Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇന്ത്യയ്ക്ക് തുടർച്ചയായ ഒൻപതാം ടെസ്റ്റ് പരമ്പര; ലോക റെക്കോർഡ്

India Srilanka Test

ന്യൂഡൽഹി ∙ ഇന്ത്യയ്ക്കും ജയത്തിനുമിടയിൽ ലങ്കൻ പുതുമുഖങ്ങൾ പ്രതിരോധ കോട്ട കെട്ടി. വിജയാവേശത്തിൽ പന്തെറിഞ്ഞ ബോളർമാർക്കു മുൻപിൽ നിശ്ചയദാർഢ്യത്തോടെ ബാറ്റുവീശിയ ധനഞ്ജയ ഡിസിൽവയും (119) റോഷൻ സിൽവയും (74 നോട്ടൗട്ട്) മൂന്നാം ടെസ്റ്റിൽ ലങ്കയ്ക്കായി സമനില പൊരുതി നേടി. അവസാനദിനം കളിയവസാനിക്കുമ്പോൾ അഞ്ചിന് 299 എന്ന നിലയിലായിരുന്നു ലങ്ക. വിജയം അകന്നെങ്കിലും രണ്ടാം ടെസ്റ്റിലെ ഇന്നിങ്സ് ജയത്തിന്റെ ബലത്തിൽ ഇന്ത്യ പരമ്പര നേടി (1–0). തുടർച്ചയായ ഒൻപതു പരമ്പര വിജയങ്ങളെന്ന ലോകറെക്കോർഡിൽ ഓസ്ട്രേലിയയ്ക്കും ഇംഗ്ലണ്ടിനും ഒപ്പമെത്തി. സ്കോർ ഇന്ത്യ ഏഴിന് 536 ഡിക്ലയേർ‌ഡ്, അ​​ഞ്ചിന് 246 ഡിക്ലയേർഡ്, ശ്രീലങ്ക 373, അഞ്ചിന് 299.

റെക്കോർഡുകൾ തകർത്ത ബാറ്റിങ് പ്രകടനത്തോടെ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‍ലി കളിയിലെയും പരമ്പരയിലെയും താരവുമായി. അനായാസജയം പ്രതീക്ഷിച്ചു കളത്തിലിറങ്ങിയ ഇന്ത്യയ്ക്കെതിരെ വിജയം പോലൊരു സമനിലയും നേടിയാണു ലങ്കയുടെ മടക്കം. 87 ഓവറുകൾ പന്തെറിഞ്ഞ ഇന്ത്യയ്ക്ക് ഇന്നലെ നേടാനായതു വെറും രണ്ടു വിക്കറ്റുകൾ മാത്രം. പത്താം ടെസ്റ്റു കളിക്കുന്ന ധനഞ്ജയ ഡിസിൽവ മൂന്നാംസെഞ്ചുറി നേടിയപ്പോൾ അരങ്ങേറ്റ ടെസ്റ്റിലാണു രോഷൻ സിൽവ അർധ സെഞ്ചുറി പിന്നിട്ടത്. ദൂസരയും കാരംബോളുമെല്ലാം പരീക്ഷിച്ചു 35 ഓവറുകൾ പന്തെറിഞ്ഞ സൂപ്പർ സ്പിന്നർ രവിചന്ദ്ര അശ്വിന് ഇന്നലെ കിട്ടിയത് ഒരു വിക്കറ്റു മാത്രം. പന്തിനു വേഗം കൂട്ടി വിക്കറ്റിനായി കിണഞ്ഞു പരിശ്രമിച്ച ജഡേജയെയും കോട്‍ലയിലെ പിച്ച് സഹായിച്ചില്ല. വിജയം മുടക്കിനിന്ന ലങ്കൻ കൂട്ടുകെട്ടുകൾ പൊളിക്കാൻ മുരളി വിജയും നായകൻ വിരാട് കോഹ്‍ലിയും വരെ പന്തെറിഞ്ഞു നോക്കേണ്ടിവന്നു.

Indian team with Trophy

മൂന്നിനു 31 എന്ന നിലയിൽ അവസാനദിനം കളി തുടങ്ങിയ ശ്രീലങ്കയ്ക്കു നാലു റൺസ് കൂട്ടിച്ചേർക്കുന്നതിനിടെ പരിചയസമ്പന്നനായ എയ്ഞ്ചലോ മാത്യൂസിനെ നഷ്ടമായി. ഇന്ത്യ പിടിമുറുക്കുമെന്നു കരുതിയെങ്കിലും നായകൻ ദിനേശ് ചണ്ഡിമലും (36) ഡിസിൽവയും ചേർന്ന 112 റൺസ് കൂട്ടുകെട്ട് ലങ്കയ്ക്കു തുണയായി. ചണ്ഡിമൽ പുറത്തായതിനുശേഷമെത്തിയ രോഷനും ഡിസിൽവയ്ക്കൊപ്പം ചേർന്നു നല്ലധാരണയോടെയാണു ബാറ്റുവീശിയത്. സെഞ്ചുറി തികച്ച ഡിസിൽവ (119) മസിൽവേദനയെ തുടർന്നു മടങ്ങി. വാലറ്റത്തെ ചുരുട്ടിക്കെട്ടാമെന്ന ഇന്ത്യൻ പ്രതീക്ഷകൾ തകർത്തു നിരോഷൻ ഡിക്‌വെല്ലയും മുന്നേറിയതോടെ കളി സമനിലയിലേക്കു നീങ്ങി.

മാസങ്ങൾക്കു മുൻപു സ്വന്തം നാട്ടിൽ ഇന്ത്യയ്ക്കെതിരെ മൂന്നു ടെസ്റ്റിലും തോറ്റു തലതാഴ്ത്തിയ ലങ്കൻ ടീമിന് ഇത്തവണ രണ്ടു ടെസ്റ്റിൽ സമനിലയോടെ തലയുയർത്താനായതു നേട്ടമാണ്. ഡൽഹിയിലെ പുകമഞ്ഞിനെയും ഇന്ത്യയുടെ ബോളിങ് മികവിനെയും വെല്ലുവിളിച്ച ബാറ്റിങ്നിരയുടെ പ്രകടനമാണു പരമ്പരയിൽ ലങ്കയ്ക്കു നിർണായകമായത്. ഇരുടീമുകളും തമ്മിലുള്ള ഏകദിന പരമ്പരയിലെ ആദ്യമൽസരം ഞായറാഴ്ച ധരംശാലയിൽ‌ നടക്കും.

ഇന്ത്യയുടെ തുടർച്ചയായ ഒൻപതു ടെസ്റ്റ് പരമ്പര വിജയങ്ങൾ

1 ശ്രീലങ്കയ്ക്കെതിരെ (2–1) 2015 ഓഗസ്റ്റിൽ

Virat Kohli ശ്രീലങ്കയ്ക്കെതിരെ ഇരട്ട സെഞ്ചുറി നേടിയ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‍ലി

2 ദക്ഷിണാഫ്രിക്കയ്ക്കെതിരെ (3–0) 2015– നവംബർ–ഡിസംബർ

3 വെസ്റ്റ് ഇൻഡീസിനെതിരെ (2–0) 2016 ജൂലൈ– ഓഗസ്റ്റ്

4 ന്യൂസീലൻഡിനെതിരെ (3–0) 2016 സെപ്റ്റംബർ– ഒക്ടോബർ

5 ഇംഗ്ലണ്ടിനെതിരെ (4–0) 2016 നവംബർ– ഡിസംബർ

6 ബംഗ്ലദേശിനെതിരെ (1–0) 2017 ഫെബ്രുവരി

7 ഓസ്ട്രേലിയയ്ക്കെതിരെ (2–1) 2017 മാർച്ച്

8 ശ്രീലങ്കയ്ക്കെതിരെ (3–0) 2017 ജൂലൈ–ഓഗസ്റ്റ്

9 ശ്രീലങ്കയ്ക്കെതിരെ (1–0) 2017 നവംബർ– ഡിസംബർ

∙ രണ്ടു മൽസരങ്ങളിൽ കൂടുതലുള്ള ടെസ്റ്റ് പരമ്പരയിൽ അഞ്ചു വിക്കറ്റു ബോളിങ് പ്രകടനമില്ലാതാകുന്നത് ഇതു മൂന്നാംതവണ. 1964ലെ പാക്കിസ്ഥാൻ– ന്യൂസീലൻഡ‍് പരമ്പരയിലും 2016ലെ പാക്കിസ്ഥാൻ– ഓസ്ട്രേലിയ പരമ്പരയിലും ഒരു ബോളറും അഞ്ചു വിക്കറ്റ് തികച്ചിരുന്നില്ല.

610 റൺസോടെ കോഹ്‌ലി

സുരംഗ ലക്മലിന്റെ പന്തിൽ പൂജ്യത്തിനു പുറത്തായാണ് ഇന്ത്യൻ ക്യാപ്റ്റൻ‌ വിരാട് കോഹ്‍ലി ശ്രീലങ്കയ്ക്കെതിരായ പരമ്പര തുടങ്ങിയത്. പരമ്പരയിൽ കോഹ്‌ലിയുടെ ബാറ്റ് പരാജയപ്പെട്ട ഏക നിമിഷവും അതായിരുന്നു. രണ്ട് ഇരട്ടസെഞ്ചുറികളടക്കം 610 റൺസ് വാരിക്കൂട്ടിയ കോഹ്‍ലിയുടെ കരിയറിലെ മികച്ച പ്രകടനങ്ങളിലൊന്നാണ് ഈ പരമ്പരയിൽ കണ്ടത്.

ഇന്ത്യൻ നായകൻ ഇത്തവണ പിന്നിട്ട ചില റെക്കോർഡുകൾ

∙ തുടർച്ചയായ രണ്ടു കലണ്ടർ വർഷവും 1000 റൺസ് തികയ്ക്കുന്ന ആദ്യ ഇന്ത്യൻ ക്യാപ്റ്റനായി കോഹ്‍ലി

∙ തുടർച്ചയായി രണ്ട് ഇരട്ടസെഞ്ചുറികൾ നേടിയ ആദ്യ ഇന്ത്യൻ താരമെന്ന റെക്കോർഡും കോഹ്‍ലി സ്വന്തമാക്കി. കരിയറിലെ ആറാം ഇരട്ട സെഞ്ചുറി തികച്ച കോഹ്‍ലി കൂടുതൽ ഇരട്ട സെഞ്ചുറി നേടുന്ന ടെസ്റ്റ് ക്യാപ്റ്റനായി.

∙ 'ഡൽഹിയിലെ പുകമഞ്ഞ് ഏറെ ബുദ്ധിമുട്ടുണ്ടാക്കി. പ്രത്യേകിച്ച് ആദ്യ രണ്ടുദിവസങ്ങളിൽ. ഇത്തരം ഒരു സാഹചര്യത്തിൽ ഞങ്ങൾ മുൻപ് കളിച്ചിട്ടില്ല. അന്തരീക്ഷം വകവയ്ക്കാതെ കളിയിൽ ശ്രദ്ധയൂന്നിയതുകൊണ്ടു മാത്രമാണ് ഞങ്ങൾക്കു പിടിച്ചുനിൽക്കാനായത്.' - ദിനേശ് ചണ്ഡിമൽ (ശ്രീലങ്കൻ‌ ക്യാപ്റ്റൻ)

∙ 'അശ്വിനെയോ ജഡേജയെയോ ഈയൊരു ടെസ്റ്റുകൊണ്ട് വിലയിരുത്തരുത്. ഇപ്പോഴും ഇന്ത്യയിലെ ഏറ്റവും മികച്ച സ്പിൻ ബോളർമാരാണവർ. ഇന്നലെ ഇരുവരും നന്നായി പന്തെറിഞ്ഞു. പക്ഷേ ഫിറോസ് ഷാ കോട്‍ലയിലെ ഫ്ലാറ്റ് പിച്ചിൽനിന്ന് പിന്തുണയൊന്നും കിട്ടിയില്ല' - ചേതേശ്വർ പൂജാര (ഇന്ത്യൻ താരം)

സ്കോർ ബോർഡ്

ഇന്ത്യ ഒന്നാം ഇന്നിങ്സ്‍: ഏഴിന് 536 ഡിക്ലയേർ‌ഡ്

ശ്രീലങ്ക ഒന്നാം ഇന്നിങ്സ് 373

ഇന്ത്യ രണ്ടാം ഇന്നിങ്സ് അ​​ഞ്ചിന് 246 ഡിക്ലയേർഡ്

ശ്രീലങ്ക രണ്ടാം ഇന്നിങ്സ്

ദിമുത് കരുണരത്ന സി സാഹ ബി ജഡ‍േജ 13, സദീര സമരവിക്രമ സി രഹാനെ ബി ഷമി 5, ധനഞ്ജയ ഡിസിൽവ റിട്ടയേർഡ് ഹർട്ട് 119, സുരംഗ ലക്‌മൽ‌ ബി ജഡേജ 0, എയ്ഞ്ചലോ മാത്യൂസ് സി രഹാനെ ബി ജഡേജ 1, ദിനേശ് ചണ്ഡിമൽ ബി അശ്വിൻ 36, റോഷൻ സിൽവ നോട്ടൗട്ട് 74, നിരോഷൻ ഡിക്‌വെല്ല നോട്ടൗട്ട് 44. എക്സ്ട്രാസ് 7, ആകെ 103 ഓവറിൽ അഞ്ചിന് 299

വിക്കറ്റുവീഴ്ച: 1-14, 2-31, 3-31, 4-35, 5-147 ബോളിങ്: ഇഷാന്ത് 13-2-32-0, ഷമി 15-6-50-1, അശ്വിൻ 35-3-126-1, ജഡേജ 38-13-81-3, വിജയ് 1-0-3-0, കോഹ്‍ലി 1-0-1-0

related stories