വിമര്‍ശകർ സ്വന്തം കരിയറിലേക്ക് നോക്കൂ എന്ന് ശാസ്ത്രി; ‘ധോണിപ്പോരു’ മുറുകുന്നു

കൊല്‍ക്കത്ത ∙ മഹേന്ദ്രസിങ് ധോണിയെ അനാവശ്യമായി വിമർശിക്കുന്നവരും ധോണി വിരമിക്കണമെന്ന് പറയുന്നവരും സ്വന്തം കരിയറിലേക്ക് ഒന്നു തിരിഞ്ഞുനോക്കുന്നത് നന്നായിരിക്കുമെന്ന അഭിപ്രായവുമായി ഇന്ത്യൻ ടീം മാനേജർ രവി ശാസ്ത്രി രംഗത്ത്. വിരമിക്കൽ വിഷയത്തിൽ ധോണിക്കുള്ള പിന്തുണ ആവർത്തിച്ചു പ്രഖ്യാപിച്ചുകൊണ്ടാണ് രവി ശാസ്ത്രിയുടെ പുതിയ പ്രസ്താവന. ബാറ്റിങ്ങിലും വിക്കറ്റിനു പിന്നിലെ പ്രകടനത്തിലും ധോണിയെക്കാള്‍ മികച്ച മറ്റൊരാള്‍ ഇപ്പോഴില്ലെന്നും കരിയറില്‍ ഇനിയും ഒട്ടേറെവര്‍ഷം ധോണിയിക്കു ബാക്കിയുണ്ടെന്നും ശാസ്ത്രി പറഞ്ഞു.

ധോണിയുടെ ട്വന്റി20 ക്രിക്കറ്റിലെ ഭാവിയെ ചോദ്യം ചെയ്തുകൊണ്ട് മുൻതാരങ്ങളായ വി.വി.എസ്. ലക്ഷ്മൺ, അജിത് അഗാർക്കർ തുടങ്ങിയവർ രംഗത്തെത്തിയിരുന്നു. ധോണി ട്വന്റി20യിൽ ശൈലിമാറ്റണമെന്ന് ആവശ്യപ്പെട്ട് മുൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലിയും, ധോണിയിൽനിന്ന് എന്താണ് ടീം പ്രതീക്ഷിക്കുന്നതെന്ന് മാനേജ്മെന്റ് അദ്ദേഹത്തെ ബോധ്യപ്പെടുത്തണമെന്ന് ആവശ്യവുമായി വീരേന്ദർ സേവാഗും പിന്നാലെയെത്തി.

‘ധോണിയെക്കുറിച്ച് ഓരോന്ന് വിളിച്ചു പറയുന്നതിനു മുൻപ് എല്ലാവരും സ്വന്തം കരിയറിലേക്ക് ഒന്നു തിരിഞ്ഞുനോക്കുന്നത് നന്നായിരിക്കും. ധോണിക്ക് ഇനിയും ടീമിനായി ഒട്ടേറെ സംഭാവനകൾ നൽകാൻ സാധിക്കും. ഈ സമയത്ത് അദ്ദേഹത്തെ പിന്തുണയ്ക്കേണ്ടത് ടീമിന്റെ ചുമതലയാണ്’ – ശാസ്ത്രി പറഞ്ഞു. വിരമിക്കൽ വിഷയത്തിൽ ധോണിക്കു പിന്തുണ പ്രഖ്യാപിച്ച് ക്യാപ്റ്റൻ വിരാട് കോഹ്‍ലിയും മുൻ ക്യാപ്റ്റൻ സുനിൽ ഗാവാസ്കറും രംഗത്തെത്തിയിരുന്നു.

ധോണിക്കെതിരെ വാളെടുത്തവർ

∙ അജിത് അഗാർക്കർ

ട്വന്റി20യിൽ ഇന്ത്യൻ ടീം ധോണിക്കു പകരം മറ്റ് ഓപ്ഷനുകളിലേക്കു ശ്രദ്ധിക്കേണ്ട സമയമായി. ഏകദിനത്തിൽ ധോണിയുടെ പ്രകടനം ടീമിനെ സംബന്ധിച്ച് സന്തോഷപ്രദമാണ്. ക്യാപ്റ്റനായിരുന്ന സമയത്തെ പോലെയല്ല ഇപ്പോഴത്തെ കാര്യം. ബാറ്റ്സ്മാനെന്ന നിലയിൽ ധോണി ടീമിലില്ലെങ്കിലും അതു ടീമിനെ ബാധിക്കാനിടയില്ലെന്നാണ് ഞാൻ കരുതുന്നത്. ട്വന്റി20യിൽ അനുഭവസമ്പത്തുള്ള ഒട്ടേറെ താരങ്ങളുള്ളതിനാൽ ധോണിയില്ലെങ്കിലും ടീമിന്റെ പ്രകടനത്തെ അതു ബാധിക്കില്ല.

∙ വി.വി.എസ്. ലക്ഷ്മൺ

യുവതാരങ്ങൾക്ക് അവസരം കൊടുക്കാൻ ധോണി ട്വന്റി20യിൽ നിന്ന് മാറിനിൽക്കേണ്ട സമയമായി. ക്രീസിൽ നിലയുറപ്പിക്കാൻ ധോണിക്ക് ഒരുപാടു സമയം വേണ്ടിവരുന്നു. ഇത് രണ്ടാം ട്വന്റി20യിലെ സ്ട്രൈക്ക് റേറ്റിൽ പ്രകടമായി. പക്ഷേ ഏകദിനത്തിൽ ധോണി ഇന്ത്യൻ ടീമിലെ അവിഭാജ്യ ഘടകമാണ്.

∙ വീരേന്ദർ സേവാഗ്

ട്വന്റി20യില്‍ ധോണിയുടെ റോളിനെക്കുറിച്ച് ടീം മാനേജ്മെന്റ് അദ്ദേഹത്തോടു വിശദീകരിക്കണം. ഇന്ത്യന്‍ ടീമിനു ധോണി വിലപ്പെട്ടതാണ്. പക്ഷേ ടീമിന്റെ ആവശ്യത്തിനനുസരിച്ചു ധോണിയും കളിശൈലി മാറ്റണമെന്നും സേവാഗ് ആവശ്യപ്പെട്ടിരുന്നു. അതേസമയം, ധോണി വിരമിക്കണമെന്ന് ആരും തല്‍ക്കാലം ആവശ്യപ്പെടേണ്ടെന്നും സേവാഗ് പറഞ്ഞു. വിരമിക്കാന്‍ സമയമാകുമ്പോള്‍ അയാള്‍ സ്വയം കളി മതിയാക്കും.

∙ സൗരവ് ഗാംഗുലി

ഏകദിനവുമായി തട്ടിച്ചുനോക്കുമ്പോൾ ട്വന്റി20യിൽ ധോണിയുടെ പ്രകടനം മോശമാണ്. ഇതേക്കുറിച്ച് ക്യാപ്റ്റൻ വിരാട് കോഹ്‍ലിയും ടീം മാനേജ്മെന്റും പ്രത്യേകം അദ്ദേഹത്തോടു സംസാരിക്കണം. നല്ല കഴിവുള്ളയാളാണ് ധോണി. ട്വന്റി20യിൽ വ്യത്യസ്തമായ ശൈലി അനുവർത്തിച്ചാൽ ധോണിക്കു മികവിലെത്താവുന്നതേയുള്ളൂ.

ധോണിയുടെ മറുപടി

ജീവിതത്തിൽ എല്ലാവർക്കും അവരുടേതായ കാഴ്ചപ്പാടുകളും അഭിപ്രായങ്ങളും ഉണ്ടാകും. അതിനെ നാം ബഹുമാനിച്ചേ തീരൂ. ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ഭാഗമായിരിക്കുന്നത് എന്നെ ശരിക്കും പ്രചോദിപ്പിക്കുന്നുണ്ട്.

ധോണിക്കു പിന്തുണ പ്രഖ്യാപിച്ചവർ

ടീം മാനേജർ രവി ശാസ്ത്രിക്കു പുറമെ, ധോണിയെ പിന്തുണച്ച് ക്യാപ്റ്റൻ വിരാട് കോഹ്‍ലി ഉൾപ്പെടെയുള്ളവർ രംഗത്തെത്തിയിരുന്നു. അവരുടെ പ്രതികരളണങ്ങളിലൂടെ:

∙ രാഹുൽ ദ്രാവിഡ്

ധോണി എപ്പോൾ വിരമിക്കണമെന്ന കാര്യത്തിൽ ആളുകൾക്ക് വ്യത്യസ്ത അഭിപ്രായങ്ങൾ ഉണ്ടാകാം. എന്നാൽ, സെലക്ടർമാർ ടീമിലേക്കു തിരഞ്ഞെടുക്കുന്ന പക്ഷം അയാൾക്ക് ഇഷ്ടമുള്ള കാലം വരെ ടീമിൽ തുടരാം. ഇക്കാര്യത്തിൽ വെറുതെ വിമർശനങ്ങൾ നടത്തുന്നതുകൊണ്ടോ ആരെയെങ്കിലും പഴിക്കുന്നതിലോ കാര്യമില്ല.

∙ വിരാട് കോഹ്‍ലി

ഇന്ത്യൻ ടീമിന്റെ പരാജയത്തിന് മഹേന്ദ്രസിങ് ധോണിയെ മാത്രം കുറ്റപ്പെടുത്തുന്നതിൽ എന്തു കാര്യമാണുള്ളത്. എല്ലാവർക്കും ധോണിയുടെ ഫിറ്റ്നസിനെക്കുറിച്ചും ഫോമിനെക്കുറിച്ചുമാണ് ആശങ്ക. അദ്ദേഹം 35 വയസ്സു കടന്നതാണോ പ്രശ്നം? എല്ലാവിധ ശാരീരിക ക്ഷമതാ പരീക്ഷകളും വിജയിച്ചാണ് ധോണി ഇന്ത്യൻ ടീമിന്റെ ഭാഗമായി നിൽക്കുന്നത്. ബാറ്റിങ്ങിലും കീപ്പിങ്ങിലും മികച്ചു നിൽക്കുന്നുമുണ്ട്. കേവലം ഒരുമൽസരത്തിലെ പ്രകടനത്തിന്റെ പേരിൽ ധോണി പുറത്തുപോകണമെന്നു പറയുന്നത് അംഗീകരിക്കാനാവില്ല.

ഏകദിനത്തിൽ ധോണി നന്നായി കളിച്ചു. ട്വന്റി20 പരമ്പരയിൽ അദ്ദേഹത്തിന് ബാറ്റിങ്ങിന് മികച്ച അവസരങ്ങൾ ലഭിച്ചിട്ടില്ല. രാജ്കോട്ടിൽ മാത്രം പരാജയപ്പെട്ടതിന്റെ പേരിലാണ് വിമർശനങ്ങളുയർന്നത്. ആ മൽസരത്തിൽ പരാജയപ്പെട്ട യുവതാരം ഹാർദിക് പാണ്ഡ്യയെ പക്ഷേ ആരും വിമർശിച്ചതായി കണ്ടില്ല. മൂന്നുതവണ ബാറ്റിങ്ങിൽ പരാജയപ്പെട്ടാലും എന്നെ വിമർശിക്കാത്തവരാണ് അദ്ദേഹത്തെ മാത്രം വേട്ടയാടുന്നത്. ധോണിയോട് വിരമിക്കാൻ ആവശ്യപ്പെടാൻ ആർക്കും അവകാശമില്ല. ഏതു സാഹചര്യത്തിനൊത്തും പൊരുത്തപ്പെട്ടു കളിക്കാനുള്ള മികവ് ധോണിക്കുണ്ട്.

∙ സുനിൽ ഗാവസ്കർ

രാജ്കോട്ടിൽ നടന്ന ന്യൂസീലൻഡിനെതിരായ രണ്ടാം ട്വന്റി20യിലെ തോൽവിക്ക് ധോണിയെ മാത്രം കുറ്റപ്പെടുത്തുന്നതിൽ അർഥമില്ല. ടീമൊന്നാകെ നടത്തിയ മോശം പ്രകടനത്തിന് ഒരാളെ മാത്രം കുറ്റപ്പെടുത്തുന്നത് എന്ത് അർഥത്തിലാണ്? ലക്ഷ്മണും അഗാർക്കറും അവരുടെ മാത്രം അഭിപ്രായമാണ് പറഞ്ഞത്. ഇന്ത്യയ്ക്കായി ഒട്ടേറെ മൽസരങ്ങളിൽ കളിച്ചിട്ടുള്ള താരങ്ങളാണ് ഇരുവരും. ഈ പറഞ്ഞത് അവരുടെ മാത്രം കാഴ്ചപ്പാടാണ്. ടീം സെലക്ടമാരുടെയും ക്യാപ്റ്റൻ വിരാട് കോഹ്‍ലിയുടെയും കാഴ്ചപ്പാട് ഇതുതന്നെയാകണമെന്ന് നിർബന്ധമില്ല. കാത്തിരുന്നു കാണുകതന്നെ.

30 വയസ്സിനു താഴെയുള്ള കളിക്കാർ ടീമിനായി നൽകിയ സംഭാവന എന്താണെന്നു കൂടി നോക്കണം. അതു വിട്ടുകളയരുത്. ഇതേ ഇന്നിങ്സിൽ ഈ യുവതാരങ്ങൾ എപ്രകാരമുള്ള പ്രകടനമാണ് കാഴ്ചവച്ചത്? ഒരു റൺ മാത്രമെടുത്തല്ലേ ഹാർദിക് പാണ്ഡ്യ പുറത്തായത്? അതിലൊന്നും നമുക്കു താൽപര്യമില്ല. നമ്മുടെ ഓപ്പണർമാർ ഇരുവരും സാധാരണപോലെ മികച്ച തുടക്കമല്ല നമുക്കു നൽകിയതെന്നതും നാം കാര്യമാക്കുന്നില്ല. തോൽക്കുമ്പോൾ ധോണിക്കെതിരെ മാത്രമേ നാം വിരലുയർത്തൂ. ഇത് തീർത്തും നിർഭാഗ്യകരമായ രീതിയാണ്. നിങ്ങളെ സംബന്ധിച്ച് അതാണ് ഇന്ത്യൻ ടീം.

ഒരു ക്രിക്കറ്റ് താരം ആകുന്നത്ര കാലം കളി തുടരുന്നതാണ് നല്ലത്. കാര്യമായി റൺസ് നേടുന്നില്ല, വിക്കറ്റ് ലഭിക്കുന്നില്ല എന്നത് സാരമില്ല. നിങ്ങൾക്കിപ്പോഴും മികച്ച താളം സൂക്ഷിക്കാൻ സാധിക്കുന്നുണ്ടോ എന്നു നോക്കുക. പരിശീലനവും മൽസരങ്ങളും ഒരു ക്രിക്കറ്റ് താരത്തിന്റെ ജീവിതത്തിൽ സുപ്രധാനമാണ്. ശരീരത്തിനു മാത്രമല്ല, മനസ്സിനും പരിശീലനം കാര്യമായ സഹായം നൽകും. അതുകൊണ്ട് പരമാവധി ക്രിക്കറ്റ് കളിക്കുന്നത് തുടരുന്നതാണ് നല്ലത്.

ഒരു താരം 30 വയസ്സു പിന്നിട്ടാൽ പിന്നീടങ്ങോട്ട് അയാളിലെ തെറ്റുകൾ കണ്ടുപിടിക്കാനാണ് നമുക്കു താൽപര്യം. അയാൾ നൽകുന്ന സംഭാവനകൾ നാം കാര്യമാക്കുന്നില്ല. ഒരാളിൽനിന്ന് കൂടുതൽ ആവശ്യപ്പെട്ട് കിട്ടാതെ വരുമ്പോർ വിരമിക്കലിനായി മുറവിളി കൂട്ടുന്നതിൽ എന്ത് അർഥമാണുള്ളത്?