Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വനിതാ ലോകകപ്പ്: ഫൈനലിലേക്ക് ഒാസ്ട്രേലിയൻ കടമ്പ

Indian Women's Team - Cricket

കരിയറിന്റെ അവസാനഘട്ടത്തിലെത്തിയിരിക്കുന്ന ക്യാപ്റ്റൻ മിതാലി രാജിനേയും സീനിയർ താരം ജൂലൻ ഗോസ്വാമിയേയും ആദ്യമായി ലോകകപ്പ് കിരീടധാരണത്തോടെ ആദരിക്കാൻ സഹതാരങ്ങൾക്ക് ഇനി രണ്ടു കടമ്പ കൂടി.  ഇംഗ്ലണ്ട് ആതിഥേയം വഹിക്കുന്ന ലോകവനിതാ ക്രിക്കറ്റ് ടൂർണമെന്റിന്റെ രണ്ടാം സെമിയിൽ വ്യാഴാഴ്ച ഇന്ത്യ നിലവിലുള്ള ചാമ്പ്യൻമാരായ ഒാസ്ട്രേലിയയെ നേരിടുമ്പോൾ ഇന്ത്യൻ ക്രിക്കറ്റ് ആരാധകർ ഏറെ പ്രതീക്ഷയിലാണ്. ഒാസ്ട്രേലിയൻ വെല്ലുവിളി മറികടന്നാൽ 23–ലെ ഫൈനൽ മത്സരത്തിൽ ഇംഗ്ലണ്ടിനെതിരെ സ്വപ്നവിജയം കൂടിയവർ പ്രതീക്ഷിക്കുന്നു. ലോകവനിത ക്രിക്കറ്റ് കിരീടം നേടിയാൽ ഇന്ത്യൻ ക്രിക്കറ്റിന്റെ പെരുമയ്ക്ക് മറ്റൊരു പൊൻതൂവലാകും. വനിതാ ക്രിക്കറ്റിനെ സംബന്ധിച്ചടത്തോളം, പുരുഷൻമാരുടെ നിഴലിൽനിന്ന് പുറത്തുകടക്കാനുള്ള ഏറ്റവും വലിയ ഉൗർജമായിരിക്കും അത്തരമൊരു കിരീടവിജയം.

തുടർച്ചയായ നാലു വിജയങ്ങൾ നേടിയ ശേഷം ഒാസ്ട്രേലിയോടും ദക്ഷിണാഫ്രിക്കയോടും പരാജയപ്പെട്ടെങ്കിലും കരുത്തരായ ന്യൂസിലാൻഡിനെതിരെ നേടിയ വമ്പൻ വിജയം ഇന്ത്യൻ നിരയുടെ ആത്മവിശ്വസം ഉയർത്തിയിട്ടുണ്ട്. മിക്ക ഇന്ത്യൻ താരങ്ങളും തങ്ങളുടെ പ്രതിഭകാട്ടിയെന്നത് മറ്റൊരു അനൂകൂലഘടകം. പതിനേഴ് വർഷം നീണ്ട കരിയറിന്റ പരിചയസമ്പത്ത് മുഴുവൻ പുറത്തെടുക്കുന്ന ക്യാപ്റ്റൻ മിതാലി രാജ് ന്യൂസിലൻഡിന് എതിരെയുള്ള സെഞ്ചുറി ഇന്നിങ്സടക്കം മികച്ച പ്രകടനമാണു കാഴ്ചവച്ചത്. ഒാപ്പണർമാരായ പുനം റൗത്ത്, സ്മൃതി മന്ദാന എന്നിവരും സെഞ്ചുറികൾ നേടി. അർധ സെഞ്ചുറികളടക്കമുള്ള ശ്രദ്ധേയമായ ഇന്നിങ്സുകൾ കളിച്ച ദീപ്തി ശർമ, ഹർമൻപ്രീത് കൗർ, വേദകൃഷ്ണമൂർത്തി തുടങ്ങിയവരും ഇന്ത്യയുടെ ബാറ്റിങ് കരുത്താകും. ജുലൻ ഗോസ്വാമി മിന്നും ഫോമിലേക്കുയർന്നിട്ടില്ലെങ്കിലും ഇടംകൈ സ്പിന്നർമാരായ പൂനം യാദവ്, എക്താ ബഷ്ത, ദീപ്തി ശർമ, ഓഫ് സ്പിന്നർ ഹർമൻപ്രീത് തുടങ്ങിയവർ ബോളിങ് വിഭാഗം ഭദ്രമാക്കുന്നുണ്ട്. പാക്കിസ്ഥാനെതിരെ എക്താ ബിഷ്തയും ലീഗ് റൗണ്ടിലെ അവസാന മത്സരത്തിൽ ന്യൂസിലൻഡിനെതിതായി ആദ്യമായി കളത്തിലിറങ്ങിയ രാജേശ്വരി ഗെയ്ക്ക്വാദും അഞ്ചു വിക്കറ്റ് വീഴ്ത്തി ബോളിങ്ങിൽ തിളങ്ങി.

ഫോമിലെ സ്ഥിരതയാണ് ഇന്ത്യ നേരിടുന്ന മുഖ്യ പ്രശ്നം. ബാറ്റിങ്ങിൽ മിതാലിയെ മാത്രമാണ് ഏറെക്കുറെ വിശ്വസിക്കാവുന്നത്. ഒാൾറൗണ്ടർ ദീപ്തി ശർമയും ഭേദപ്പെട്ട സംഭാവനകൾ നൽകുന്നുണ്ട്. മറ്റുള്ളവർ അവരവരുടെ ദിവസങ്ങളിൽ തകർത്തടിക്കുമെങ്കിലും സ്ഥിരത ഉറപ്പിക്കാനാകില്ല. ഒാപ്പണർ സ്മൃതി മന്ദാന ഉദാഹരണം. ആദ്യ രണ്ടു മത്സരങ്ങളിൽ 90,106 എന്നിങ്ങനെ ഗംഭീരൻ സ്കോറുമായി തുടങ്ങിയ സ്മ‍ൃതി പിന്നെ തീരെ നിറം മങ്ങിപ്പോയി. ബോളിങ്ങിലും ഒറ്റപ്പെട്ട മികച്ച പ്രകടനങ്ങളുണ്ടെങ്കിലും ടീം മൊത്തം ഒന്നുപോലെ ഫോമിലെത്തുന്നില്ല. ലീഗ് റൗണ്ടിൽ ഇന്ത്യയെ പരാജയപ്പെടുത്താനായതു സെമിയിൽ ഒാസ്ട്രേലിയയ്ക്കു മാനസികമുൻതൂക്കം നൽകും. മികച്ച ബാറ്റിങ് ലൈനപ്പും ആഴമേറിയ ബോളിങ്ങ് വിഭാഗവും ഇന്ത്യയ്ക്കെതിരെ മികച്ച വിജയ റെക്കോർഡുകളും ആറു വട്ടം ലോകചാമ്പ്യന്മാരായ ചരിത്രവും അവർക്കുണ്ട്. എങ്കിലും ലീഗ് റൗണ്ടിൽ ഓസ്ട്രേലിയ പരാജയപ്പെടുത്തിയ ഇംഗ്ലണ്ടിന്റെ ഏക തോൽവി ഇന്ത്യയ്ക്കെതിരെ ആയിരുന്നു എന്നത് ഇന്ത്യൻ വനിതകൾക്ക് ആത്മവിശ്വാസം പകരും.

അനിശ്ചിതത്വങ്ങളുടെ കളിയായ ക്രിക്കറ്റിൽ ഈ കണക്കുകൂട്ടലുകൾക്കും വിലയിരുത്തലിനുമൊന്നും പ്രസക്തിയില്ല. ചാമ്പ്യൻസ് ട്രോഫി ഫൈനലിലെ പരാജയത്തിലും കോച്ച് വിവാദത്തിലും അല്പം നിറം മങ്ങി നിൽക്കുന്ന ഇന്ത്യൻ ക്രിക്കറ്റിന്റെ തിളക്കം തിരികെ നൽകാൻ മിതാലി രാജിനും സംഘത്തിനും കഴിയുമെന്ന് ആരാധകർ പ്രതീക്ഷിക്കുന്നു. ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തി ഇംഗ്ലണ്ട് ഫൈനലിലെത്തിക്കഴിഞ്ഞു. ജൂലൈ 23–ന് ലോഡ്സിലാണ് ഫൈനൽ.

ആദ്യമെത്തിയത് വനിതാലോക കപ്പ്

ആദ്യ ലോകക്രിക്കറ്റ് ചാമ്പ്യൻഷിപ്പ് നടക്കുന്നത് വനിതാവിഭാഗത്തിലാണ്. പുരുഷൻമാരുടെ പ്രഥമലോകകപ്പിനു രണ്ടു വർഷം മുൻപ്, 1973–ൽ വനിതാ ക്രിക്കറ്റ്  ലോകകപ്പ് മത്സരങ്ങൾക്കു തുടക്കമായി. ആദ്യ ആതിഥേയരും ജേതാക്കളും ഇംഗ്ലണ്ട് തന്നെ. നിലവിൽ ഇംഗ്ലണ്ട് ആതിഥ്യമരുളുന്നത് പതിനൊന്നാമത് ലോകകപ്പിനാണ്. ക്രിക്കറ്റിൽ പുരുഷവിഭാഗത്തിലെ മികവ് ഒാസ്ട്രേലിയൻ  വനിതകളും നിലനിർത്തുന്നു. ആറു വട്ടമാണ് ഒാസ്ട്രേലിയ ലോകവനിതാ ക്രിക്കറ്റിൽ കിരീടമണിഞ്ഞത്. പ്രഥമചാമ്പ്യൻ ഇംഗ്ലണ്ട് പിന്നീടു രണ്ടു വട്ടം കൂടി കിരീടം നേടി. ഇവർക്കു പുറമേ 2000–ത്തിലെ ജേതാക്കളായ ന്യൂസിലൻഡാണ് ലോകകപ്പ് നേടിയ മൂന്നാമത്തെ രാജ്യം. 2005–ൽ ദക്ഷിണാഫ്രിക്കയിൽ മിതാലി രാജിന്റെ നേതൃത്വത്തിൽ ഇന്ത്യ ഫൈനലിലെത്തിെയങ്കിലും ഒാസ്ട്രേലിയയോടു പരാജയപ്പെടുകയായിരുന്നു. ഇന്ത്യ ആതിഥ്യം വഹിച്ച മൂന്നു ലോകകപ്പിലും ഒാസ്ട്രേലിയ കിരീടമണിഞ്ഞു.

വർഷം, വേദി, ജേതാക്കൾ

1973 – ഇംഗ്ലണ്ട് – ഇംഗ്ലണ്ട്

1978 – ഇന്ത്യ – ഒാസ്ട്രേലിയ

1982 – ന്യൂസിലൻഡ് – ഒാസ്ട്രേലിയ

1988 – ഒാസ്ട്രേലിയ – ഒാസ്ട്രേലിയ

1993 – ഇംഗ്ലണ്ട് – ഇംഗ്ലണ്ട്

1997 – ഇന്ത്യ – ഒാസ്ട്രേലിയ

2000 – ന്യൂസിലൻഡ് – ന്യൂസിലൻഡ്

2005 – ദക്ഷിണാഫ്രിക്ക – ഒാസ്ട്രേലിയ

2009 – ഒാസ്ട്രേലിയ – ഇംഗ്ലണ്ട്

2013 – ഇന്ത്യ – ഒാസ്ട്രേലിയ

2017 – ഇംഗ്ലണ്ട് – ––––––––––––