ട്വന്റി20യിൽനിന്ന് ‘ടെൻ10’–ലേക്ക്; കളത്തിലിറങ്ങാൻ സെവാഗ്, ഗെയിൽ അഫ്രീദി

മുംബൈ ∙ അഞ്ചു ദിവസം നീണ്ടു നിൽക്കുന്ന ടെസ്റ്റ് ക്രിക്കറ്റിൽനിന്ന് ചുരുങ്ങിത്തുടങ്ങിയ ക്രിക്കറ്റിന്റെ ഏറ്റവും ചെറുപതിപ്പാണ് ട്വന്റി20 ക്രിക്കറ്റ്. ക്രിക്കറ്റിന്റെ ആവേശമത്രയും 20 ഓവർ ഫോർമാറ്റിലേക്ക് ചുരുക്കിയെത്തിയ ട്വന്റി20 ക്രിക്കറ്റിന് ക്രിക്കറ്റ് ആരാധകർക്കിടയിൽ വൻ സ്വീകരണമാണ് ലഭിച്ചത്. പരമ്പരാഗത ക്രിക്കറ്റ് ആരാധകർക്ക് ഈ മാറ്റം അത്ര പിടിച്ചില്ലെങ്കിലും, സമയംകൊല്ലിയെന്ന് ക്രിക്കറ്റിനെ വിമർശിച്ചുവന്നവർക്ക് ട്വന്റി20 ക്രിക്കറ്റ് സമ്മാനിച്ച ആശ്വാസം ചെറുതല്ല.

ചുരുങ്ങിച്ചുരുങ്ങി 20 ഓവറിലെത്തിയ ക്രിക്കറ്റ് അവിടെനിന്നും വീണ്ടും ചുരുങ്ങി 10 ഓവറിലേക്ക് എത്തുന്നു എന്നതാണ് പുതിയ വാർത്ത. ഔദ്യോഗിക ക്രിക്കറ്റ് സംഘടനകൾ സംഘടിപ്പിക്കുന്ന ടൂർണമെന്റല്ലെങ്കിലും ഇതിൽ പങ്കെടുക്കാനെത്തുന്നത് സമകാലീന ക്രിക്കറ്റ് ലോകത്തെ മഹാരഥൻമാരാണ്.

യുഎഇയിലെ ഒരു സ്വകാര്യ കമ്പനി നേതൃത്വം നൽകുന്ന ഈ ‘ടെൻ–10’ ലീഗിനെത്തുന്നവരിൽ സാക്ഷാൽ ക്രിസ് ഗെയ്ൽ, വീരേന്ദർ സേവാഗ്, ഷാഹിദ് അഫ്രീദി തുടങ്ങിയ വമ്പൻമാരുണ്ടെന്നാണ് റിപ്പോർട്ട്. ശ്രീലങ്കൻ താരം കുമാർ സംഗക്കാരയും ലീഗിൽ പങ്കെടുക്കുമത്രേ. രാജ്യാന്തര ക്രിക്കറ്റ് രംഗത്തേക്ക് പിച്ചവയ്ക്കുന്ന യുഎഇ ക്രിക്കറ്റ് ബോർഡിന്റെ ആശീർവാദവും പരമ്പരയ്ക്കുണ്ടെന്നാണ് വിവരം.

ഇതിന്റെ ഉദ്ഘാടന സീസൺ നാലു ദിവസം മാത്രം നീണ്ടു നിൽക്കുന്ന ഒന്നായിരിക്കുമെന്നാണ് പ്രാഥമിക സൂചന. ഡിസംബർ 21ന് ആരംഭിച്ച് ഡിസംബർ 24ന് അവസാനിക്കുന്ന രീതിയിലാണ് ടൂർണമെന്റ് പദ്ധതിയിട്ടിരിക്കുന്നത്. ഇവര്‍ ഉൾപ്പെടെ രാജ്യാന്തര ക്രിക്കറ്റിൽനിന്ന് വിരമിച്ച ഇരുപതോളം താരങ്ങൾ ടൂർണമെന്റിന് എത്തും.