രണ്ടു വർഷത്തെ ഇടവേളയ്ക്കുശേഷം അവർ വീണ്ടും വരുന്നു, പുതിയ കളികൾ കളിക്കാനും....

രണ്ടു വർഷത്തെ ഇടവേളയ്ക്കുശേഷം അവൻ വീണ്ടും വരുന്നു. ചില കളികൾ കളിക്കാനും ചിലത് കളിച്ചു പഠിപ്പിക്കാനും. ചെന്നൈ കിങ് എം.എസ്. ധോണി തിരികെ വരുന്നതിനെക്കുറിച്ചാണ് പറഞ്ഞുവന്നത്. ചെന്നൈ സൂപ്പർ കിങ്സിന്റെ മഞ്ഞ ജഴ്സിയിൽ തീപടർത്താൻ ധോണി എത്തുമെന്നാണ് ഐപിഎൽ കേന്ദ്രങ്ങളിൽ നിന്ന് ഒടുവിൽ ലഭിക്കുന്ന വിവരം. ഒത്തുകളി വിവാദത്തിന്റെ പേരിൽ രണ്ടു വർഷത്തേക്കു മാറ്റിനിർത്തപ്പെട്ട ചെന്നൈ സൂപ്പർ കിങ്സ്, രാജസ്ഥാൻ റോയൽസ് ടീമുകൾ തിരികെയെത്തുമ്പോഴുണ്ടായിരുന്ന പ്രധാന ആശങ്ക ഏതൊക്കെ താരങ്ങൾ ഏതൊക്കെ ടീമിൽ അണിനിരക്കുമെന്നതിനെക്കുറിച്ചായിരുന്നു.

ഈ ആശങ്കയ്ക്കാണ് തെല്ലൊരു ശമനമുണ്ടായിരിക്കുന്നത്. ടീമുകൾ അടിമുടി പൊളിച്ചുപണിയണമെന്ന ആവശ്യം ഐപിഎൽ ഗവേണിങ് കൗൺസിലിനു മുൻപിൽ ചില ടീം ഫ്രാഞ്ചൈ‌സികൾ ഉയർത്തിയിരുന്നു. എന്നാൽ പ്രധാന ടീമുകളിൽ പലതും ഈ നീക്കത്തിനു താൽപര്യം കാണിച്ചില്ല. 

അടുത്ത സീസണിനു മുന്നോടിയായുള്ള ലേലത്തിൽ നിലവിലുള്ള താരങ്ങളിൽ മൂന്നുപേരെ ടീമുകൾക്കു നിലനിർത്താം; ഇവരുൾപ്പെടെ മുൻ ടീമിൽനിന്നു ചുരുങ്ങിയത് അഞ്ചുപേരെ അടുത്ത സീസണിൽ കളത്തിലിറക്കാൻ കഴിയുംവിധമാണ് ലേല നിയമങ്ങൾക്കു രൂപം നൽകിയിരിക്കുന്നത്. ചെന്നൈ, രാജസ്ഥാൻ ടീമുകൾക്കു പകരം കൊണ്ടുവന്ന പുണെ, ഗുജറാത്ത് ടീമുകൾ അടുത്ത സീസൺ മുതൽ ഐപിഎല്ലിൽ കളിക്കില്ല. 

2015 സീസണിൽ ഒപ്പമുണ്ടായിരുന്നവരും കഴിഞ്ഞ രണ്ടു സീസണുകളിൽ റൈസിങ് പുണെ സൂപ്പർ ജയന്റ്സ്, ഗുജറാത്ത് ലയൺസ് ടീമുകളിൽ കളിച്ചവരുമായ തങ്ങളുടെ താരങ്ങളെ ടീമിലുൾപ്പെടുത്താൻ ചെന്നൈയ്ക്കും രാജസ്ഥാനും അവസരം ലഭിക്കും. ഇതോടെ, എം.എസ്. ധോണി, ആർ. അശ്വിൻ, രവീന്ദ്ര ജഡേജ എന്നിവർ ചെന്നൈ ടീമിൽ തിരിച്ചെത്താൻ വഴിയൊരുങ്ങി. എന്നാൽ രാജസ്ഥാൻ റോയൽസിന് ഈ തീരുമാനം അത്ര ഗുണകരമാകാൻ സാധ്യതയില്ല. 

നഷ്ടം റോയൽസിനു മാത്രം

ഫുൾ ഔട്ട് ഓക്‌ഷൻ നടത്തണമെന്ന് ആദ്യം മുതലേ ആവശ്യപ്പെടുന്ന ടീമുകളിലൊന്നാണ് രാജസ്ഥാൻ റോയൽസ്. പരമാവധി അഞ്ചു കളിക്കാരെ നിലനിർത്താമെന്നുള്ള മാനദണ്ഡം വന്നെങ്കിലും രാജസ്ഥാന് കാര്യങ്ങൾ അത്ര ശുഭകരമല്ല. അവസാനത്തെ രണ്ടു സീസണുകളിൽ റൈസിങ് പുണെ സൂപ്പർ ജയന്റ്സ്, ഗുജറാത്ത് ലയൺസ് ടീമുകളിൽ കളിച്ച തങ്ങളുടെ താരങ്ങളെ ടീമിലുൾപ്പെടുത്താൻ മാത്രമേ രാജസ്ഥാന് അവസരം ലഭിക്കൂ. 

മറ്റു ടീമുകളിൽ ഇടംനേടിയ ഷെയ്ൻ വാട്സൺ, ക്രിസ് മോറിസ്, സഞ്ജു സാംസൺ, ബെൻ കട്ടിങ് തുടങ്ങിയ താരങ്ങളിൽ രാജസ്ഥാന് ഒരു അവകാശവുമില്ല. അജിങ്ക്യ രഹാനെ, സ്റ്റീവ് സ്മിത്ത്, ജയിംസ് ഫോക്നർ തുടങ്ങിയ താരങ്ങൾ മാത്രമേ രാജസ്ഥാൻ കൂടാരത്തിലെത്തൂവെന്ന് സാരം. ചെന്നൈ സൂപ്പർ കിങ്സ് ഇങ്ങനെയൊരു പ്രതിസന്ധി നേരിടുന്നില്ല. അവരുടെ പ്രമുഖ താരങ്ങളിൽ ഭൂരിഭാഗവും കളിച്ചത് പുണെ, ഗുജറാത്ത് ടീമുകളിലായിരുന്നു. 

പണം ഒഴുകും വഴി

ഐപിഎൽ ലേലത്തിൽ ഇത്തവണ ടീമുകൾക്ക് വിനിയോഗിക്കാവുന്ന തുക 80 കോടിയിൽ നിന്ന് 85 കോടി രൂപയായി ഉയർത്തിയിട്ടുണ്ട്. ഇതിൽ 75 ശതമാനം ചെലവഴിച്ചിരിക്കണമെന്നും നിബന്ധനയുണ്ട്. ഒരു ടീം മൂന്നു പ്രധാന താരങ്ങളെ നിലനിർത്താൻ തീരുമാനിച്ചാൽ 33 കോടി രൂപ ടീമിന്റെ ലേലത്തുകയിൽ നിന്നു കുറവു ചെയ്യും. രണ്ടു താരങ്ങളായാൽ 21 കോടിയും ഒരു താരത്തെ മാത്രം നിലനിർത്താൻ തീരുമാനിച്ചാൽ 12.5 കോടി രൂപയും കുറവു ചെയ്യും. 25 അംഗ ടീമിനെയാണ് ഓരോ ഐപിഎൽ ഫ്രാഞ്ചൈസിക്കും തിരഞ്ഞെടുക്കാവുന്നത്. കുറഞ്ഞത് 18 പേരെങ്കിലും ടീമിൽ നിർബന്ധമായും ഉണ്ടായിരിക്കണം. പരമാവധി എട്ടു വിദേശതാരങ്ങളെ ടീമിൽ ഉൾപ്പെടുത്താം.