വ്യക്തത തേടി ശ്രീശാന്ത് ഹൈക്കോടതിയിൽ

കൊച്ചി∙ സ്കോട്ട്ലൻ‍ഡ് പ്രിമിയർ ലീഗിൽ ഗ്ലെൻറോത്ത് ക്ലബിനു വേണ്ടി കളിക്കാൻ എൻഒസി നൽകാൻ ബിസിസിഐക്കു നിർദേശം നൽകണമെന്നാവശ്യപ്പെട്ട് ക്രിക്കറ്റ് താരം എസ്. ശ്രീശാന്ത് ഹൈക്കോടതിയെ സമീപിച്ചു. ഐപിഎൽ കോഴവിവാദത്തെ തുടർന്നുള്ള അച്ചടക്ക നടപടിയുടെ ഭാഗമായി ബിസിസിഐ ഏർപ്പെടുത്തിയ ആജീവനാന്ത വിലക്ക് നീക്കിയ മുൻഉത്തരവിൽ ഇതു സംബന്ധിച്ചു വ്യക്തത വേണമെന്നാണ് അപേക്ഷ.

ഓഗസ്റ്റ് ഏഴിലെ ഹൈക്കോടതി ഉത്തരവിനെ തുടർന്ന്, എൻഒസി ആവശ്യപ്പെട്ട് ഒൻപതിനു ബിസിസിഐ ചെയർമാനും സെക്രട്ടറിക്കും കത്തയച്ചിരുന്നു. എന്നാൽ കോടതി ഉത്തരവിൽ ഇക്കാര്യം പ്രത്യേകം പറയാത്തതിനാൽ ബിസിസിഐക്കു വിമുഖതയുണ്ട്. കോടതി വിധി അറിയിച്ച് ഗ്ലെൻറോത്ത് ക്ലബിനു കത്തയച്ചപ്പോൾ പ്രിമിയർ ലീഗിൽ കളിക്കാൻ ബിസിസിഐയുടെ എൻഒസി നിർബന്ധമാണെന്ന മറുപടിയാണു ലഭിച്ചത്. സ്കോട്ട്ലൻ‍ഡ് പ്രിമിയർ ലീഗ് കളികൾ സെപ്റ്റംബർ ഒൻപതിന് അവസാനിക്കുമെന്നതിനാൽ കോടതി ഇടപെടണമെന്നാണ് ആവശ്യം.