താരലേലത്തിൽ ‘സൺ’റൈസേഴ്സ്, കണക്ക് പിഴച്ച് ചെന്നൈ; കൊൽക്കത്തയോ?

കളിമികവിനു മീതെ കോടികൾ പെയ്തിറങ്ങിയ ഐപിഎൽ ലേലം കഴിഞ്ഞു; ഇനി കണക്കുകൂട്ടൽ കളിയെക്കുറിച്ച്...

73 കോടി ചെലവിട്ട് ലേലക്കളത്തിലിറങ്ങിയ ചെന്നൈ സൂപ്പർകിങ്സ് സ്വന്തമാക്കിയത് 25 താരങ്ങളെ. എൺപതുകോടി ചെലവിട്ട് പണക്കളിയിൽ മുന്നിട്ടുനിന്നെങ്കിലും കൊൽക്കത്ത നൈറ്റ്റൈഡേഴ്സിന് വാങ്ങിക്കൂട്ടാനായത് 19 പേരെയും. കളിമികവിനു മീതെ കോടികൾ പെയ്തിറങ്ങിയ ഐപിഎൽ ലേലത്തിനൊടുവിൽ ടീമുകളുടെ അവസ്ഥ എങ്ങനെ? കഴിഞ്ഞ സീസണിലെ പതിനൊന്നു പേരെ ടീമിലെത്തിച്ച് ഹൈദരാബാദ് തിളങ്ങിയപ്പോൾ കൊൽക്കത്തയുടെ കണക്കുകൂട്ടലുകൾ പലതവണ പിഴച്ചു. 

ചെന്നൈയുടെ പഴ്സിൽ കാശ് ബാക്കി

വിലക്കിനുശേഷം ഐപിഎല്ലിലേക്ക് തിരിച്ചെത്തുന്ന ചെന്നൈ, രവീന്ദ്ര ജഡേജ, ഷെയ്ൻ വാട്സൻ, ഡ്വെയ്ൻ ബ്രാവോ എന്നീ ലോകോത്തര ഓൾറൗണ്ടർമാരെ തിരഞ്ഞുപിടിച്ച് ടീമിലെത്തിച്ചു. ഒപ്പം ഇന്ത്യക്കാരായ കാൻ ഷർമയും കേദാർ ജാദവും. രവിചന്ദ്ര അശ്വിനെ തിരിച്ചെത്തിക്കാനായില്ലെങ്കിലും ഇമ്രാൻ താഹിർ, ഹർഭജൻ സിങ്, മിച്ചൽ സാന്റ്നർ എന്നിവരെ വാങ്ങി സ്പിൻ നിരയിലും കരുത്ത് കൂട്ടി. പക്ഷേ ടോപ് ഓർഡർ ബാറ്റിങ്ങിൽ ബ്രണ്ടൻ മക്കല്ലത്തെപ്പോലെ ഒരു വെടിക്കെട്ടുകാരനില്ല. ദക്ഷിണാഫ്രിക്കൻ യുവപേസർ ലുയിഗി എൻഗിഡിയ്ക്കൊപ്പം മാർക്കു വുഡ്ഡിനെയും ടീമിലെത്തിച്ചെങ്കിലും ഇരുവരും ഇതുവരെ ഏഷ്യ വൻകരയിൽ ഒരു മൽസരം പോലും കളിച്ചവരല്ല. 25 താരങ്ങളെയും ടീമിലെത്തിച്ചശേഷവും ചെന്നൈയുടെ പഴ്സിൽ ആറര കോടി ബാക്കികിടന്നത് ലേലത്തിൽ അവരുടെ കണക്കുകൂട്ടലുകൾ തെറ്റിയതിനു തെളിവായി. 

പേസ് കരുത്തിൽ മുംബൈ ഇന്ത്യൻസ്

ലസിത് മലിംഗയെ ലേലത്തിൽ പിടിക്കാതെ ആരാധകരെ ഞെട്ടിച്ച മുംബൈ ഇന്ത്യൻസ് പകരം ടീമിലെത്തിച്ചത് ലോകത്തിലെ ഏറ്റവും മികച്ച പേസർമാരെ. ബംഗ്ലദേശിന്റെ മുസ്തഫിസുർ റഹ്മാനും ഓസീസിന്റെ പാറ്റ് കമ്മിൻസും ഇത്തവണ ജസ്പ്രിത് ബുമ്രയ്ക്കൊപ്പം പന്തെറിയും. ഓപ്പണിങ്ങാണ് മുംബൈ ഇന്ത്യൻസിന് എക്കാലവും തലവേദന. കഴിഞ്ഞ അഞ്ചു സീസണിനുള്ളിൽ 17 പേരെയാണ് ഈ സ്ഥാനത്ത് മുംബൈ പരീക്ഷിച്ചത്. വെസ്റ്റ് ഇൻഡീസിന്റെ എവിൻ ലെവിസിനെ വാങ്ങിയെങ്കിലും ടോപ് ഓർഡറിൽ മറ്റൊരു മികച്ച ബാറ്റ്സ്മാനില്ലെന്നത് രോഹിത് ശർമയുടെ ഉത്തരവാദിത്തം കൂട്ടും. ശ്രീലങ്കയുടെ അഖില ധനഞ്ജയയാണ് സ്പിൻ ബോളിങ്ങിലെ ഏക പരിചയ സമ്പന്നൻ. ഓൾറൗണ്ടർമാരായ കൃണാൽ പാണ്ഡ്യയെയും കീറോൺ പൊള്ളാർഡിനെയും വീണ്ടും ടീമിലെത്തിച്ചു. 

ലേലത്തിൽ തിളങ്ങി സൺറൈസേഴ്സ്

ഗൃഹപാഠം നടത്തി ലേലത്തിനിറങ്ങിയ സൺറൈസേഴ്സ് ഹൈദാബാദാണ് ഇത്തവണ ലേലത്തിൽ തിളങ്ങിയ ടീമുകളിലൊന്ന്. കഴിഞ്ഞ സീസണിൽ കളിച്ച 11 പേരെയും ടീമിൽ തിരിച്ചെത്തിക്കാനായെന്നതാണ് പ്രധാന നേട്ടം. ഭുവനേശ്വർ കുമാർ, ഡേവിഡ് വാർണർ, റാഷിദ് ഖാൻ എന്നിവർ ഇത്തവണയും ഹൈദരാബാദിന്റെ വജ്രായുധങ്ങളാകും. മധ്യനിര ബാറ്റിങ്ങിന്റെ കരുത്തുകൂട്ടാൻ യൂസഫ് പഠാൻ, ഷക്കീബ് അൽ–ഹസൻ, കാർലോസ് ബ്രാത്ത്‍വെയ്റ്റ് എന്നിവരെ ഇത്തവണ വാങ്ങി. പേസ് ബോളിങ്ങിൽ മാത്രമായി ആറു ഇന്ത്യൻ ഓപ്ഷനുകൾ ഹൈദരാബാദിനുണ്ട്. മലയാളി താരം ബേസിൽ തമ്പി അന്തിമ ഇലവനിൽ ഇടംപിടിച്ചേക്കും. ശിഖർ ധവാൻ, ഡേവിഡ് വാർണർ, കെയ്ൻ വില്യംസൺ എന്നിവരടങ്ങിയ ബാറ്റിങ് നിരയിലേക്കാണ് കോടിക്കിലുക്കത്തോടെ മനീഷ് പാണ്ഡയുടെ വരവ്. 

ആശങ്കയൊഴിയാതെ കൊൽക്കത്ത

പഴ്സ് കാലിയാക്കി ലേലംവിളിച്ച കൊൽക്കത്തയ്ക്ക് പക്ഷേ ലേലത്തിനൊടുവിൽ ആരാധകരുടെ ആശങ്കകൾക്ക് വിരാമമിടാനായില്ല. വൻ വില കൊടുത്ത് വിദേശ താരങ്ങളെ എത്തിച്ചെങ്കിലും ക്യാപ്റ്റൻസി ഏൽപിക്കാൻ ഒരാൾ കൊൽക്കത്ത നിരയിലില്ല. പന്ത് കുത്തിത്തിരിയാത്ത ഈഡൻ ഗാർഡൻ‌സാണ് കൊൽക്കത്തയുടെ ഹോം ഗ്രൗണ്ട്. എന്നിട്ടും പിയൂഷ് ചൗള, കുൽദീപ് യാദവ് എന്നീ കൈക്കുഴ സ്പിന്നർമാ‍ർക്കായി കൊൽക്കത്ത പത്തുകോടി ചെലവിട്ടു. ഇന്ത്യയുടെ മൂന്ന് അണ്ടർ 19 താരങ്ങൾക്കായി ചെലവിട്ടത് എട്ടുകോടിയും. പേസ് ബോളിങ്ങിൽ ഓസീസിന്റെ മിച്ചൽ സ്റ്റാർക്കിനെ വാങ്ങാനായത് നേട്ടമാണ്. പക്ഷേ സ്റ്റാർക്കിനൊപ്പം പന്തെറിയാൻ പരിചയ സമ്പന്നനായ ഒരു ഇന്ത്യൻ പേസറില്ല. വിനയ് കുമാറാണ് ഏക ഓപ്ഷൻ. ബാറ്റിങ്ങിൽ ക്രിസ് ലിൻ പ്രതീക്ഷയാണ്.