സിസിഎൽ വീണ്ടും; കേരള സ്ട്രൈക്കേഴ്സിന്റെ അമരത്ത് ‘മലയാളത്തിന്റെ കമൽഹാസൻ’

മഡ്‌ഗാവ് ∙ ക്രിക്കറ്റിന്റെ താരപ്പോരാട്ടത്തിന് വീണ്ടും അരങ്ങൊരുങ്ങുന്നു. വിവിധ ഭാഷകളിലെ സിനിമാ താരങ്ങൾ മാറ്റുരയ്ക്കുന്ന സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിന്റെ ഏഴാം സീസണിനായുള്ള ഒരുക്കങ്ങൾക്കു ഗോവയിൽ തുടക്കം. ഇതിന്റെ ആദ്യപടിയെന്നൊണം ടീം ഉടമകളുടെയും പ്രധാന കളിക്കാരുടെയും യോഗം ഗോവയിൽ നടന്നു.

കേരള സ്ട്രൈക്കേഴ്സ്, ചെന്നൈ റൈനോസ്, കർണാടക ബുൾഡോസേഴ്സ്, തെലുങ്കു വാരിയേഴ്സ്, ഭോജ്പുരി ദബാംഗ്സ്, ബംഗാൾ ടൈഗേഴ്സ്, ഷേർ ദേ പഞ്ചാബ് എന്നീ ടീമുകളാണ് സിസിഎല്ലിൽ മാറ്റുരയ്ക്കുക. തമിഴ് നടൻ രാജ്കുമാർ സേതുപതിയാണ് കേരള സ്ട്രൈക്കേഴ്സ് ഉടമ. പൂച്ച സന്യാസി എന്ന സിനിമയിലൂടെ മലയാളത്തിലെത്തി അൻപതോളം സിനിമകളിൽ അഭിനിയിച്ചിട്ടുള്ള രാജ്കുമാർ, മലയാളത്തിന്റെ കമൽഹാസൻ എന്നാണ് അറിയപ്പെട്ടിരുന്നത്.

നടൻ ബാലയാണ് ടീമിന്റെ നായകൻ. ടീമിന് എല്ലാ പിന്തുണയും സൂപ്പർസ്റ്റാർ മോഹന്‍ലാൽ വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും കളികൾ കാണാൻ അദ്ദേഹം എത്തുമെന്ന് ഉറപ്പു നൽകിയിട്ടുണ്ടെന്നും രാജ്കുമാർ സേതുപതി പറഞ്ഞു. തരംഗം ഫെയിം നേഹ അയ്യരാണ് കേരളാ സ്ട്രൈക്കേഴ്സ് ടീം അംബാസഡർ. പങ്കജ് ചന്ദ്രസേനൻ പരിശീലകനായും എം.എ. സുനിൽ അസിസ്റ്റന്റ് കോച്ചായും ടീമിനൊപ്പമുണ്ട്.

കേരളാ സ്ട്രൈക്കേഴ്സ് ടീമംഗങ്ങൾ.

ഡിസംബർ ആദ്യവാരം തുടങ്ങി തുടർച്ചയായി 12 ദിവസം മൽസരങ്ങളുണ്ടാകും. എന്നാൽ കൃത്യമായ തീയതി തീരുമാനമാകുന്നതേയുള്ളൂ. മൽസര വേദികളെക്കുറിച്ചും വരുദിവസങ്ങളിൽ തീരുമാനമാകും. ആദ്യ രണ്ടു സീസണുകൾക്കു ശേഷം പകിട്ടുകുറഞ്ഞു പോയ സിസിഎൽ വീണ്ടും ആരാധകശ്രദ്ധയില്‍ എത്തിക്കാനാണ് മാനേജ്മെന്റിന്റെ ശ്രമം.

മാറ്റങ്ങൾ പലത്

അടിമുടി മാറ്റങ്ങളുമായാണ് സിസിഎല്ലിന്റെ ഇൗ സീസൺ എത്തുന്നത്. പത്ത് ഓവർ (ടി10) വീതമുള്ള കളികളാണ് ഉണ്ടാവുക. സിനിമാ താരങ്ങൾക്കു മാത്രമേ ടീമുകളിൽ കളിക്കാൻ അനുവാദമുള്ളൂ. ടീമിലെ അംഗങ്ങളെക്കുറിച്ച് സിസിഎൽ അധികൃതർ ചുമതലപ്പെടുത്തുന്ന പ്രത്യേക സമിതി പരിശോധിക്കും. അംഗങ്ങളുടെ വിവരങ്ങളടങ്ങിയ വിശദമായ ബയോഡേറ്റ ക്യാപ്റ്റൻമാർ സമിതിക്കു മുൻപാകെ സമർപ്പിക്കണം. സമിതി ഇവരെക്കുറിച്ച് അന്വേഷണം നടത്തി സിനിമാ താരങ്ങൾത്തന്നെയാണെന്ന് അംഗീകരിച്ചാൽ മാത്രമേ കളിക്കാൻ അനുവദിക്കുകയുള്ളൂ.

തുടർച്ചയായി 12 ദിവസം മൽസരങ്ങളുണ്ടാകും. എട്ടു ടീമുകളും പരസ്പരം ഏറ്റുമുട്ടും. നേരത്തേ പൂൾ അടിസ്ഥാനത്തിൽ ആയിരുന്നു മൽസരങ്ങൾ. വടക്കേ ഇന്ത്യയിൽനിന്നുള്ള ടീമുകൾ നോർത്ത് പൂളിലും ദക്ഷിണേന്ത്യൻ ടീമുകൾ സൗത്ത് പൂളിലും ഏറ്റുമുട്ടിയ ശേഷം മികച്ച രണ്ടു ടീമുകൾ വീതം സെമിയിൽ കളിക്കുകയായിരുന്നു മുൻവർഷങ്ങളിൽ. ഇതിനാണ് മാറ്റം വന്നിരിക്കുന്നത്.

കേരള സ്ട്രൈക്കേഴ്സ്

വ്യക്തമായ ഗെയിം പ്ലാനോടെ നായകൻ ബാല. സർവ പിന്തുണയും വാഗ്ദാനം ചെയ്തു മോഹൻലാൽ. കേരള സട്രൈക്കേഴ്സ് ക്യാംപ് ആവേശത്തിലാണ്. 

കഴിഞ്ഞ സീസണുകളിൽ വേണ്ടത്ര പരിശീലനം കൂടാതെയാണ് ടീം കളിക്കാനിറങ്ങിയത്, എന്നാൽ ഇത്തവണ കൃത്യമായ പരിശീലനത്തിലൂടെ ടീം കിരീടം നേടുമെന്ന് ക്യാപ്റ്റൻ ബാല മനോരമയോടു പറഞ്ഞു. കൊച്ചിയിലായിരിക്കും പരിശീലനം.

തൊടുപുഴയിലെ കെസിഎ സ്റ്റേഡിയവും പരിഗണനയിലുണ്ട്. ഗോവയിൽ നടന്ന ടീം മീറ്റിൽ ബാലയെക്കൂടാതെ റിയാസ്‍ഖാൻ, മണിക്കുട്ടൻ, മുന്ന, അർജുൻ നന്ദകുമാർ, വിനു മോഹൻ, ഷെഫീഖ്, സുരേഷ് നായർ എന്നിവർ പങ്കെടുത്തു. ടീം ഉടമ രാജ്കുമാർ സേതുപതി ടീം അംബാസഡർ നേഹ അയ്യർ, പരിശീലകൻ പങ്കജ് ചന്ദ്രസേനൻ, എം.എ. സുനിൽ എന്നിവരും യോഗത്തിനെത്തി. മലയാളത്തിലെ കൂടുതൽ താരങ്ങൾ ടീമിനൊപ്പം ചേരുമെന്ന് ബാല പറഞ്ഞു. 28ന് കൊച്ചിയിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ ടീമംഗങ്ങളെ പരിചയപ്പെടും.

വരുന്നതും സൂപ്പർ 

റിതേഷ് ദേശ്മുഖ്, ബോബി ഡിയോൾ, സുനിൽ ഷെട്ടി, കിച്ചാ സുദീപ്, കാർത്തി, നാസർ, ആര്യ, മനോജ് തിവാരി തുടങ്ങിയ പ്രമുഖ താരങ്ങൾ വിവിധ ടീമുകളിലായി അണിനിരക്കും. ഇവരിൽ പലരും ടീം മീറ്റിങ്ങിന് എത്തിയിരുന്നു.