ടസ്കേഴ്സ്: ലോധ കമ്മിറ്റിയിൽ പരാതി ഉന്നയിക്കാം; കോടതി

കൊച്ചി∙ ഐപിഎൽ ട്വന്റി20 ക്രിക്കറ്റിൽനിന്നു കൊച്ചി ടസ്കേഴ്സ് കേരള ടീമിനെ പുറത്താക്കിയതു സംബന്ധിച്ച പരാതി ക്രിക്കറ്റ് രംഗം ശുദ്ധീകരിക്കാൻ ലക്ഷ്യമിട്ടു സുപ്രീം കോടതി നിയോഗിച്ച ജസ്റ്റിസ് ലോധ കമ്മിറ്റി മുൻപാകെ ഉന്നയിക്കാമെന്നു ഹൈക്കോടതി. കമ്മിറ്റിക്ക് ഈ വിഷയം പരിഗണിക്കാൻ ബുദ്ധിമുട്ടുണ്ടെങ്കിൽ ബിസിസിഐയിലെ ഉചിതമായ ഫോറത്തിന്റെ പരിഗണനയ്ക്കു വിടാവുന്നതാണെന്നും കോടതി വ്യക്തമാക്കി.

കൊച്ചി ടീമിനെ 2018 മുതൽ ടൂർണമെന്റിൽ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടു മുനമ്പം ക്രിക്കറ്റ് ക്ലബ് സെക്രട്ടറി യു.കെ. സുധീഷ്കുമാറും മറ്റും നൽകിയ പൊതുതാൽപര്യ ഹർജിയിലാണു നടപടി.

 ഈ വിഷയത്തിൽ കോടതിയുടെ ഇടപെടൽ ഉചിതമല്ലെന്നു ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.     കേരളം ആസ്ഥാനമായുള്ള ടീമിനെ ടൂർണമെന്റിൽനിന്നു സ്വേച്ഛാപരമായി പുറത്താക്കിയെന്ന് ആരോപിച്ചാണു ഹർജി.

സുപ്രീം കോടതി നിർദേശപ്രകാരം നടത്തിയ ആർബിട്രേഷനിൽ വിധിച്ച തുകയും പലിശയും ചേർത്ത് 1200 കോടി രൂപ കൊച്ചി ടീമിനു നൽകേണ്ടതാണെന്നും ഹർജിയിൽ പറയുന്നു.