റാങ്കിങ്ങിൽ പോണ്ടിങ്ങിനൊപ്പമെത്താൻ ഇന്ത്യൻ നായകൻ

റെക്കോർഡുകൾ തകർക്കുന്നത് ശീലമാക്കിയ ഇന്ത്യൻ നായകൻ വിരാട് കോഹ്‍ലി മറ്റൊരു റെക്കോർഡുകൂടി സ്വന്തമാക്കാനൊരുങ്ങുന്നു. അതും ഓസ്ട്രേലിയയുടെ മികച്ച ക്യാപ്റ്റന്മാരിലൊരാളായ റിക്കി പോണ്ടിങ്ങിനൊപ്പമെത്താനാണ് കോഹ്‍ലിയുടെ പടയൊരുക്കം. പുതുതായി പ്രഖ്യാപിച്ച ഐസിസി ടെസ്റ്റ് ബാറ്റിങ് റാങ്കിങ്ങിൽ  രണ്ടാം സ്ഥാനത്തേക്കുയർന്നതോടെ 45 പോയിന്റ് അകലെ ഇന്ത്യൻ നായകൻ മറ്റൊരു റെക്കോര്‍ഡില്‍ കൂടി കണ്ണുവെക്കുന്നു. ടെസ്റ്റ്, ഏകദിന, ട്വന്റി ബാറ്റിങ് റാങ്കുകളിൽ ഒരേ സമയം ഒന്നാം സ്ഥാനത്ത് നിൽക്കുകയെന്ന റിക്കി പോണ്ടിങ്ങിന്റെ നേട്ടമാണ് കോഹ്‍ലിയുടെ കയ്യെത്തും ദൂരത്തുള്ളത്.

ടെസ്റ്റ് റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തുള്ള നിലവിലെ ഓസീസ് ക്യാപ്റ്റൻ സ്റ്റീവ് സ്മിത്തിനെ അതിന് കോഹ്‍ലിക്ക് മറികടക്കണമെന്നത് തികച്ചും യാദൃശ്ചികത മാത്രം. സ്മിത്തിനെ മറികടന്ന് ടെസ്റ്റ് റാങ്കിങിൽ ഒന്നാമതെത്താൻ സാധിച്ചാൽ കോഹ്‍ലി ആ നേട്ടം സ്വന്തമാക്കുന്ന രണ്ടാമത്തെ താരമാകും.

എന്നാൽ ഇന്ത്യൻ നായകന് അത്ര എളുപ്പമല്ല കാര്യങ്ങൾ‌. കാരണം ആഷസിലെ രണ്ടാം മത്സരത്തിൽ മികച്ച ഇന്നിങ്സ് കളിക്കാതിരുന്നിട്ടു കൂടി സ്റ്റീവ് സ്മിത്തിന് നിലവിൽ കോഹ്‍ലിയെക്കാൾ 45 പോയിന്റാണ് അധികമുള്ളത്. 

ഐസിസി റാങ്കിങില്‍ നിലവിൽ രണ്ടാമൻ 

തകർപ്പൻ ഫോമിൽ തുടരുന്ന ഇന്ത്യന്‍ നായകൻ വിരാട് കോഹ്‍ലിക്ക് ഐസിസി ടെസ്റ്റ് ബാറ്റിങ് റാങ്കിങ്ങിൽ മുന്നേറ്റം. തുടർച്ചയായുള്ള സെഞ്ചുറികളുടെയും ശ്രീലങ്കയ്ക്കെതിരെ നേടിയ ഇരട്ട സെഞ്ചുറി പ്രകടനത്തിന്റെയും പിൻബലത്തില്‍ ടെസ്റ്റ് റാങ്കിങ്ങിൽ കോഹ്‍ലി രണ്ടാം സ്ഥാനത്തേക്കുയർന്നു. മൂന്ന് സ്ഥാനങ്ങൾ മെച്ചപ്പെടുത്തിയാണ് രണ്ടാം സ്ഥാനത്തെത്തിയത്.

ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് മുമ്പ് ഓസീസ് താരം ഡേവിഡ് വാർണർ, ചേതേശ്വര്‍ പൂജാര, കെയിൻ വില്യംസൺ, ജോറൂട്ട് എന്നിവർക്ക് പിറകിലായി ആറാം സ്ഥാനത്തായിരുന്നു കോഹ്‍ലി. ഒന്നാം സ്ഥാനത്തുള്ള ഓസ്ട്രേലിയൻ നായകൻ സ്റ്റീവ് സ്മിത്തിന് കോഹ്‍ലിയെക്കാൾ 45 പോയിന്റ് അധികമുണ്ട്. നിലവില്‍ ഏകദിന, ട്വന്റി 20 ബാറ്റിങ് റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തുള്ള കോഹ്‍ലി ടെസ്റ്റിലും ഒന്നാം റാങ്കിൽ എത്തുമോയെന്നാണ് ആരാധകർ‌ ഉറ്റുനോക്കുന്നത്.

സ്റ്റീവ് സ്മിത്തിന് 938 പോയിന്റും വിരാട് കോഹ്‍ലിക്ക് 893 പോയിന്റുമാണ് നിലവിലുള്ളത്. ഇംഗ്ലീഷ് താരം ജോറൂട്ടാണ് പട്ടികയിൽ മൂന്നാം സ്ഥാനത്ത്. വിരാട് കോഹ്‍ലിക്കു പുറമേ ചേതേശ്വർ പൂജാരയാണ് ആദ്യ പത്തിലുള്ള മറ്റൊരു ഇന്ത്യൻ താരം. അവസാന മത്സരത്തിൽ ഇന്ത്യയ്ക്കെതിരെ സെഞ്ചുറി നേടിയ ശ്രീലങ്കൻ ക്യാപ്റ്റൻ ദിനേഷ് ചണ്ഡിമലിനും റാങ്കിങ്ങിൽ  മുന്നേറ്റമുണ്ട്. എട്ട് സ്ഥാനങ്ങൾ ഉയർന്ന് ഒൻപതാമതാണ് ചണ്ഡിമൽ പട്ടികയിലുള്ളത്.

ടെസ്റ്റ് റാങ്കിങിലെ ആദ്യ പത്തു ബാറ്റ്സ്മാൻമാർ (പോയിന്റുകൾ)

1. സ്റ്റീവ് സ്മിത്ത് (ഓസ്ട്രേലിയ)– 938 

2. വിരാട് കോഹ്‍ലി (ഇന്ത്യ)– 893

3. ജോ റൂട്ട് (ഇംഗ്ലണ്ട്)– 879

4. ചേതേശ്വർ പൂജാര (ഇന്ത്യ)–873

5. കെയിൻ വില്യംസൺ‌ (ന്യൂസീലൻഡ്)–865

6. ഡേവിഡ് വാർണർ (ഓസ്ട്രേലിയ)– 815

7. ഹാഷിം അംല (സൗത്ത് ആഫ്രിക്ക)– 795

8. അസർ അലി (പാകിസ്ഥാൻ)– 755

9. ദിനേഷ് ചണ്ഡിമൽ (ശ്രീലങ്ക)– 743

10. ഡീൻ എൽഗർ (സൗത്ത് ആഫ്രിക്ക)– 732