ഥാനം. പ്രശസ്തമായ കേംബ്രിഡ്ജ്, ഓക്സ്ഫഡ് സർവകലാശാലകളിൽ നിന്നു പഠിച്ചെത്തിയ കുറച്ചു പേർ രൂപം നൽകിയ ക്ലബിന്റെ ആദ്യ പേര് മഡ്രിഡ് ഫുട്ബോൾ ക്ലബ് എന്നു മാത്രമായിരുന്നു. 1920ൽ സ്പെയിനിലെ അൽഫോൺസോ രാജാവ് അവരെ തലയിൽ കൈവച്ചനുഗ്രഹിച്ചു: ലോഗോയിൽ രാജകീയ മുദ്ര ഉപയോഗിക്കാനും പേരിനൊപ്പം റോയൽ എന്നതിന്റെ സ്പാനിഷ് വകഭേദമായ റയൽ എന്നു ചേർക്കാനും അനുമതി. സ്പെയിനിലെ അധികാരി വർഗത്തിന്റെ ആശീർവാദത്തോടെയായിരുന്നു പിന്നീട് റയൽ മഡ്രിഡിന്റെ വളർച്ച. ജനറൽ ഫ്രാങ്കോയുടെ ഫാഷിസ്റ്റ് ഭരണകാലത്ത് അതു തെളിവെള്ളം പോലെ വ്യക്തമായി.

0402226P CHAMPIONS LEAGUE FIN

വിമതശബ്ദമുയർത്തുന്ന മറ്റു പ്രദേശങ്ങളിൽ നിന്നുള്ള ക്ലബുകളെ മാനസികമായി അടിച്ചമർത്താനുള്ള ഭരണകൂടത്തിന്റെ മാർഗങ്ങളിലൊന്ന് റയൽ മഡ്രിഡ് ക്ലബായിരുന്നു. 1943ലെ കോപ്പ ഡെൽ ജനറാലിസിമോയുടെ (ജനറൽ ഫ്രാങ്കോയുടെ ബഹുമാനാർഥം പേരു മാറ്റിയ കോപ്പ ഡെൽ റേ) സെമിഫൈനലിൽ റയൽ ബാർസിലോനയെ തോൽപിച്ചത് 11–1ന്. ഫിഫയും യുവേഫയും ആ മൽസരഫലത്തെ അംഗീകരിക്കുന്നുണ്ടെങ്കിലും മറ്റൊരു കഥയും സ്പെയിനിൽ പ്രചാരത്തിലുണ്ട്. റയലിന്റെ പരുക്കൻ കളിയിൽ മടുത്ത് ബാർസിലോന താരങ്ങൾ ഇടവേളയിൽ തന്നെ കളി നിർത്താൻ തീരുമാനിച്ചു. എന്നാൽ മഡ്രിഡിലെ പോലീസ് മേധാവി അവരെ ഭീഷണിപ്പെടുത്തി വീണ്ടും കളത്തിലിറക്കുകയായിരുന്നത്രേ.

∙ നേട്ടങ്ങളുടെ പതിറ്റാണ്ട്

രാഷ്ട്രീയ ചരിത്രത്തിന്റെ ഈ മേൽക്കുപ്പായം റയൽ മഡ്രിഡ് ഊരിക്കളഞ്ഞത് നേട്ടങ്ങളുടെ ജഴ്സിയണിഞ്ഞുകൊണ്ടാണ്. 1956 മുതൽ 1960 വരെ തുടർച്ചയായ അഞ്ചു യൂറോപ്യൻ കിരീടങ്ങളാണ് മഡ്രിഡിലെത്തിയത്. ആൽഫ്രെഡോ ഡിസ്റ്റെഫാനോ, ഫ്രാങ്ക് പുസ്കാസ്, ഫ്രാൻസിസ്കോ ഗെന്റോ, റെയ്മണ്ട് കോപ്പ, ഹോസെ സാന്തമരിയ എന്നിവരുൾപ്പെടുന്ന ആ താരക്കൂട്ടം എക്കാലത്തെയും മികച്ച ക്ലബ് ടീമായി ഇന്നും പരിഗണിക്കപ്പെടുന്നു. സാന്തിയാഗോ ബെർണബ്യൂ യെസ്റ്റെ എന്ന ക്ലബ് പ്രസിഡന്റിന്റെ ദിശാബോധമുള്ള നേതൃത്വം കൂടിയായതോടെ യൂറോപ്പിലെ ഒന്നാം നമ്പർ ക്ലബായി മാറി. 1962, 1964 ഫൈനലുകളിൽ കീഴടങ്ങിയ റയൽ 1966ൽ വീണ്ടും യൂറോപ്പിലെ രാജാക്കൻമാരായി.

GYI0051132323.jpg

ബീറ്റിൽസ് സംഗീത ബാൻഡിന്റെ പേരിലറിയപ്പെട്ട ‘യെ–യെ’ തലമുറയായിരുന്നു അന്നു റയലിന്റെ അഭിമാനം. 1980കളിലും അതിശക്തമായ ടീമായിരുന്നു റയൽ. പ്രധാന താരമായിരുന്ന എമിലിയോ ബുട്രാഗുവാനോയുടെ വിളിപ്പേരിൽ നിന്ന്, കഴുകക്കൂട്ടം എന്നാണ് ആ ടീം അറിയപ്പെട്ടത്. എന്നാൽ ഏഴാമതൊരു യൂറോപ്യൻ കിരീടം നേടാൻ അവർക്കായില്ല. ഒടുവിൽ 1998ലാണ് കാത്തിരിപ്പിനു അറുതിയായത്. ജപ്പ് ഹെയ്ൻക്സിന്റെ പരിശീലനത്തിൽ യുവെന്റെസിനെ തോൽപിച്ച് റയൽ കിരീടത്തിലെത്തി. രണ്ടായിരത്തിലും നേട്ടം ആവർത്തിച്ചു.

∙ പെരസ് എന്ന രാവണൻ

ലോകത്തുള്ള വിലപിടിപ്പുള്ളതെല്ലാം ലങ്കയിൽ വേണം എന്നു വാശിയുണ്ടായിരുന്ന രാവണനെപ്പോലെയായിരുന്നു രണ്ടായിരത്തിൽ റയൽ മഡ്രിഡിന്റെ പ്രസിഡന്റായി ചുമതലയേറ്റെടുത്ത ഫ്ലോറന്റിനോ പെരസ്. സൂപ്പർ താരങ്ങളെയും പരിശീലകരെയും വൻതുകയെറിഞ്ഞു വിലയ്ക്കെടുക്കുന്ന ‘ഗാലക്റ്റിക്കോസ്’ പ്രവണതയ്ക്കു റയലിൽ തുടക്കമിട്ടതു കോടീശ്വരനായ പെരസാണ്. ചിരവൈരികളായ ബാർസിലോനയിൽനിന്നു പോർചുഗീസ് താരം ലൂയിസ് ഫിഗോയെ റാഞ്ചിയായിരുന്നു തുടക്കം. തുടർന്നു സിനദീൻ സിദാൻ, റൊണാൾഡോ, ഡേവിഡ് ബെക്കാം, മൈക്കൽ ഓവൻ എന്നിവരും ക്ലബ്ബിലെത്തി. 2000 മുതൽ രണ്ടു ഘട്ടങ്ങളിലായി അധികാരത്തിലിരുന്ന വർഷങ്ങളിൽ അഞ്ചു തവണയാണ് പെരസിന്റെ കീഴിൽ റയൽ ട്രാൻസ്ഫർ മാർക്കറ്റിലെ ലോക റെക്കോർഡ് തുക തിരുത്തിയത്. താരങ്ങളെയും പരിശീലകരെയും ടീമിലെത്തിക്കുന്നതിനൊപ്പം നിർദാക്ഷിണ്യം അവരെ പറഞ്ഞയയ്ക്കുന്നതിലും പെരസ് പേരെടുത്തു. രണ്ടുതവണ ക്ലബ്ബിന്റെ പ്രസിഡന്റായിരുന്ന കാലയളവിൽ ഒൻപതുപേരെ പുറത്താക്കിയ ‘കശാപ്പുകാരനാ’ണു പെരസ്.

57086652

ഗാലക്റ്റിക്കോസ് കാലം ലോക ഫുട്ബോളിൽ റയൽ മഡ്രിഡിന്റെ ജനപ്രീതിയുയർത്തിയെങ്കിലും പ്രതീക്ഷിച്ച വിജയങ്ങൾ കൊണ്ടു വന്നോ എന്നത് തർക്കമുള്ള കാര്യം. 2002ൽ നേടിയ യുവേഫ ചാംപ്യൻസ് ലീഗ് കിരീടമാണ് എടുത്തു പറയാനുള്ളത്. ചാംപ്യൻസ് ലീഗ് ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ഗോളുകളിലൊന്നായി വാഴ്ത്തപ്പെടുന്ന സിനദിൻ സിദാന്റെ തകർപ്പൻ വോളി ഗോളിലൂടെയാണ് റയൽ ബയെർ ലെവർക്യുസനെ മറികടന്നത്. അതിനു ശേഷം വീണ്ടും ഊഷര കാലം.

ഒടുവിൽ പെരസ് രണ്ടാം വട്ടം പ്രസിഡന്റായതിനു ശേഷമാണ് റയൽ വീണ്ടും പ്രതാപത്തിലേക്കുയർന്നത്. റെക്കോർഡ് തുകയ്ക്ക് മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോയെയും ടോട്ടനം ഹോട്സ്പറിൽ നിന്ന് ഗാരെത് ബെയ്‌ലിനെയും റാഞ്ചിയ പെരസിന്റെ ചൂതാട്ടം ഫലിച്ചു. 2014ൽ കാത്തിരുന്ന ‘ലാ ഡെസിമ’ (പത്താം യൂറോപ്യൻ കിരീടം) നേടിയ റയൽ 2016ലും അതാവർത്തിച്ചു. രണ്ടു വട്ടവും ഫൈനലിൽ തോൽപിച്ചത് നഗരവൈരികളായ അത്‌ലറ്റിക്കോ മഡ്രിഡിനെ തന്നെ.

∙ എൽക്ലാസിക്കോയിലെ പന്നിത്തല

എൽ ക്ലാസിക്കോ– ക്ലബ് ഫുട്ബോളിൽ ഇതു പോലൊരു വൈരം വേറെയില്ല. സ്പെയിനിന്റെ തലസ്ഥാന ദേശത്തു നിന്നുള്ള റയൽ മഡ്രിഡും കാറ്റലോണിയൻ പ്രവിശ്യയിൽ നിന്നുള്ള നിന്നുള്ള ബാർസിലോനയും ഫുട്ബോൾ കളത്തിൽ ഏറ്റുമുട്ടുമ്പോൾ കളിമികവിനൊപ്പം ചരിത്രവും രാഷ്ട്രീയവും അതിനു വാശി കൂട്ടുന്നു. കളിക്കാരും അതിന്റെ ചൂടനുഭവിച്ചിട്ടുണ്ട്. രണ്ടായിരത്തിൽ റയലിന്റെ വെള്ളക്കുപ്പായമണിഞ്ഞു ബാർസയുടെ നൂകാംപിൽ കളിക്കാനെത്തിയ പോർച്ചുഗൽ താരം ലൂയി ഫിഗോ അതു ശരിക്കറിഞ്ഞു.

‘യൂദാസ്, നിന്ദ്യൻ, കൂലിത്തല്ലുകാരൻ’ എന്നീ ബാനറുകളുമായാണ് ബാർസ ആരാധകർ ഫിഗോയെ വരവേറ്റത്. ഫിഗോ ചെയ്ത തെറ്റ് ബാർസ ആരാധകർക്കു പൊറുക്കാനാവാത്തതായിരുന്നു: ബാർസിലോനയെ വിട്ട് റയൽ മഡ്രിഡിലേക്കു ചേക്കേറി. സാധാരണ താരമായിരുന്നെങ്കിൽ പൊറുത്തേനെ. പക്ഷേ, ഫിഗോ ബാർസയുടെ വൈസ് ക്യാപ്റ്റനായിരുന്നു. അക്കാലത്തെ റെക്കോർഡ് ട്രാൻസ്ഫർ തുകയ്ക്കാണ് പോർചുഗൽ മിഡ്ഫീൽഡറെ റയൽ റാ‍ഞ്ചിയത്.

74695897TH010_Real_Madrid

ബാർസ ആരാധകരുടെ മനസ്സിൽ ഫിഗോ അതോടെ ചതിയനായി. കളി തുടങ്ങിയപ്പോൾ ഫിഗോയുടെ ഓരോ നീക്കത്തിനും ചീത്തവിളിയായിരുന്നു അകമ്പടി. ഫിഗോ ഒരു കോർണർ കിക്കെടുക്കാനെത്തിയപ്പോൾ ഉൽസവക്കച്ചവടം കഴിഞ്ഞ പറമ്പുപോലെയായിരുന്നു മൈതാനം. ചപ്പുചവറുകൾ, കടലാസ് വിമാനങ്ങൾ, വെള്ളക്കുപ്പികൾ...അക്കൂട്ടത്തിൽ ഒരു വസ്തുവിലേക്കു ക്യാമറ സൂം ചെയ്തു. മാംസമെല്ലാം അടർന്നുപോയ ഒരു പന്നിത്തല. എൽ ക്ലാസിക്കോ വൈരത്തിന്റെ വെറുപ്പു കാണിക്കുന്ന പ്രതീകമായി പിന്നീടത്.