കോഹ്‌ലി പറഞ്ഞു, ബോർഡ് കേട്ടു; ക്രിക്കറ്റ് താരങ്ങളുടെ വേതനം കൂട്ടും, മൽസരങ്ങൾ കുറയ്ക്കും

ന്യൂഡൽഹി ∙ ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിന്റെ (ബിസിസിഐ) വരുമാനത്തിന് ആനുപാതികമായി ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളുടെ വേതനം വർധിപ്പിക്കണമെന്ന നായകൻ വിരാട് കോഹ്‍ലിയുടെയും മുൻ നായകൻ എം.എസ്.ധോണിയുടെയും ആവശ്യം അംഗീകരിക്കുമെന്ന് ബിസിസിഐ ഇടക്കാല അധ്യക്ഷൻ വിനോദ് റായിയുടെ ഉറപ്പ്.

താരങ്ങളുടെ വേതനത്തിൽ ന്യായമായ വർധന വരുത്തിയാകും ബിസിസിഐ കരാർ പുതുക്കുക. അതേസമയം, വർധന എത്രയുണ്ടാവുമെന്നു റായ് വ്യക്തമാക്കിയില്ല. കോഹ്‌ലിയും ധോണിയും പരിശീലകൻ രവി ശാസ്ത്രിക്ക് ഒപ്പമാണ് ഇന്നലെ വിനോദ് റായിയെ കണ്ടത്. കൂടിക്കാഴ്ച രണ്ടു മണിക്കൂറിലേറെ നീണ്ടു.

കളിക്കാർക്ക് ആവശ്യത്തിന് വിശ്രമം ലഭിക്കുന്നെന്ന് ഉറപ്പാക്കിയാകും ഇനിമുതൽ ബിസിസിഐ മൽസര ഷെഡ്യൂൾ‌ തയാറാക്കുക. മൽസരങ്ങളുടെ ആധിക്യം കളിക്കാരെ തളർത്തുന്നുവെന്ന കോഹ്‍ലിയുടെ പരാതിയെത്തുടർന്നാണിത്.

അടുത്തവർഷം ജൂലൈയിൽ ഇംഗ്ലണ്ട് പര്യടനം നടത്തുന്ന ഇന്ത്യൻ ടീമിനെ രണ്ടാഴ്ച മുൻപേ ഇംഗ്ലണ്ടിലേക്ക് അയയ്ക്കും. ഈ മാസം അവസാനം ദക്ഷിണാഫ്രിക്കൻ പര്യടനത്തിനു പോകുന്ന ഇന്ത്യൻ ടീമിന് സാഹചര്യങ്ങളുമായി പൊരുത്തപ്പെടാൻ വേണ്ടത്ര സമയമില്ലെന്നു കോഹ്‍ലി പരാതിപ്പെട്ടിരുന്നു.

വേതന വർധന ചോദിച്ചത് തെറ്റല്ല: ഗാംഗുലി

ന്യൂഡൽഹി ∙ ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾ വേതന വർധന ആവശ്യപ്പെട്ടതിൽ തെറ്റില്ലെന്ന് മുൻ നായകൻ സൗരവ് ഗാംഗുലി. ഇന്ത്യൻ ക്രിക്കറ്റ് ബോർഡിന് ഭീമൻ വരുമാനം കിട്ടുന്നത് താരങ്ങളിലൂടെയാണ്. അതിൽ ഒരു പങ്ക് ആണ് അവർ ചോദിക്കുന്നത്. അതിൽ തെറ്റില്ലെന്നു ഗാംഗുലി പറഞ്ഞു.